|    Mar 20 Tue, 2018 3:46 am
FLASH NEWS

ആകാശ ലോകത്തെ അമ്പരപ്പിച്ച അതിഥി സല്‍ക്കാരം

Published : 27th June 2016 | Posted By: Imthihan Abdulla

ramadan
————————————
അറബികളുടെ ആഥിത്യ മര്യാദ പണ്ടേ പേരു കേട്ടതാണ്.മക്കയിലെത്തുന്ന തീര്‍ത്ഥാടകരെ സ്വീകരിക്കാനും അവര്‍ക്ക് അന്നദാനം നടത്താനും ഖുറൈശീ ഗോത്രങ്ങള്‍ നടത്തിയിരുന്ന കിടമല്‍സരം പലപ്പോഴും യുദ്ധങ്ങളിലേക്കു പോലും നയിച്ചിരുന്നു.അതിഥി സല്‍ക്കാരത്തിനും അന്നദാനത്തിനും പേരു കേട്ട ഹാതിമുത്ത്വാഇയെപ്പോലുളളവര്‍ ഇസ്‌ലാമിനു മുമ്പേ ഉദാരതയുടെ ഉടല്‍ രൂപങ്ങളായി അറബികള്‍ക്കിടയില്‍ ഉണ്ടായിരുന്നു.
ഇൗ സല്‍ക്കാരങ്ങളൊന്നുംതന്നെ സ്വന്തത്തെയോ സ്വന്തം പിഞ്ചുപൈതങ്ങളുടെ വിശപ്പിനേയോ അവഗണിച്ചു കൊണ്ടുളളതായിരുന്നില്ല.എന്നാല്‍ സ്വയം പട്ടിണി കിടന്നും കുഞ്ഞുങ്ങളെ പട്ടിണിക്കിട്ടും വീട്ടിലെത്തിയ അതിഥിക്ക് ഭക്ഷണം നല്‍കിയവരാണ് ആദ്യ കാല വിശ്വാസികള്‍.അതാകട്ടെ പേരിനോ പ്രശസ്തിക്കോ വേണ്ടിയായിരുന്നില്ല താനും. അല്ലാഹു അല്ലാതെ മറ്റാരും അവരുടെ ഈ പ്രവൃത്തി കാണുന്നുണ്ടായിരുന്നില്ല. എന്നാല്‍ തന്റെ പ്രീതി മാത്രം ഉദ്ദേശിച്ചു വിശ്വാസികളില്‍ ചിലര്‍ ചെയ്ത ത്യഗം അല്ലാഹുവിനെ സംതൃപ്തനാക്കി. ഉദാത്തമായ ഈ ആദിത്യ മര്യാദ വിശ്വാസികളെ അല്ലാഹുവിന്റെ നേരിട്ടുളള പ്രശംസക്കു പോലും അര്‍ഹരാക്കി.
അത്തരത്തിലൊരു അതിഥി സല്‍ക്കാരം നടത്തി ചരിത്രത്തിലിടം പിടിച്ചവരാണ് അബൂത്വല്‍ഹ-ഉമ്മുസുലൈം ദമ്പതിമാര്‍. അബൂത്വല്‍ഹ-ഉമ്മു സുലൈം ദമ്പതിമാരുടെ വിവാഹം തന്നെ വിശ്വാസികള്‍ക്ക് രോമാഞ്ചമുണ്ടാക്കുന്നതാണ്. മദീനയിലെ ബനൂ നജ്ജാര്‍ (പ്രവാചകന്റെ മാതാവും ഇതേ ഗോത്രാംഗമാണ്) ഗോത്രക്കാരിയായ ഗുമൈസാഅ് ബിന്‍ത് മിന്‍ഹാല്‍ അറിയപ്പെട്ടത് ഉമ്മുസുലൈം എന്ന പേരിലായിരുന്നു. പിതൃവ്യ പുത്രനായ മാലികുബ്‌നു നദ്‌റാണ് അവരെ ആദ്യം വിവാഹം ചെയ്തിരുന്നത്. പ്രവാചകന്‍ മദീനയിലെത്തിയതും ആളുകള്‍ ഒറ്റക്കും കൂട്ടായും പ്രവാചക സന്നിധിയിലെത്തി ഇസലാം സ്വീകരിക്കുന്നതും അറിഞ്ഞ ഉമ്മുസുലൈം ഭര്‍ത്താവിനെ ഇസ്്‌ലാം സ്വീകരിക്കാന്‍ പ്രേരപ്പിച്ചു. എന്നാല്‍ ഭര്‍ത്താവ് ഇസ്‌ലാം സ്വീകരിക്കാന്‍ തയ്യാറായില്ലെന്നു മാത്രമല്ല ഉമ്മുസുലൈമിന്റെ മത പരിവര്‍ത്തനത്തില്‍ രോഷാകുലനായി നാടു വിട്ടു പോവുകയും ചെയ്തു. നാടുവിട്ടു പോയ മാലിക് വഴി മധ്യേ ഉണ്ടായ ഒരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
വിധവയായ ഉമ്മുസുലൈം മകനെ പരിപാലിച്ചും ഇസലാമിക അധ്യാപനങ്ങള്‍ പഠിക്കാന്‍ ശ്രമിച്ചും ജീവിതം മുന്നോട്ടു കൊണ്ടു പോവുകയായിരുന്നു. പ്രവാചകനും അവിടുത്തെ അധ്യാപനങ്ങളും മാത്രമായിത്തീര്‍ന്നു അവരുടെ ചിന്താവിഷയം.ഏക മകനെ പത്തു വയസായപ്പോയേക്കും അവര്‍ പ്രവാചകന്റെ പരിചാരകനായി സമര്‍പ്പിച്ചു. പ്രവാചക സന്നിധിയില്‍ വെച്ച് മകന്റെ ശിക്ഷണം സാധ്യമാകുന്നതിനു വേണ്ടിയായിരുന്നു അത്.(പ്രവാചകന്റെ ശിക്ഷണം ലഭിക്കാന്‍ ഭാഗ്യം ലഭിച്ച ആ ബാലനാണ് പില്‍ക്കാലത്ത് പ്രശസ്ത ഹദീസ് പണ്ഡിതനായിത്തീര്‍ന്ന അനസ്ബ്‌നു മാലിക്).
അങ്ങനെയിരിക്കെയാണ് മദീനയിലെ ധനികരിലൊരൊളായ അബൂത്വല്‍ഹ ഉമ്മുസുലൈമിനെ വിവാഹാലോചനയുമായി സമീപിക്കുന്നത്. അബൂത്വല്‍ഹ അന്നു ഇസലാം സ്വീകരിച്ചിരുന്നില്ല. ഉന്നതമായ തന്റെ സാമ്പത്തിക സ്ഥിതി വിവരിച്ചു കൊണ്ട് അബൂത്വല്‍ഹ നടത്തിയ ഭാഷണം ഉമ്മുസുലൈമിനെ ഒട്ടും ആകര്‍ഷിച്ചില്ല. മറിച്ച് അബൂത്വല്‍ഹയുടെ വിശ്വാസത്തെക്കുറിച്ചായിരുന്നു അവര്‍ക്ക് ചോദിക്കാനുണ്ടായിരുന്നത്.ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത; ആശാരി ചെത്തിയുണ്ടാക്കിയ തീയിലിട്ടാല്‍ കത്തിക്കരിഞ്ഞു പോകുന്ന മരക്കഷണം കൊണ്ടുണ്ടാക്കിയ വിഗ്രഹത്തെയല്ലേ താങ്കള്‍ ആരാധിക്കുന്നത് എന്ന ഉമ്മുസുലൈമിന്റെ ചോദ്യം അബൂത്വല്‍ഹയെ ഉത്തരം മുട്ടിച്ചു.ഇസലാം സ്വീകരിക്കുകയാണെങ്കില്‍ മഹ്‌റായി അബൂത്വല്‍ഹ വാഗ്ദാനം ചെയ്ത ഭീമമായ തുക വേണ്ടെന്നും അവര്‍ അബൂത്വല്‍ഹയെ അറിയിച്ചു. ഉമ്മുസുലൈമിന്റെ ബുദ്ധി പൂര്‍വമായ ചോദ്യങ്ങള്‍ അബൂത്വല്‍ഹയുടെ കണ്ണു തുറപ്പിച്ചു. അബൂത്വല്‍ഹയുടെ ഇസ്‌ലാം സ്വീകരണമല്ലാതെ മറ്റൊന്നും മഹ്‌റായി ഉമ്മുസല്‍മ സ്വീകരിച്ചില്ല. ഉമ്മുസുലൈമിനെ അല്ലാഹു അനുഗ്രഹിക്കട്ടെ, ഏറ്റവും ഉത്തമവും ലളിതവുമായ മഹറാണ് അവര്‍ ആവശ്യപ്പെട്ടത് എന്നായിരുന്നു സംഭവമറിഞ്ഞ പ്രവാചകന്റെ പ്രതികരണം.
സത്യവിശ്വാസം സ്വീകരിച്ച അബൂത്വല്‍ഹ വിശ്വാസത്തില്‍ പൂര്‍ണമായ ആത്മാര്‍ത്ഥ പുലര്‍ത്തി. ഇസലാമിക അധ്യാപനങ്ങള്‍ പൂര്‍ണമായും ജീവിതത്തില്‍ പകര്‍ത്തുന്നതിലായിരുന്നു ആ ദമ്പതികള്‍ തങ്ങളുടെ ശ്രദ്ധ മുഴുവന്‍ കേന്ദീകരിച്ചിരുന്നത്.’നിങ്ങള്‍ക്ക് പ്രിയങ്കരമായത് ദൈവമാര്‍ഗത്തില്‍ ചിലവഴിക്കുന്നത് വരെ പുണ്യം കരസ്ഥമാക്കാനാവില്ല’ എന്ന ഖുര്‍ആന്‍ വചനം അവതീര്‍ണമായപ്പോള്‍ അബൂത്വല്‍ഹ പ്രവാചകന്റെ പളളിയുടെ സമീപത്തു തനിക്കുണ്ടായിരുന്ന ഏറ്റവും പ്രിയപ്പെട്ട തോട്ടം ദാനം ചെയ്തു ഏവരേയും അമ്പരപ്പിച്ചു.പ്രവാചകന്റെ പളളിയില്‍ ചെല്ലാനും അവിടുത്തെ സാമീപ്യം ലഭിക്കാനും അദ്ദേഹം എപ്പോഴും ശ്രദ്ധിക്കാറുണ്ടായിരുന്നു.
ഒരിക്കല്‍ അബൂത്വല്‍ഹ പ്രവാചക സന്നിധിയില്‍ ചെന്നപ്പോള്‍ ഒരഗതിയായ മനുഷ്യന്‍ അവിടെയുണ്ട്. പട്ടിണി കിടന്നു വിശന്നവശനായിരുന്നു അദ്ദേഹം.ആ അഗതിക്ക് ഭക്ഷണം നല്‍കാനായി പ്രവാചകന്‍ തന്റെ രണ്ടു ഭാര്യമാരുടെ അടുത്തേക്ക് ആളെ അയച്ചെങ്കിലും രണ്ടു വീടുകളിലും പച്ചവെളളമല്ലാതെ ഒന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്നു അല്ലാഹുവിന്റെ അനുഗ്രഹം പ്രതീക്ഷിച്ചു കൊണ്ട് ഇദ്ദേഹത്തെ സ്വീകരിക്കാന്‍ ആരെങ്കിലും തയ്യാറുണ്ടോ?എന്നു പ്രവാചകന്‍ സദസ്സിനേടു ചോദിക്കേണ്ട താമസം മറ്റൊന്നുമാലോചിക്കാതെ അബൂത്വല്‍ഹ ആ അഗതിയെ ഏറ്റെടുത്തു വീട്ടിലേക്കു നടന്നു. വീട്ടിലെത്തി ഭാര്യയോടു കാര്യങ്ങള്‍ വിശദീകരിച്ചു. കുട്ടികള്‍ക്കു കൊടുക്കാനുളള ഒരല്പം ഭക്ഷണം മാത്രമാണ് അന്ന് ആ വീട്ടില്‍ ഉണ്ടായിരുന്നത്. കുട്ടികളെ എന്തെങ്കിലും പറഞ്ഞു ഭക്ഷണം നല്‍കാതെ ഉറക്കാന്‍ അബൂത്വല്‍ഹ ആവശ്യപ്പെട്ടു. ശേഷം അതിഥിയെ ഭക്ഷണത്തിനായി ക്ഷണിച്ചു. വീട്ടുകാരും അദ്ദേഹത്തിനൊപ്പമിരുന്നു ഭക്ഷണം കഴിക്കുന്നതു അഭിനയിച്ചു. ഭര്‍ത്താവു നേരത്തേ നല്‍കിയ നിര്‍ദ്ദേശ പ്രകാരം നന്നാക്കാനെന്ന വ്യാജ്യേന വിളക്കെടുത്ത ഉമ്മുസുലൈം വിളക്കൂതി. ചുറ്റുപാടും നടക്കുന്നതിന്റെ യാഥാര്‍ത്ഥ്യമൊന്നുമറിയാതെ അതിഥി മനസ്സമാധാനത്തോടെ ഭക്ഷണം കഴിച്ച് സംതൃപ്തനായി സ്ഥലം വിട്ടു.
പിറ്റേ ദിവസം പതിവു പോലെ പ്രഭാത നമസ്‌കാരത്തിനു പളളിയിലെത്തിയ അബൂത്വല്‍ഹ നമസ്‌കാര ശേഷം പ്രവാചകനു സലാം ചൊല്ലാനായി അവിടുത്തെ സന്നിധിയിലേക്കു ചെന്നു.അബൂത്വല്‍ഹയെ കണ്ട പ്രവാചകന്റെ മുഖം പ്രശോഭിതമായി.പ്രവാചകന്‍ പറഞ്ഞു’കഴിഞ്ഞ രാത്രിയില്‍ അതിഥിയോടനുവര്‍ത്തിച്ച നിങ്ങളുടെ സമീപനത്തില്‍ അല്ലാഹു സംതൃപ്തനായിരിക്കുന്നു. ശേഷം പ്രവാചകന്‍ ഇതു സംബന്ധമായി തനിക്കവതീര്‍ണമായ ഖുര്‍ആന്‍ സൂക്തം ഓതി കേള്‍പ്പിച്ചു.
‘തങ്ങള്‍ക്കു തന്നെ ആവശ്യമുളളപ്പോള്‍ പോലും അവര്‍ അന്യരുടെ ആവശ്യങ്ങള്‍ക്കു മുന്‍ഗണന നല്‍കുന്നു.സ്വമനസ്സിന്റെ സങ്കുചിതത്വത്തില്‍ നിന്ന് മുക്തരാക്കപ്പെടുന്നവരാരോ അവരത്രേ വിജയികള്‍.’
(വിശുദ്ധ ഖുര്‍ആന്‍ അധ്യായം 59 സൂറ അല്‍ ഹശ്ര്‍ സൂക്തം 9)

മുന്‍ ലക്കങ്ങള്‍ താഴെ വായിക്കാം… 

മൂലധനം നഷ്ടപ്പെട്ടിട്ടും കച്ചവടം ലാഭകരം!

അവര്‍ രണ്ടു പേര്‍; കൂടെ അല്ലാഹുവും

വിശ്വാസികളായ ജിന്നുകള്‍

മാതൃ സ്‌നേഹം മുട്ടു മടക്കിയ ആദര്‍ശ ധീരത

ഖുറൈശി പ്രമാണിമാരേക്കാള്‍ പ്രാമുഖ്യം വിശ്വാസിയായ അന്ധന്

അബൂലഹബിന്റെ ധിക്കാരത്തിനേറ്റ പ്രഹരം

ആദര്‍ശത്തില്‍ വിട്ടു വീഴ്ചയില്ല

പരസ്യ പ്രബോധനത്തിന്റെ അലയൊലികള്‍

ഗുഹാ മുഖത്തവതരിച്ച ജ്ഞാനോദയം

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss