|    Jan 19 Thu, 2017 8:41 pm
FLASH NEWS

ആംബുലന്‍സിന് തീപിടിച്ച് രോഗിയും മകളും വെന്തുമരിച്ചു

Published : 27th July 2016 | Posted By: SMR

മൂവാറ്റുപുഴ: രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സിന് തീപിടിച്ച് രോഗിയും മകളും വെന്തുമരിച്ചു. രണ്ടുപേര്‍ക്കു പൊള്ളലേറ്റു. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഇന്നലെ വൈകീട്ട് ഏഴിന് എംസി റോഡില്‍ ആറൂര്‍ സാറ്റലൈറ്റിനു സമീപത്തെ കാവിശ്ശേരി വളവിലാണു സംഭവം.
ഏറ്റുമാനൂര്‍ കട്ടച്ചിറ വരകുകാലായില്‍ പി ജെ ജെയിംസ് (72), മകള്‍ തിരുവനന്തപുരം കേശവദാസപുരം മഞ്ഞാങ്കല്‍ ഷാജിയുടെ ഭാര്യ അമ്പിളി(40) എന്നിവരാണു മരിച്ചത്. ജെയിംസിന്റെ മകന്‍ അഭിലാഷിന്റെ ഭാര്യ ജോയ്‌സ് (25), ഹോംനഴ്‌സ് കുമളി ലോവര്‍ ക്യാംപ് അംബേദ്കര്‍ കോളനി പരേതനായ ഏസയ്യായുടെ ഭാര്യ ലക്ഷ്മി (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആംബുലന്‍സ് ഡ്രൈവര്‍ എ കൃഷ്ണദാസ്, മെയില്‍ നഴ്‌സ് മെല്‍ബിന്‍ ആന്റണി എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. പരിക്കേറ്റവരെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
വയനാട്ടില്‍ ആയുര്‍വേദ റിസോര്‍ട്ട് ആരംഭിക്കുന്നതിനായി ജെയിംസ് ഏഴുമാസമായി അവിടെ താമസിച്ചു നിര്‍മാണപ്രവൃത്തികള്‍ക്കു നേതൃത്വം നല്‍കിവരുകയായിരുന്നു. ഒരാഴ്ച മുമ്പ് ജെയിസിനു പനി ബാധിച്ചു. പിന്നീട് ന്യൂമോണിയയായി മാറി.
കല്‍പ്പറ്റ സെന്റ് ജോസഫ് ആശുപത്രിയില്‍നിന്ന് ആംബുലന്‍സില്‍ ജെയിംസിനെ കോട്ടയത്തെ ആശുപത്രിയിലേക്കു കൊണ്ടുവരവെയാണ് അപകടം. കല്‍പ്പറ്റ ശാന്തി ഡയാലിസിസ് സെന്ററിലെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ആറൂരില്‍ കുത്തനെയുള്ള കയറ്റം കയറവെ വാഹനത്തിനു തീപിടിക്കുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവറും മുന്‍ സീറ്റിലിരുന്ന മരുമകള്‍ ജോയ്‌സിയും പുറത്തിറങ്ങി. പിന്‍ഭാഗത്തായിരുന്നു മറ്റു നാലുപേര്‍. ഇവരെ രക്ഷപ്പെടുത്താനും ഡോര്‍ തുറക്കാനും ശ്രമിച്ചെങ്കിലും വാഹനം അഗ്‌നി വിഴുങ്ങുകയായിരുന്നു. പിന്‍സീറ്റിലിരുന്ന മെയില്‍ നഴ്‌സ് മെല്‍ബിന്‍ ആന്റണി മുന്‍ഭാഗം വഴി പുറത്തുചാടി. ഹോംനഴ്‌സ് ലക്ഷ്മിയെ ഭാഗികമായി പൊള്ളലേറ്റ നിലയില്‍ പുറത്തിറക്കി. ഇതിനിടയില്‍ വാഹനം മുന്നോട്ടു നീങ്ങി റോഡരികിലെ മതിലിലിടിച്ചതോടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച് പൂര്‍ണമായും കത്തിനശിച്ചു.
ആംബുലന്‍സിനുള്ളില്‍ കുടുങ്ങിയ ജെയിംസും അമ്പിളിയും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ആംബുലന്‍സിന് സമീപത്തേക്കടുക്കാന്‍ കഴിഞ്ഞില്ല. ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചെങ്കിലും അവരെത്തിയപ്പോഴേക്കും വാഹനം പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക