|    Nov 17 Sat, 2018 4:18 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ആം ആദ്മി പാര്‍ട്ടിയുടെ പരിണാമം

Published : 21st June 2017 | Posted By: fsq

 

കോണ്‍ഗ്രസ്-കൂട്ടുകക്ഷി ഭരണത്തില്‍ അഴിമതി സര്‍വവ്യാപിയും ഞെട്ടിക്കുന്ന തോതിലും വിലസിയപ്പോഴാണല്ലോ അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ ഡല്‍ഹി ജന്തര്‍ മന്ദറില്‍ അഴിമതിവിരുദ്ധ കൂട്ടായ്മ രൂപപ്പെട്ടത്. സന്നദ്ധസംഘടനകള്‍, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന യുവാക്കള്‍, സര്‍ക്കാര്‍ വിരുദ്ധ സംഘപരിവാര ഘടകങ്ങള്‍ ഉള്‍പ്പെടുന്ന രാഷ്ട്രീയ വിഭാഗങ്ങള്‍ തുടങ്ങിയവരുടെ ഒരു ഫോറമാണ് ഈ കൂട്ടായ്മയില്‍ കണ്ടത്. താല്‍ക്കാലികമായി ഡല്‍ഹിയില്‍ ഒരു സ്‌ഫോടനാത്മക അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും ചെയ്തു; ‘അറബ്‌വസന്ത’ത്തിന്റെ ഒരു ഡല്‍ഹി എഡിഷന്‍ മാതിരി. സര്‍ക്കാര്‍ കടുംപിടിത്തത്തില്‍ നിന്നു പിന്നോട്ടുപോയാണ് ഈ അവസ്ഥ ലഘൂകരിച്ചത്. അതില്‍നിന്നാണ് ആം ആദ്മി പാര്‍ട്ടി രൂപപ്പെട്ടത്. തുടക്കത്തില്‍ ചെറുപ്പക്കാരുടെ വ്യാപകമായ വൈകാരിക പിന്തുണ ഈ പാര്‍ട്ടിക്ക് സ്വാഭാവികമായി ലഭിക്കുകയും ചെയ്തു. അങ്ങനെയാണ് ഈ പാര്‍ട്ടി ഒരു സംസ്ഥാനമല്ലാത്ത ഡല്‍ഹിയില്‍ മന്ത്രിസഭ ഉണ്ടാക്കിയത്. ഡല്‍ഹിയെ സംസ്ഥാനമാക്കുമെന്ന് ഈ പാര്‍ട്ടി വാഗ്ദാനം ചെയ്യുകയും ചെയ്തു. നിലവിലുള്ള അവസ്ഥയില്‍ അതൊട്ടും സാധ്യമല്ലെന്ന് സാമാന്യജനങ്ങള്‍ക്ക് അറിയാമെങ്കില്‍ കൂടി എഎപി അങ്ങനെ വാഗ്ദാനം ചെയ്തു. എഎപിയിലേക്കു നയിച്ച അന്നാ ഹസാരെയുടെ അഴിമതിവിരുദ്ധ സമരത്തിന്റെ സമയത്തുതന്നെ പല അവ്യക്തതകളും പരിഹരിക്കാതെ നിലനില്‍ക്കുന്നുണ്ടായിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് അഴിമതിയെ വ്യക്തതയോടെ കാണാനോ അവതരിപ്പിക്കാനോ കഴിഞ്ഞില്ല എന്നതായിരുന്നു. ഹസാരെ ഒരു ചെറിയ പ്രദേശത്ത് സ്വന്തം ക്രമപ്രകാരം സാമൂഹിക ചട്ടക്കൂടുണ്ടാക്കിയ ഗാന്ധിയന്‍ പരിവേഷമുള്ള ഒരു കാര്‍ണവരാണ്. ഗാന്ധിയന്‍ തത്ത്വങ്ങളെ സ്വയം വ്യാഖ്യാനിച്ച് അതുപ്രകാരം ഒരു ‘മോഡല്‍’ പ്രവര്‍ത്തിപ്പിക്കുന്ന സംഘാടകന്‍. അദ്ദേഹത്തിനു ചുറ്റും അഴിമതിയോട് പ്രതികരിക്കാന്‍ തയ്യാറുള്ള ആള്‍ക്കാര്‍ ഒത്തുകൂടി. രാഷ്ട്രീയ നേതൃത്വം നിവൃത്തികെട്ട രീതിയില്‍ അധഃപതിച്ച സമയമാണിത്. പ്രതികരണശേഷി ഏതുവിധേനയായാലും പ്രകടിപ്പിച്ചേ പറ്റൂ എന്ന സാമൂഹിക ചുറ്റുപാട്. രാഷ്ട്രീയമാറ്റങ്ങള്‍ പ്രതീക്ഷിക്കുന്ന യുവത്വം ഇളകി. അതില്‍നിന്നാണ് എഎപി ഊര്‍ജം വലിച്ചത്; അഴിമതിയെ ഒരു കക്ഷിരാഷ്ട്രീയ പ്രതിഭാസമായി ചുരുക്കിയ അന്തരീക്ഷത്തില്‍നിന്ന്. അതേസമയം തന്നെ മറ്റൊന്നു കൂടി നാം കാണണം. ഒരു സംസ്ഥാനം പോലുമല്ലാത്ത ഡല്‍ഹിയില്‍ അധികാരത്തില്‍ വരാന്‍ (ഈ അധികാരത്തിന്റെ സീമകള്‍ മറ്റൊരു കാര്യം!) നിലനിന്നിരുന്ന സാഹചര്യം മതിയായിരുന്നു. അപ്പുറത്തേക്കുള്ള കാര്യങ്ങള്‍ അവ്യക്തതയുടെ പര്യായമായിരുന്നു. എഎപി അഴിമതിവിരുദ്ധത പ്ലാറ്റ്‌ഫോം ആയി എടുത്തു. അഴിമതി കണ്ടും കേട്ടും അനുഭവിച്ചും മടുത്ത് ജനങ്ങള്‍ അധികാരത്തില്‍ കയറ്റി. പ്രാദേശികതലത്തില്‍ ജനങ്ങളെ വരിഞ്ഞുമുറുക്കിയിരുന്ന രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതിക്കെങ്കിലും ശമനം വരുമെന്ന പ്രതീക്ഷ തീര്‍ച്ചയായും ജനങ്ങള്‍ക്കുണ്ടായിരുന്നു എന്നുവേണം കരുതാന്‍. ഇതിന്റെ തരംഗം പഞ്ചാബില്‍ ഇരമ്പി. കുടുംബഭരണം നിലവിലുണ്ടായിരുന്ന പഞ്ചാബില്‍ നാലു പാര്‍ലമെന്റ് സീറ്റില്‍ ജയിച്ചു. ഈ നാലുപേരും പഞ്ചാബിലെ വളരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിച്ചിരുന്ന ജനാധിപത്യവിശ്വാസികളായിരുന്നു. പഞ്ചാബില്‍ പ്രബലമായ യൂനിറ്റ് നിലവില്‍വന്നു. ഡല്‍ഹി നേതൃത്വത്തിന്റെ പ്രതീക്ഷകള്‍ക്ക് ചിറകുകള്‍ വിരിഞ്ഞു. എഎപിയുടെ ഡല്‍ഹി സര്‍ക്കാര്‍ ഒരു വഴക്കാളി സര്‍ക്കാര്‍ എന്ന പേരു നേടി. പക്ഷേ, കാര്യമായ വഴക്കാളിയൊന്നും ആയിരുന്നില്ല. ഗവര്‍ണറുമായി നിരന്തരം ചൊറിച്ചില്‍. പലപ്പോഴും സംസ്ഥാനപദവി ഇല്ലാത്തതാണ് യഥാര്‍ഥ കാരണം. ഡല്‍ഹി പോലിസ് പോലും കേന്ദ്രത്തിനു കീഴിലാണ്. ‘തത്ത്വചിന്തയ്ക്കപ്പുറം’ എന്നു സ്വയം വിശേഷിപ്പിച്ച സംഘടനയില്‍ ഗൗരവമായ അഭിപ്രായഭിന്നതകള്‍ പുറത്തുവന്നു. അപ്പോഴാണ് എഎപി നമുക്കു നന്നായി പരിചയമുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെ കൂട്ടത്തിലാണെന്ന് സ്വയം വിളിച്ചുപറഞ്ഞത്. അഭിപ്രായഭിന്നത പ്രകടിപ്പിച്ച പ്രശാന്ത് ഭൂഷനെയും യോഗേന്ദ്ര യാദവിനെയും പുറത്താക്കിക്കൊണ്ടാണ് ഭിന്നത പരിഹരിച്ചത്. അധികാരത്തില്‍ നിലനില്‍ക്കേണ്ടതിന്റെ താല്‍പര്യത്തിലാണീ പുറത്താക്കലുകള്‍ എന്നാണ് അറിയാന്‍ കഴിയുന്നത്. ‘ശുദ്ധീകരണം’ നടത്തിക്കഴിഞ്ഞ് ഭരണം തുടര്‍ന്നപ്പോഴാണ് എഎപി ഡല്‍ഹി നേതൃത്വത്തിനെതിരേ അഴിമതി ആരോപണങ്ങള്‍ ഉരുള്‍പൊട്ടിവരുന്നത്. കടുവയെ കിടുവ പിടിക്കുന്ന കഥ. ‘തത്ത്വചിന്തയ്ക്കപ്പുറം’ പിറന്ന പാര്‍ട്ടി വളരെ പെട്ടെന്നു തന്നെയായിരുന്നു അധികാരമോഹം തത്ത്വചിന്തയായി അവരോധിച്ചത്. അതേസമയം തന്നെ മറ്റൊന്നും നടന്നു. പഞ്ചാബ് തിരഞ്ഞെടുപ്പിനു മുമ്പേ തന്നെ തീരുമാനങ്ങളെടുക്കുന്നതില്‍ ഡല്‍ഹിയില്‍ നിന്നു സ്വാതന്ത്ര്യം വേണമെന്ന് പഞ്ചാബ് യൂനിറ്റ് നിലപാട് അവതരിപ്പിച്ചു. ഡല്‍ഹി നേതൃത്വം അങ്ങനെയുള്ള സ്വാതന്ത്ര്യമൊന്നും അംഗീകരിക്കാനുള്ള മാനസികാവസ്ഥയിലേ അല്ലായിരുന്നു. അതുകൊണ്ട് അവര്‍ തന്നെ സ്ഥാനാര്‍ഥികളെ തീരുമാനിച്ചു. തിരഞ്ഞെടുപ്പു ഫലം വളരെ നിരാശപ്പെടുത്തി. അഴിമതി വിരുദ്ധതയൊന്നും ക്ലച്ച് പിടിച്ചില്ല. അതും പോരാതെ ഡല്‍ഹിയില്‍ നിന്ന് പഞ്ചാബ് സ്റ്റേറ്റ് യൂനിറ്റിനെ അഴിച്ചുപണിതു. ഡല്‍ഹി നേതൃത്വത്തിന് പൂര്‍ണമായ വിധേയത്വം സ്ഥാപിക്കാനുള്ള അഴിച്ചുപണി. ഒട്ടും ജനാധിപത്യപരമല്ലാത്ത രീതിയിലാണ് ഇതു ചെയ്തത്. ചരിത്രപരമായി ജനാധിപത്യബോധം വളര്‍ച്ച പ്രാപിച്ച ഒരു ദേശമാണ് പഞ്ചാബ്. നിരവധി കെടുതികളില്‍ക്കൂടി കടന്നുവന്നിട്ടുള്ള ദേശവും ജനങ്ങളും. എഎപി ഡല്‍ഹി നേതൃത്വത്തിന്റെ വായന വളരെയധികം തെറ്റിപ്പോയി. വീണ്ടുവിചാരമില്ലാത്ത, താല്‍ക്കാലിക അധികാരനേട്ടങ്ങള്‍ ലക്ഷ്യമാക്കുന്ന ഒരു കോക്കസ് പാര്‍ട്ടിയായി എഎപി സ്വയം വിളിച്ചുപറഞ്ഞു. ഇതായിരുന്നു കോര്‍പറേറ്റ് ലോബിയുടെ കണക്കുകൂട്ടലും. അതങ്ങനെ തന്നെ നടന്നു. ഭരിക്കുന്ന പാര്‍ട്ടി ഗൂഢാലോചന നടത്തുന്നുവെന്നൊക്കെ വിളമ്പുന്നത് വെറും ചപ്പടാച്ചി. സാഹചര്യങ്ങള്‍ തന്നെ അങ്ങനെയാണ്. ഗൂഢാലോചന അപ്രസക്തമാണ്. സ്വന്തം പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യം നിഷേധിക്കുമ്പോള്‍ അതു ഭരണത്തില്‍ നിശ്ചയമായും പ്രതിഫലിക്കപ്പെടും. അഴിമതി ജനാധിപത്യ വിധ്വംസനത്തിന്റെ ഏറ്റവും പരസ്യമായ മുഖമാണ്. ഇടപെടുന്ന എല്ലാവരും പണമുണ്ടാക്കും. പാര്‍ട്ടിക്കും വേണം പണം. ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നതിനും നിലനില്‍ക്കുന്നതിനും സമൃദ്ധമായി പണം വേണം. കോര്‍പറേറ്റുകള്‍ക്ക് രാഷ്ട്രീയം നിയന്ത്രിക്കാന്‍ പണമാണ് സുപ്രധാന ചട്ടുകം. എഎപി അങ്ങനെയൊരു വലയത്തില്‍ പെടാതിരിക്കാന്‍ പ്രത്യേകിച്ചു കാരണമൊന്നും കാണാന്‍ കഴിയുന്നില്ല. അഴിമതിയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് തൊലിപ്പുറത്തുള്ളത് ആയതുകൊണ്ടുതന്നെ അവര്‍ക്കതിനെ കൃത്യമായി തുറന്നുകാണിക്കാന്‍ പോലും കഴിയില്ല. എഎപിയുടെ അഴിമതി വിരുദ്ധത അഴിമതിയുടെ യഥാര്‍ഥ സാമൂഹിക-സാമ്പത്തിക മാനങ്ങള്‍ മനസ്സിലാക്കാതെയായിരുന്നു മുന്നോട്ടുവച്ചത്. അഴിമതി സാമ്രാജ്യത്വ-ആഗോളവല്‍ക്കരണവുമായി ഘടനാപരമായി വിച്ഛേദിക്കാന്‍ കഴിയാത്ത രീതിയില്‍ ബന്ധപ്പെട്ടിരിക്കുന്ന സാമ്പത്തിക ചെലവാണ്. അത് കോര്‍പറേറ്റ് ബിസിനസ്സിന്റെ അത്യാവശ്യ ചെലവുകളില്‍ പ്രധാനപ്പെട്ട ഒന്നായി വ്യാപകമായി അംഗീകരിക്കപ്പെട്ടതാണ്. അഴിമതിയെ ഉന്നംവയ്ക്കണമെങ്കില്‍ കോര്‍പറേറ്റുകളെയാണ് ഉന്നംവയ്‌ക്കേണ്ടത്. അതായത്, ഭരണവ്യവസ്ഥയെയും ഭരണകൂടത്തെയുമാണ് കേന്ദ്രീകരിക്കേണ്ടത്. എഎപിക്ക് ഇങ്ങനെയുള്ള കാഴ്ചപ്പാടൊന്നും ഒരിക്കലും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഒരു ഭരണവര്‍ഗ പാര്‍ട്ടിയുടെ എല്ലാ സ്വഭാവങ്ങളും വെളിവാകാന്‍ അധികം സമയമെടുത്തതുമില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss