|    Feb 23 Thu, 2017 8:00 am
FLASH NEWS

ആകാശ ഇടനാഴി ഉദ്ഘാടനം ചെയ്തു

Published : 26th October 2016 | Posted By: SMR

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ഒപിയിലെ ക്യൂ സമ്പ്രദായം അവസാനിപ്പിക്കാന്‍ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ 5.2 കോടി രൂപ വിനിയോഗിച്ച് നിര്‍മിച്ച ഇരുനില ആകാശ ഇടനാഴി (സ്‌കൈ വാക്) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദൂരസ്ഥലങ്ങളില്‍ നിന്ന് അതിരാവിലെ വന്ന് ഒപിയില്‍ ദീര്‍ഘ നേരം ക്യൂ നില്‍ക്കുന്ന അവസ്ഥ വളരെ സങ്കടകരമാണ്. ഭക്ഷണം പോലും കഴിക്കാതെ രോഗികളും അവരുടെ കൂടെ വരുന്നവരും അനുഭവിക്കുന്ന പ്രയാസത്തിനു പരിഹാരം കാണും. പ്രതിദിനം 3000 രോഗികളും അവരുടെ ബന്ധുക്കളുമായി 10,000ലധികം പേരാണ് ഈ ദുരിതമനുഭവിക്കുന്നത്. ഈ ക്യൂ സമ്പ്രദായത്തിന് അവസാനമുണ്ടാക്കും. ഓണ്‍ലൈന്‍ വഴി ഒപി ടിക്കറ്റെടുത്ത് വരാന്‍പറ്റുന്ന സാങ്കേതികവിദ്യയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഓണ്‍ലൈന്‍ അറിയാത്ത സാധാരണക്കാര്‍ക്കു കൂടി ഉപകാരപ്പെടുന്ന വിധത്തിലുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തും. ഡല്‍ഹിയിലെ എയിംസ് നടപ്പാക്കി വിജയിപ്പിച്ച പദ്ധതിയായിരിക്കും അവതരിപ്പിക്കുക. വര്‍ധിച്ച ചികില്‍സാ ചെലവ് പലരെയും ദാരിദ്ര്യാവസ്ഥയിലേക്കു തള്ളിവിടുന്നു. ഇതിന് പരിഹാരമായി എല്ലാ രോഗങ്ങള്‍ക്കും സൗജന്യ ചികില്‍സയാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് സൗജന്യനിരക്ക് ഏര്‍പ്പെടുത്തും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബങ്ങളുമായി ബന്ധപ്പെടുത്തും. അതിലൂടെ പ്രാഥമികാരോഗ്യ മേഖല ശക്തിപ്പെടുത്താനാവും. റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്കായി ആംബുലന്‍സ് നെറ്റ്‌വര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ സഹായത്തോടെ 5.2 കോടി രൂപ ചെലവഴിച്ചാണ് ആകാശ ഇടനാഴി സ്ഥാപിച്ചത്. മെഡിക്കല്‍ കോളജില്‍ ആശുപത്രി, അത്യാഹിത വിഭാഗം, ഒപി ബ്ലോക്ക്, ബ്ലഡ് ബാങ്ക്, ലാബുകള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ റോഡിന് ഇരുവശത്താണുള്ളത്. പ്രതിദിനം 5000 വാഹനങ്ങളാണു മെഡിക്കല്‍ കോളേജിലെ ഈ റോഡിലൂടെ കടന്നുപോവുന്നത്. തിരക്കേറിയ റോഡിലൂടെയാണ് വീല്‍ചെയറിലും സ്‌ട്രെച്ചറിലും അത്യാസന്നരായ രോഗികളെ കൊണ്ടുപോവുന്നത്. അത്യാഹിത വിഭാഗത്തിലെ രോഗികള്‍ വിവിധ ടെസ്റ്റുകള്‍ക്കും സ്‌കാനിങ്ങുകള്‍ക്കുമായി ഈ റോഡ് മുറിച്ചുകടന്നാണ് ബ്ലഡ് ബാങ്കിലേക്കും ഒപി ബ്ലോക്കിലേക്കും വരുന്നത്. ഒപിയിലെത്തുന്ന രോഗികള്‍ക്ക് വാര്‍ഡില്‍ അഡ്മിറ്റാവാനും ഈ റോഡ് മറികടന്നുവേണം പോകാന്‍. 3000ലധികം രോഗികളും അവരുടെ സഹായികളും ഉള്‍പ്പെടെ പ്രതിദിനം പതിനായിരങ്ങളാണ് റോഡ് മുറിച്ചുകടക്കുന്നത്. ഇങ്ങനെ നിരന്തരം റോഡ് മുറിച്ചുകടക്കേണ്ടി വരുന്നവര്‍ക്ക് അനുഗ്രഹമാണ് ആകാശ ഇടനാഴി. ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ സുധാമൂര്‍ത്തിക്ക് സര്‍ക്കാരിന്റെയും മെഡിക്കല്‍ കോളജിന്റെയും ഉപഹാരം മുഖ്യമന്ത്രി സമര്‍പ്പിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിച്ച പ്രമോദ് എസ് കുമാര്‍, രാജു കരുണാകരന്‍, ജോണ്‍സണ്‍ ജോസ്, ടി ശ്രീകുമാര്‍ നായര്‍, ഡോ. സുല്‍ഫിക്കര്‍, എസ് സച്ചിന്‍ എന്നിവര്‍ക്കും മുഖ്യമന്ത്രി ഉപഹാരം നല്‍കി.മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. മേയര്‍ വി കെ പ്രശാന്ത്, ആരോഗ്യവകുപ്പ് അഡീ. ചിഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, വാര്‍ഡ് കൗണ്‍സിലര്‍ എസ് എസ് സിന്ധു, മുന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രാംദാസ് പിഷാരടി, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ഇന്‍ഫോസിസ് കേരള ഡെവലപ്‌മെന്റ് സെന്റര്‍ മേധാവി സുനില്‍ ജോസ്, ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷര്‍മ്മദ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക