|    May 26 Fri, 2017 9:23 am
FLASH NEWS

അഹിസ്‌ക തുര്‍ക്കികള്‍ക്ക് തുര്‍ക്കി പൗരത്വം നല്‍കുന്നു

Published : 14th July 2016 | Posted By: SMR

അങ്കാറ: ഉക്രെയ്‌നില്‍നിന്നു രാജ്യത്തെത്തിയ അഹിസ്‌ക തുര്‍ക്കികള്‍ക്ക് പൗരത്വം നല്‍കുമെന്ന് തുര്‍ക്കി ആഭ്യന്തരമന്ത്രി ഇഫ്കാന്‍ അല. ഇതിനായുള്ള നടപടികള്‍ തുടരുകയാണെന്നും അടിച്ചമര്‍ത്തപ്പെട്ടവരെ രാജ്യം സഹായിക്കുമെന്നും അല അറിയിച്ചു. രാജ്യത്തുള്ള സിറിയന്‍ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന് തുര്‍ക്കി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
മെസ്‌ഖെതിയന്‍ തുര്‍ക്കികള്‍ എന്ന പേരിലും അറിയപ്പെടുന്ന ഇവര്‍ കിഴക്കന്‍ ഉക്രെയ്‌നിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് കിഴക്കന്‍ തുര്‍ക്കി പ്രവിശ്യയായ എര്‍സിന്‍കനിലെ ഉസുംലുവിലേക്ക് പലായനം ചെയ്തവരാണ്. പ്രഖ്യാപനം ഉസുംലു നഗരത്തില്‍ അഹിസ്‌ക തുര്‍ക്കികള്‍ നൃത്തം ചെയ്താണ് സ്വാഗതം ചെയ്തത്. പൗരത്വം ലഭിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ഏറെക്കാലമായി ഈ വാര്‍ത്ത കേള്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു. ഉസുംലുവില്‍ 1200ഓളം അഹിസ്‌ക തുര്‍ക്കികളാണുള്ളത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കി വരുകയാണ്.
ലോക അഹിസ്‌ക തുര്‍ക്ക്‌സ് അസോസിയേഷന്റെ കണക്കുപ്രകാരം ഈ വിഭാഗത്തില്‍ പെട്ട 25,000ത്തോളം പേരാണ് തുര്‍ക്കിയില്‍ ജീവിക്കുന്നത്. സോവിയറ്റ് രാഷ്ട്രമായിരുന്ന ജോര്‍ജിയയിലാണ് ഇവരുടെ യഥാര്‍ഥ ഉദ്ഭവം. 1944ല്‍ ജോസഫ് സ്റ്റാലിന്‍ നാടുകടത്തിയതിനെത്തുടര്‍ന്നാണ് ഇവര്‍ തുര്‍ക്കിയിലെത്തിയത്. നിരവധി പേര്‍ ഉക്രെയ്‌നിലേക്കും കുടിയേറി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day