|    Jan 22 Sun, 2017 1:02 am
FLASH NEWS

ആംബുലന്‍സ് വിളിക്കാന്‍ പണമില്ല: യുവാവ് ഭാര്യയുടെ മൃതദേഹവും ചുമന്ന് നടന്നത് 10 കിലോമീറ്റര്‍

Published : 25th August 2016 | Posted By: Navas Ali kn

A tribal man in Odisha had to walk 10 kilometres with his wife's body on his shoulder

ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ച ഭാര്യയുടെ മൃതദേഹം ആംബുലന്‍സില്‍ നാട്ടിലെത്തിക്കാന്‍ പണമില്ലാത്തതിനാല്‍ യുവാവ് 10 കിലോമീറ്ററോളം തോളിലേറ്റി നടന്നു. 12 വയസ്സുകാരി മകളും ഒപ്പമുണ്ടായിരുന്നു. ഒഡീഷയിലെ പിന്നാക്ക ജില്ലയായ കലഹാണ്ടിയിലെ ദനാ മാഹ്ജിയുടെ ഭാര്യ അമങ്ങ് ദയി (42) ക്ഷയരോഗത്തെ തുടര്‍ന്നാണ് ഗ്രാമത്തില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ഭവാനി പട്ടണത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചത്. ഭാര്യയുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സിനുവേണ്ടി മാഹ്ജി പരമാവധി ശ്രമിച്ചു. മൃതദേഹം വീട്ടിലെത്തിക്കാന്‍ പണമില്ലെന്നും സഹായിക്കണമെന്നും ആശുപത്രി അധികൃതരോട് ദനാ മാഹ്ജി അഭ്യര്‍ഥിച്ചിരുന്നെങ്കിലും അവര്‍ കനിഞ്ഞില്ല. തുടര്‍ന്ന് മറ്റുമാര്‍ഗമില്ലാതെ പിറ്റേന്ന് മൃതദേഹം കമ്പിളിപ്പുതപ്പില്‍ പൊതിഞ്ഞ് തോളിലേറ്റി മകളുമായി അദ്ദേഹം വീട്ടിലേക്ക് നടക്കുകയായിരുന്നു. 10 കിലോമീറ്റര്‍ നടന്നപ്പോള്‍ ഇതു ശ്രദ്ധയില്‍പ്പെട്ട ചില പ്രാദേശിക ചാനലുകളാണ് സംഭവം പുറംലോകത്തെ അറിയിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ ഉടന്‍ ജില്ലാ കലക്ടറെ അറിയിച്ചു. തുടര്‍ന്ന് ആംബുലന്‍സ് ഏര്‍പ്പാടാക്കി. സംസ്‌കാരച്ചടങ്ങിന് സര്‍ക്കാര്‍ പദ്ധതിയില്‍നിന്ന് പണം അനുവദിച്ചതായും കലക്ടര്‍ വ്യക്തമാക്കി. നിര്‍ധന കുടുംബാംഗങ്ങളുടെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് വീട്ടിലെത്തിക്കുന്നതിനായി നവീന്‍ പട്‌നായിക് സര്‍ക്കാര്‍ ഫെബ്രുവരിയില്‍ ആവിഷ്‌കരിച്ച മഹാപ്രയാണ പദ്ധതി ഒഡീഷയില്‍ നിലവിലിരിക്കെയാണ് ദനാ മാഹ്ജിക്ക് സഹായം നിഷേധിച്ചത്. പദ്ധതിപ്രകാരം സര്‍ക്കാര്‍ ആശുപത്രികള്‍ക്കാണ് വാഹനങ്ങള്‍ എത്തിച്ചുനല്‍കേണ്ട ഉത്തരവാദിത്തം. ഇത്തരത്തില്‍ 37 ആശുപത്രികള്‍ക്കായി 40 ആംബുലന്‍സുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും പലപ്പോഴും നിര്‍ധനരോഗികള്‍ക്ക് ഉപകാരപ്പെടുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കലഹാണ്ടി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 178 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക