|    Oct 19 Fri, 2018 2:17 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ആം ആദ്മി പാര്‍ട്ടിയില്‍ സംഭവിക്കുന്നത്

Published : 10th May 2017 | Posted By: fsq

 

അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ പേരില്‍ കാടിളക്കി ദേശീയരാഷ്ട്രീയത്തില്‍ സ്ഥാനംപിടിച്ച ആം ആദ്മി പാര്‍ട്ടി, അരവിന്ദ് കെജ്‌രിവാളിനെതിരായി ഉയര്‍ന്നുവന്ന 400 കോടി രൂപയുടെ അഴിമതിയാരോപണത്തെ തുടര്‍ന്ന് ഇപ്പോള്‍ സ്വയം പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ്. ബിജെപിയാണ് ആരോപണത്തിനു പിന്നിലെന്ന പാര്‍ട്ടി നേതാക്കളുടെ എതിര്‍വാദം ശരിയായിക്കൂടെന്നില്ല. എഎപിയെ തകര്‍ക്കാന്‍ ഹിന്ദുത്വരാഷ്ട്രീയം നടത്തുന്ന കൊണ്ടുപിടിച്ച ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിക്കെതിരായി നടക്കുന്ന ആസൂത്രിതനീക്കങ്ങള്‍ എഴുതിത്തള്ളിക്കൂടാ. പക്ഷേ, ഒരു കാര്യം വ്യക്തമാണ്: സ്വച്ഛസുന്ദരമായ പ്രതിച്ഛായയുമായി കടന്നുവന്ന എഎപിയെയും മറ്റു പാര്‍ട്ടികളുടെ ജീര്‍ണതകള്‍ പിടികൂടിയിരിക്കുന്നു. യോഗേന്ദ്ര യാദവും കൂട്ടരും പോയതോടെ പാര്‍ട്ടിക്ക് ആശയവ്യക്തത നഷ്ടമാവുകയും പാളയത്തില്‍ പട മൂലം സംഘടനാ അടിത്തറ തകരുകയും ചെയ്തു. എഎപിയിലേക്ക് ആകര്‍ഷിക്കപ്പെട്ടത് പ്രധാനമായും മധ്യവര്‍ഗ ബുദ്ധിജീവിനാട്യക്കാരാണ്. ഹിന്ദുത്വ രാഷ്ട്രീയത്തോട് ചായ്‌വുള്ളവരാണ് ഇവരില്‍ ഒട്ടുമുക്കാലും. ഈ ആളുകളുടെ കളംമാറ്റം ബിജെപിക്ക് വലിയ നഷ്ടം വരുത്തിവച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സിലെ മൃദുഹിന്ദുത്വവാദികളും കുറേയേറെ എഎപിയിലേക്ക് പോയി. ഈ മധ്യവര്‍ഗ വിഭാഗത്തിന്റെ പിന്തുണ മാറിയുംമറിഞ്ഞുമിരിക്കുമെന്ന്, നിര്‍ഭാഗ്യവശാല്‍ കെജ്‌രിവാളിന് തിരിഞ്ഞുകിട്ടിയിട്ടില്ല. പാര്‍ട്ടിയിലേക്ക് പാഞ്ഞടുത്ത നേതാക്കളുള്‍പ്പെടെ പലരും ഇത്തരം ഭാഗ്യാന്വേഷികളാണ്. വ്യക്തമായ ആദര്‍ശ പ്രതിബദ്ധതയില്ലാതെ തട്ടിക്കൂട്ടിയെടുത്ത ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കുള്ള എല്ലാ ദുര്യോഗങ്ങളും എഎപിക്കുണ്ട്. ഇപ്പോള്‍ പാര്‍ട്ടി നേരിടുന്ന പ്രയാസങ്ങള്‍ അതിന്റെ ലക്ഷണങ്ങളാണ്. ഇപ്പോഴത്തെ അഴിമതിയാരോപണം നേരായാലും നുണയായാലും ശരി, ആസന്നഭാവിയില്‍ പാര്‍ട്ടിനേതാക്കള്‍ ആരോപണവിധേയരായാല്‍ അതില്‍ അദ്ഭുതപ്പെടേണ്ടിവരില്ല. കേരളത്തിലും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണു വയ്പ്. സമ്പൂര്‍ണ വിപ്ലവത്തിന്റെ പടഹധ്വനികള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു ചില എഴുത്തുകാരും സാംസ്‌കാരികനായകരും പാര്‍ട്ടിയിലേക്ക് ഓടിയടുത്തത്. അധരവ്യായാമ വിപ്ലവക്കാരായ ഇവര്‍ പാര്‍ട്ടിത്തൊപ്പിയിട്ട് വന്ന് രംഗവേദികള്‍ കൈയടക്കുകയും ഓണ്‍ലൈന്‍ പ്രസംഗങ്ങള്‍ നടത്തി ജനങ്ങളെ കോരിത്തരിപ്പിക്കുകയും മറ്റും ചെയ്തു. വന്ന സ്പീഡില്‍ തന്നെ ഈ ഭാഗ്യാന്വേഷികള്‍ തിരിച്ചുപോയി. ഇപ്പോള്‍ സാറാ ജോസഫ് അടക്കം പലരും പാര്‍ട്ടിയിലില്ല. മറ്റു സംസ്ഥാനങ്ങൡും ഇതൊക്കെ തന്നെയാണു സ്ഥിതി. ഏതാണ്ട് വന്നും പോയുമിരിക്കുന്ന ‘ട്രാന്‍സിറ്റ് പാസഞ്ചര്‍’മാരുടെ പ്രസ്ഥാനത്തിന് ഒരു ദിശാമാറ്റമുണ്ടാക്കാനാവില്ല എന്നാണ് അരവിന്ദ് കെജ്‌രിവാളും കൂട്ടരും മനസ്സിലാക്കേണ്ട രാഷ്ട്രീയത്തിലെ പ്രാഥമികപാഠം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss