|    Aug 21 Mon, 2017 3:36 pm
FLASH NEWS
Home   >  Pravasi   >  

ആകാശപ്പൂരം തീര്‍ത്ത് ഖത്തറില്‍ ഉല്‍ക്കാ വര്‍ഷം

Published : 12th August 2017 | Posted By: fsq

 

ദോഹ: ഖത്തറിന്റെ ആകാശത്ത് പൂരക്കാഴ്ച തീര്‍ത്ത് ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച ഉല്‍ക്കാവര്‍ഷം ഇന്നും തുടരും. ഞായര്‍ പ്രഭാതം വരെയാണ് ഖത്തര്‍ ആകാശം കൊള്ളിമീന്‍ വര്‍ഷത്താല്‍ പ്രഭാപൂരിതമാകുക. വടക്കു കിഴക്കന്‍ ചക്രവാളത്തിലാണ് കൊള്ളിമീന്‍ വര്‍ഷമുണ്ടാകുകയെന്ന് ഖത്തര്‍ കലന്‍ഡര്‍ ഹൗസ് (ക്യുസി എച്ച്) അറിയിച്ചു. ഈ മാസം ആദ്യം മുതല്‍ പകുതി വരെയുണ്ടാകുന്ന കൊള്ളിമീന്‍ വര്‍ഷം വെള്ളി, ശനി രാത്രികളിലാണ് മൂര്‍ധന്യത്തിലെത്തുകയെന്ന് ഖത്തര്‍ സെന്റര്‍ ഫോര്‍ സ്‌പേസ് സയന്‍സസ് ആന്റ് ആസ്‌ട്രോണമി പ്രസിഡന്റ് ശെയ്ഖ് സല്‍മാന്‍ ബിന്‍ ജബര്‍ ആല്‍ഥാനി അറിയിച്ചു. ഭൂമിയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയാണ് കൊള്ളിമീനുകള്‍ കത്താന്‍ തുടങ്ങുക. ഭൂമിക്ക് 60 കിലോമീറ്റര്‍ മുകളില്‍ അവ എരിഞ്ഞടങ്ങും. അപൂര്‍വം ചിലതേ ഭൂമിയില്‍ പതിക്കൂ. അങ്ങനെ പതിക്കുന്നവ തന്നെ വളരെ ചെറിയ കഷ്ണങ്ങളായിരിക്കും. ഖത്തറിലും അറബ് രാഷ്ട്രങ്ങളിലുമുള്ളവര്‍ക്ക് നഗ്നനേത്രങ്ങള്‍ കൊണ്ട് തന്നെ ഉല്‍ക്കാ വര്‍ഷം കാണാനാകും. ഇരുണ്ട പ്രദേശത്ത് നിന്ന് മാത്രമേ വ്യക്തമായി കാണാനാകൂ. അതേസമയം, ഇത്തവണ പൂര്‍ണ ചന്ദ്രന്‍ നിലാവ് പരത്തുന്നതിനാല്‍ കൊള്ളിമീന്‍ പ്രഭയ്ക്ക് മങ്ങലേല്‍ക്കുമെന്നാണ് വാനനിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. രാത്രി 11 മുതല്‍ പ്രഭാതം വരെയാണ് ഉല്‍ക്കാ വര്‍ഷം കാണാനുള്ള മികച്ച സമയം. മണിക്കൂറില്‍ 90 മുതല്‍ 100 വരെ ഉല്‍ക്കകളാണ് ഭൂമിയിലേക്കു പതിക്കുക. സ്വിഫ്റ്റ് ടട്ട്ല്‍ എന്ന വാല്‍നക്ഷത്രത്തില്‍ നിന്നുള്ള അവശിഷ്ടങ്ങളാണ് ഇപ്പോഴത്തെ കൊള്ളിമീന്‍ വര്‍ഷത്തിന് കാരണം. ഓരോ വര്‍ഷവും ഈ വാല്‍നക്ഷത്രത്തിന്റെ അവശിഷ്ടങ്ങളിലൂടെ ഭൂമി കടന്നുപോകുമ്പോഴാണ് ഇത് സംഭവിക്കുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക