|    Mar 20 Tue, 2018 5:00 pm
FLASH NEWS

ആകാശഭൂപടത്തിലേക്ക് കണ്ണൂരും

Published : 1st March 2016 | Posted By: SMR

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം കണ്ണൂരിന്റെ മാത്രമല്ല കേരളത്തിന്റെ ഒന്നാകെ അഭിമാന നേട്ടമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിമാനത്താവളം യാഥാര്‍ഥ്യമാവുന്നതോടെ വടക്ക ന്‍ കേരളത്തിന്റെ വികസനം തിരുത്തിക്കുറിക്കും.
വിമാനത്താവളം ഏപ്രണി ല്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ പരീക്ഷണപ്പറക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രിയും മന്ത്രി കെ ബാബുവും കെ സുധാകരനുമല്ലാം സിപിഎമ്മിനെയും എല്‍ഡിഎഫിനെയും പേരെടുത്ത് പറയാതെ പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു.—
വികസന പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടുപോവാന്‍ എല്ലാ അഡ്ജസ്റ്റുമെന്റിനും സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍, അനാവശ്യ ആരോപണങ്ങളും സമരവും നടത്തി വികസനം മുടക്കാന്‍ ആരെയും അനുവദിക്കില്ല. ഏതുവികസനം വരുമ്പോളും എതിര്‍ക്കും എന്ന വാശിക്ക് ഇനി കീഴടങ്ങില്ല. ഈ മനോഭാവം കാരണം സംസ്ഥാനത്ത് പലവികസനങ്ങളും നിലച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സപ്തംബറില്‍ യാത്രാവിമാനം കണ്ണൂരില്‍ നിന്ന് പറന്നുയരുകയും ഇറങ്ങുകയും ചെയ്യും. ഇതിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചുറ്റുമതില്‍ കെട്ടി വിമാനത്താവളത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നടത്തിയവര്‍ ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാം. അവരാണ് ഇപ്പോള്‍ വിമാനമിറങ്ങുന്ന വേളയില്‍ പ്രതിഷേധവമായി രംഗത്തെത്തിയിരിക്കുന്നതെന്ന് മന്ത്രി കെ ബാബു പരിഹസിച്ചു.
ഞങ്ങള്‍ വിമാനം ഇറക്കും ഇറക്കും എന്നു പറഞ്ഞൊഴിയുകയല്ല ചെയ്തത്, വിമാനം ഇറക്കിക്കാണിക്കുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. പരീക്ഷണപ്പറക്കലിനെ ചെറുതായി കാണാനും ചിലര്‍ ശ്രമിച്ചു. ഇവിടെ നടക്കുന്നത് ഉദ്ഘാടനമല്ല, പരീക്ഷണപ്പറക്കല്‍ മാത്രമാണ്. റണ്‍വേയുടെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചുനടന്നവര്‍ 4000മീറ്റര്‍ റണ്‍വേയ്ക്കാവശ്യമായ സ്ഥലം വിട്ടുനല്‍കുന്നതിനും സര്‍വേ നടത്താനും തയ്യാറാവണമെന്നും മന്ത്രി ബാബു എല്‍ഡിഎഫിനെ ലക്ഷ്യമിട്ട് പറഞ്ഞു.—
ചടങ്ങിന് പുറത്ത് ചിലര്‍ പ്രതിഷേധകൂട്ടായ്മ നടത്തുന്നുണ്ട്. അവര്‍ ഈ ചടങ്ങിനെത്തിയ ജനക്കൂട്ടത്തെ കാണണം. ജനം ആരോടൊപ്പമാണെന്ന് അവര്‍ തിരിച്ചറിയണമെന്ന് കെ സുധാകരന്‍ പറഞ്ഞു.
എംഎല്‍എമാരായ കെ എം ഷാജി, എ പി അബ്ദുല്ലക്കുട്ടി, വ്യോമയാന വകുപ്പ് മുന്‍ മന്ത്രി സി എം ഇബ്രാഹീം, ജില്ലാ കലക്ടര്‍ പി ബാലകിരണ്‍, ഐജി ദിനേന്ദ്ര കശ്യപ്, സബ് കലക്ടര്‍ നവജോത് ഖോസ, അസി.— കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ഡോണിയര്‍ വിമാനം പറത്തിയ കണ്ണൂര്‍ സ്വദേശി ആര്‍ നമ്പ്യാര്‍, കെ സുരേന്ദ്രന്‍, വി കെ അബ്ദുല്‍ഖാദര്‍ മൗലവി, പി കുഞ്ഞിമുഹമ്മദ്, കെ പി നുറുദ്ദീന്‍, എ ഡി മുസ്തഫ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss