|    Dec 12 Wed, 2018 8:27 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആംപ്യൂളുകളും ലഹരിമരുന്ന് ഗുളികകളുമായി ഒരാള്‍ പിടിയില്‍

Published : 12th November 2018 | Posted By: kasim kzm

കൊച്ചി: അഞ്ചു ലക്ഷം രൂപയുടെ 503 മയക്കുമരുന്ന് ആംപ്യൂളുകളും 140 ലഹരി ഗുളികകളുമായി ഒരാളെ എറണാകുളം എക്‌സൈസ് പിടിച്ചെടുത്തു. കൊച്ചി പെരുമ്പടപ്പ് കോണംകരയില്‍ കട്ടത്തറയില്‍ ഗുലാബി (46)യെയാണ് കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന ബൂപ്രിനോര്‍ഫിന്‍ ആംപ്യൂളും നൈട്രോസപാം ഗുളികകളുമായി അറസ്റ്റ് ചെയ്തത്.
സമീപകാലത്ത് എറണാകുളത്ത് നടന്ന വലിയ ആംപ്യൂള്‍ ലഹരി ഗുളിക വേട്ടയാണിതെന്ന് എക്‌സൈസ് പറഞ്ഞു. നേരത്തേ സമാനമായ കേസില്‍ അറസ്റ്റിലായ ഇയാള്‍ നിലവില്‍ തോപ്പുംപടി, പനയപ്പിള്ളിയിലെ ഗോള്‍ഡന്‍മുക്കില്‍ വാടകയ്ക്കാണ് താമസം. മയക്കുമരുന്നുകള്‍ വീട്ടിനുള്ളില്‍ സൂക്ഷിച്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിതരണം ചെയ്യുകയാണ് പതിവ്.
എറണാകുളം എക്‌സൈസ് ആന്റിനര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡും ഇന്റലിജന്റ്‌സ് ബ്യൂറോയും ഇയാളെ നിരീക്ഷിച്ചു വരുകയായിരുന്നു. ആവശ്യക്കാര്‍ക്ക് ഇന്‍ജക്ഷന്‍ ചെയ്തുകൊടുക്കുന്ന പ്രതി ഒരേ സിറിഞ്ച് തന്നെയാണ് ഉപയോഗിച്ചിരുന്നതെന്ന് എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ എസ് രഞ്ജിത് പറഞ്ഞു.
ശനിയാഴ്ച രാത്രി ഒമ്പതിന് പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ആംപ്യൂളുകളും മയക്കുമരുന്നുകളും പിടിച്ചെടുത്തത്. പ്രതിയായ ഗുലാബ് സ്ഥിരമായി മയക്കുമരുന്നുകള്‍ കുത്തിവയ്ക്കുന്ന വ്യക്തിയാണ്. ബൂപ്രിനോര്‍ഫിന്‍ കാന്‍സര്‍ രോഗത്തിന് വേദനസംഹാരിയായി ഉപയോഗിക്കുന്ന മരുന്നാണ്. കറുപ്പില്‍ നിന്നാണ് ഇതു വേര്‍തിരിച്ചെടുക്കുന്നത്. ഒരു ഗ്രാമില്‍ കൂടുതല്‍ കൈവശം വയ്ക്കുന്നത് ജാമ്യമില്ലാ കുറ്റമാണ്. 503 ആംപ്യൂളുകളില്‍ 1006 ഗ്രാം ബൂപ്രിനോര്‍ഫിന്‍ അടങ്ങിയിട്ടുണ്ട്. ഒരു ആംപ്യൂളില്‍ 2 ഗ്രാം ബൂപ്രിനോര്‍ഫിന്‍ അടങ്ങിയിട്ടുണ്ട്. ടിഡിജെസിക് എന്ന ബ്രാന്‍ഡിലാണ് ആംപ്യൂളുകള്‍ അറിയപ്പെടുന്നത്. കടുത്ത അഡിക്ഷന്‍ ഉണ്ടാക്കുന്ന മയക്കുമരുന്നാണ് ബൂപ്രിനോര്‍ഫിന്‍. ഒരു സിറിഞ്ചില്‍ നിന്നു പലരും കുത്തിവയ്ക്കുന്നതു കൊണ്ട് എയ്ഡ്‌സ്, ഹെപ്പെറ്റൈറ്റിസ് ബി തുടങ്ങിയ മാരക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതിന് സാധ്യതയുണ്ട്. മയക്കുമരുന്ന് ആംപ്യൂള്‍ കാലാവധി കഴിഞ്ഞവയാണെന്നും ഇവ ആരോ കൊണ്ടുകൊടുത്തതാണെന്നുമാണ് ചോദ്യം ചെയ്യലില്‍ ഗുലാബി പറഞ്ഞതെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി എ അശോക് കുമാര്‍ വ്യക്തമാക്കി.
മയക്കുമരുന്നിനടിമയായതിനാല്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഇയാള്‍ പറയുന്നത്. കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യംചെയ്യുമെന്ന് എക്‌സൈസ് അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss