|    Jan 19 Thu, 2017 12:17 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ആംബുലന്‍സില്‍ സുഖപ്രസവം; വൈദ്യസംഘത്തിന് നന്ദി പറഞ്ഞു യുവതി

Published : 5th August 2016 | Posted By: SMR

ദോഹ: റോഡരികില്‍ നിര്‍ത്തിയിട്ട ആംബുലന്‍സില്‍ സുഖപ്രസവമൊരുക്കുന്നതിന് സഹായിച്ച വൈദ്യസംഘത്തെ നന്ദിയോടെ സ്മരിക്കുകയാണ് 39കാരിയായ പ്രവാസി. കഴിഞ്ഞ ഏപ്രിലിലാണ് ഉമ്മു മൈമൂന ഹമദ് വുമണ്‍ ആശുപത്രിയിലേക്കുള്ള വഴിയില്‍ ആംബുലന്‍സില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ആംബുലന്‍സിലുണ്ടായിരുന്ന നഴ്‌സുമാര്‍ പൂര്‍ണ സഹകരണം നല്‍കിയതിനാല്‍ തനിക്ക് ഒട്ടും വെപ്രാളമോ ഭയമോ ഉണ്ടായിരുന്നില്ലെന്ന് ഉമ്മു മൈമൂന ദോഹ ന്യൂസിനോട് പറഞ്ഞു.
ആറ് വര്‍ഷമായി ഖത്തറിലുള്ള അധ്യാപികയായ ഉമ്മു മൈമൂന ഒരു ഹോം സ്‌കൂള്‍ നടത്തുകയാണ്. ലുസൈല്‍ സിറ്റിക്ക് സമീപമാണ് താമസം. നിശ്ചിത തിയ്യതിക്ക് ഒരാഴ്ച മുമ്പാണ് തന്റെ രണ്ടാമത്തെ കുട്ടിക്കുള്ള പ്രസവ വേദന തുടങ്ങിയത്. തലേന്ന് രാത്രി തന്നെ ചെറിയ വേദന ഉണ്ടായിരുന്നെങ്കിലും അത് ശക്തമാവാന്‍ കാത്തിരിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെയോടെ വേദന ശക്തമായി. ആശുപത്രിയിലേക്ക് കൊണ്ടു പോവാനുള്ള കുറച്ച് സാധനങ്ങള്‍ കൂടി വാങ്ങാനുണ്ടായിരുന്നതിനാല്‍ ഭര്‍ത്താവ് പുറത്തേക്ക് പോയി. എട്ടു വയസ്സുകാരി മകള്‍ മൈമൂന മാത്രമായിരുന്നൂ കൂടെ.
വേദന ശക്തമായതോടെ ഭര്‍ത്താവിനെ വിളിച്ച് തിരിച്ചു വരാന്‍ ആവശ്യപ്പെട്ടു. വൈകുന്നേരം 5.15ഓടെ അതികഠിനമായ വേദന വന്നു. പ്രസവത്തിന് ഇനി അധികം താമസമില്ലെന്ന് തോന്നിയതോടെയാണ് ഭര്‍ത്താവിനോട് ആംബുലന്‍സ് വിളിക്കാന്‍ ആവശ്യപ്പെട്ടത്. അഞ്ച് മിനിറ്റ് കൊണ്ട് ആംബുലന്‍സെത്തി. ആംബുലന്‍സില്‍ മകളെയും ഒപ്പം കൂട്ടിയിരുന്നു. കാത്തു നില്‍ക്കാന്‍ സമയം ഇല്ലാത്തതിനാല്‍ ഭര്‍ത്താവിനോട് വീട്ടില്‍ നിന്ന് ആവശ്യമായ സാധനങ്ങളുമായി ആശുപത്രിയിലെത്താന്‍ ആവശ്യപ്പെട്ടു.
വനിതാ നഴ്‌സിനെയാണ് പ്രതീക്ഷിച്ചതെങ്കിലും ആംബുലന്‍സില്‍ എത്തിയത് മുഴുവന്‍ പുരുഷന്മാരായിരുന്നു. തന്റെ അനുമതിയോട് കൂടെ പരിശോധന നടത്തിയ അവര്‍ അധികം പുഷ് ചെയ്യേണ്ടെന്നും പ്രസവത്തിന് ഒരു മണിക്കൂര്‍ കൂടി എടുക്കുമെന്നും പറഞ്ഞു. എന്നാല്‍, വേദന ശക്തമായതോടെ താന്‍ ആംബുലന്‍സ് നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ റോഡരികില്‍ നിര്‍ത്തിയ ആംബുലന്‍സില്‍ ഉമ്മു മൈമൂന പെണ്‍കുഞ്ഞിന് ജന്മം നല്‍കി.
മകള്‍ മൈമൂന ഇതിനെല്ലാം സാക്ഷിയായിരുന്നു. കുഞ്ഞിന് പ്രവാചക പത്‌നിമാരിലൊരാളായ റംലയുടെ പേരാണ് നല്‍കിയത്. മരുഭൂമിയില്‍ ജനിച്ചതിനാല്‍ മണല്‍ത്തരി എന്നര്‍ഥമുള്ള റംല എന്ന പേര് അവള്‍ക്ക് ചേരുമെന്ന് ഉമ്മു മൈമൂന പറഞ്ഞു.
ആംബുലന്‍സില്‍ പരിക്കേറ്റവരെയും പല വിധത്തിലുള്ള രോഗികളെയും കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു അനുഭവം ആദ്യമാണെന്ന് നഴ്‌സുമാരില്‍ ഒരാളായ മുഹമ്മദ് അലി കൂകി പറഞ്ഞു. തനിക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണിതെന്ന് സഹ പ്രവര്‍ത്തകന്‍ മുഹമ്മദ് ബൗലാഗ് കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക