|    Aug 21 Mon, 2017 6:32 am
FLASH NEWS

‘അഹ്മദ് പട്ടേലിന്റെ വിജയം മോദി സര്‍ക്കാരിനേറ്റ പ്രഹരം’

Published : 11th August 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: പണമെറിഞ്ഞ് ജനാധിപത്യത്തെ അമ്മാനമാടുന്ന മോദി സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാരമാണ് അഹമ്മദ് പട്ടേലിന്റെ വിജയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യാ ദിന റാലിയോടനുബന്ധിച്ചു നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ജയവും തോല്‍വിയും സാധാരണമാണ്. എന്നാല്‍, ചാരക്കൂമ്പാരത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ പാരമ്പര്യമാണ് കോണ്‍ഗ്രസ്സിനുള്ളത്. അടുത്ത തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരും. മോദി രാജ്യം ഭരിക്കുമ്പോള്‍ സാധാരണക്കാരുടെ ജീവനും സ്വത്തിനും സുരക്ഷയില്ല. കോണ്‍ഗ്രസ് ഭരിച്ചപ്പോഴെല്ലാം നാട്ടില്‍ സമാധാനമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് മുക്തഭാരതമെന്നതാണ് അമിത് ഷായും നരേന്ദ്രമോദിയും ഇന്ത്യയില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം. എന്നാല്‍, അത് ഇന്ത്യയില്‍ വിലപ്പോവില്ല. രാജ്യത്ത് എല്ലാ മേഖലയിലും പ്രതിസന്ധികളാണ്. സാധാരണക്കാര്‍ക്കും ദലിതര്‍ക്കും ഇവിടെ ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ദലിത് വിദ്യാര്‍ഥികളെ കൂട്ടക്കൊല ചെയ്യുകയാണ്. അവരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നു. ഓരോ ദിവസവും ദലിത് പീഡനത്തിന്റെ വാര്‍ത്തകളാണ് കേള്‍ക്കുന്നത്. സംഘപരിവാരം തീരുമാനിക്കുന്നതേ ഇന്ന് രാജ്യത്ത് നടക്കൂ എന്നതാണ് നിലവിലെ സ്ഥിതി. ഇതിനെല്ലാം പരിഹാരം കാണാന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നേ മതിയാവൂ- അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എംപിമാരായ എം ഐ ഷാനവാസ്, എം കെ രാഘവന്‍, കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍, സക്കീര്‍ ഹുസൈന്‍, കെ കെ അബ്രഹാം, എം എസ് വിശ്വനാഥന്‍, കെ എല്‍ പൗലോസ്, എന്‍ ഡി അപ്പച്ചന്‍, പി വി ബാലചന്ദ്രന്‍, കെ സി റോസക്കുട്ടി ടീച്ചര്‍, അഡ്വ. എന്‍ കെ വര്‍ഗീസ്, വി എ മജീദ്, കെ കെ വിശ്വനാഥന്‍, പി പി ആലി സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക