|    Jun 23 Sat, 2018 10:13 am
FLASH NEWS
Home   >  Fortnightly   >  

അഹിംസ-ബ്രാഹ്മണിസം

Published : 13th February 2016 | Posted By: swapna en

വി എം ഫഹദ്


 

Hinduism-

ചിതറിക്കിടക്കുന്ന ഹൈന്ദവ സമുദായങ്ങളെ യാതൊരുവിധ നവോത്ഥാന യജ്ഞങ്ങള്‍ക്കും വിധേയമാകാന്‍ അനുവദിക്കാതെ തങ്ങളുടെ സ്വകാര്യസ്വത്താക്കി പിടിച്ചുവെച്ചിരിക്കുകയാണ് ബ്രാഹ്മണ പൗരോഹിത്യം.


 

വിവിധ കാലഘട്ടങ്ങളില്‍ ഹൈന്ദവ പുനരുദ്ധാരണ ശ്രമങ്ങളെ  ഗൂഢാലോചനയിലൂടെ അട്ടിമറിച്ച് പരാജയപ്പെടുത്തുന്നതില്‍ അവര്‍ ഭാഗികമായി വിജയിച്ചിട്ടുണ്ട്. ഭാരതയുദ്ധത്തിനു ശേഷം ശക്തനായ ഒരു ക്ഷത്രിയ രാജാവിന്റെ അഭാവം ബ്രാഹ്മണര്‍ക്ക് തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമായി. പിന്നീട് വന്ന ബൗദ്ധ-ജൈന മുന്നേറ്റങ്ങളെയും മറ്റു സനാതനധര്‍മ്മ മതത്തിനു പുറത്തുള്ള ദര്‍ശനങ്ങളെയും ബ്രാഹ്മണര്‍ നിഷ്ഠൂരമായി അടിച്ചമര്‍ത്തി. ബൗദ്ധ കാലഘട്ടം വളരെ പ്രബുദ്ധവും അഹിംസാധിഷ്ടിതവുമായ ഒരു ദേശീയത ഭാഗികമായെങ്കിലും ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തിരുന്നു.

പ്രബുദ്ധത എന്നത് തന്നെ ഒരു ബൗദ്ധ സംഭാവനയാണ്. ബുദ്ധമതം ബ്രാഹ്മണ മേല്‍കോയ്മക്ക് വലിയ പരിക്കുകളാണേല്‍പിച്ചത്. അത് വര്‍ണ്ണവ്യവസ്ഥയെ ശിഥിലമാക്കുകയും വടക്കു പടിഞ്ഞാറും വടക്കു കിഴക്കും വര്‍ണവ്യവസ്ഥയുടെ മേല്‍കോയ്മയില്‍ നിന്നും ഏതാണ്ട് പൂര്‍ണമായും വിമുക്തമാക്കുകയും ചെയ്തു. എന്നിട്ടും ബുദ്ധമതത്തിന്റെ പുഷ്‌കല പാരമ്പര്യത്തെ സനാതന ഹിന്ദുമതത്തിന്റെ ഭാഗമാക്കി വ്യാഖ്യാനിച്ചു. ഇന്ത്യയുടെ അഭിമാനകരമായ ഭൂതകാലം സനാതന ഹിന്ദുമതത്തിന് പുറത്താണ് നാമ്പിട്ട് തളിര്‍ത്തത്. പിന്നീടാണ് അത്തരം പ്രസ്ഥാനങ്ങളെ സനാതനധര്‍മ്മ ഹിന്ദുമതം എന്ന ഒറ്റ ചരടില്‍ കോര്‍ത്തിണക്കിയുള്ള വ്യാഖ്യാനങ്ങള്‍ വന്നത്. അങ്ങനെ ബൗദ്ധ-ജൈന-സാംഖ്യ-യോഗ ദര്‍ശനങ്ങള്‍ ബ്രാഹ്മണിസത്തിനുള്ളിലെ ഫൂട്ട്‌നോട്ടുകളായി മാറി.

Brahmanism-
ഹിന്ദുമതം എന്നു പറയുന്ന അവ്യക്തമായ സങ്കല്‍പം രൂപംകൊള്ളുന്നത് ജാതിയോടുകൂടിയാണ്. ജാതി ബ്രാഹ്മണന്മാരുടെ മേല്‍കോയ്മയിലാണ് സ്ഥാപിതമായിരിക്കുന്നത്. പിന്നീട് ജാതിയുടെ ധര്‍മ്മം തന്നെ ബ്രാഹ്മണ പൗരോഹിത്യം നിലനിര്‍ത്തുകയെന്നതായി. ഈ അടിമത്തപരമായ സംവിധാനത്തിനെതിരെ വിവിധ കാലഘട്ടങ്ങളില്‍ ഉല്‍പതിഷ്ണുക്കളായ ഹിന്ദുക്കള്‍ പ്രതികരിക്കുകയും ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്തു. പുരോഗമനപരമായ ഈ ശ്രമങ്ങളെ തങ്ങളുടെ ദുഷ്ടലാക്കുകൊണ്ട് ബ്രാഹ്മണ പൗരോഹിത്യം ഇല്ലായ്മചെയ്തു. ഭൗതികവാദം പ്രചരിപ്പിച്ചതിനാണ് ദാര്‍ശനികനായ ചാര്‍വാകനെ ബ്രാഹ്മണര്‍ വകവരുത്തിയത്. വേദത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്തതായിരുന്നു ശംബുകന്റെ മേലുള്ള കുറ്റം. ബുദ്ധമതത്തെ പിന്തുണച്ചതിനാണ് കനിഷ്‌കനെ ഇല്ലാതാക്കിയത്. ആ നൈരന്തര്യത്തിന്റെ കണ്ണികളായാണ് ഗാന്ധിയും പന്‍സാരെയും ധ ബോല്‍കറും കല്‍ബുര്‍ഗിയുമൊക്കെ വരുന്നത്. ഇടക്കാലങ്ങളില്‍ നേരിട്ട തിരിച്ചടികളെ വളരെ സമര്‍ഥമായി ബ്രാഹ്മണിസം അതിജീവിച്ചു. മുഗള്‍ ഭരണകാലത്തും ബ്രാഹ്മണര്‍ ജാതിവ്യവസ്ഥിതിയുടെ ഗുണഭോക്താക്കളായി തന്നെ വിവിധ ഭരണമേഖലകളില്‍ സുരക്ഷിതരായിരുന്നു.
ബ്രിട്ടീഷുകാര്‍ സെന്‍സസ് എടുത്തതിലൂടെ ‘ഹിന്ദു’മതം അപരന്മാരെ (മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, യഹൂദ) വേര്‍തിരിച്ചുകൊണ്ട് ഒരു മതമെന്ന നിലയിലേക്ക് ഉയര്‍ന്നു. ഇസ്‌ലാമിലേക്കോ ക്രിസ്തുമതത്തിലേക്കോ പരിവര്‍ത്തനം ചെയ്യാത്തവരാണ് പ്രയോഗത്തില്‍ ഹിന്ദുക്കളായത്. ആധുനിക യുഗത്തെ അതിജീവിക്കാനുള്ള മികച്ച മാര്‍ഗ്ഗം ഹിന്ദുമതത്തെ തങ്ങളുടെ സംരക്ഷണ കവചമാക്കി മാറ്റുക എന്നതാണെന്ന് ബ്രാഹ്മണര്‍ മനസ്സിലാക്കി. സനാതനധര്‍മ്മം പാലിക്കുന്ന ഉപരിവര്‍ഗത്തെ സേവിക്കുന്ന ഘടനയോടുകൂടിയായിരുന്നു പുതിയ ഹിന്ദുമതത്തിന്റെ രൂപീകരണവും നടന്നത്. ഇതിനിടയില്‍ വന്ന ‘പരിഷ്‌കര്‍ത്താക്കള്‍’ എല്ലാവരും തന്നെ ഹിന്ദുമതത്തിന് ആവശ്യമായ ചേരുവകള്‍ ഉണ്ടാക്കിക്കൊടുത്തിരുന്നു. അക്കൂട്ടത്തില്‍ ജാതീയതയുടെ ക്രൂരമുഖം തിരിച്ചറിഞ്ഞ് അതിനെതിരെ വിവിധ രീതിയില്‍ രംഗത്തുവന്നവര്‍ ചെറിയ ചെറിയ ചലനങ്ങള്‍ സൃഷ്ടിച്ച് ഹിന്ദു മതത്തിന് സനാതനധര്‍മ്മത്തിനു പുറത്ത് ഒരു അസ്തിത്വം കണ്ടെത്താനുള്ള ശ്രമം നടത്തി. ആധുനികകാലത്ത് ഹിന്ദുമതത്തിനുള്ളിലെ ജീര്‍ണതകള്‍ തിരിച്ചറിഞ്ഞ് അതിനെ പരിഷ്‌കരിക്കാന്‍ ശ്രിമിച്ച ഹിന്ദു ഉല്‍പതിഷ്ണുക്കളില്‍ പ്രധാനി ഗാന്ധിയായിരുന്നു.

ഗാന്ധിയുടെ ഹിന്ദുമത പരിഷ്‌കരണം

gandhi
ഹിന്ദു മതത്തിനുള്ളില്‍ നിന്നുകൊണ്ടുതന്നെ അതിനെ പരിഷ്‌കരിക്കുകയെന്ന ശ്രമകരമായ ദൗത്യമേറ്റെടുത്ത ആധുനിക പരിഷ്‌കര്‍ത്താക്കളില്‍ മുന്‍ഗണനീയനാണ് ഗാന്ധി. ഇന്ത്യയെ ഒരൊറ്റ രാഷ്ട്രമായി മുന്നോട്ടുകൊണ്ടുപോകുന്നതില്‍ വിവിധ മതങ്ങളെ പരിഗണിക്കേണ്ട രീതിയെ കുറിച്ച് ബ്രാഹ്മണ പൗരോഹിത്യത്തില്‍ നിന്നും വ്യത്യസ്തമായ കാഴ്ച്ചപ്പാടായിരുന്നു ഗാന്ധിക്കുണ്ടായിരുന്നത്. അതില്‍ പ്രധാനം ഇന്ത്യയിലെ ഇതര മതവിശ്വാസികളെ തദ്ദേശീയരായിത്തന്നെ കാണാന്‍ ഗാന്ധി ശ്രമിച്ചു എന്നുള്ളതാണ്.
എല്ലാ മതങ്ങളോടും തുല്യമായ ബഹുമാനം ‘സര്‍വധര്‍മ സമഭാവ’ എന്ന അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് ബ്രാഹ്മണ പൗരോഹിത്യത്തിന് ദഹിക്കുന്നതായിരുന്നില്ല. ഗാന്ധിയുടെ മുന്നിലുള്ള പ്രശ്‌നം തുല്യതയും സാമൂഹ്യ നീതിയുമായിരുന്നു. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു: ‘ഏറ്റവും ദരിദ്രര്‍ക്ക് ഇത് തങ്ങളുടെ രാജ്യമാണെന്ന് തോന്നിപ്പിക്കുന്ന ഒരിന്ത്യക്കുവേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും. ജനങ്ങളില്‍ ഉയര്‍ന്ന വര്‍ഗ്ഗക്കാരോ താഴ്ന്ന വര്‍ഗ്ഗക്കാരോ ഇല്ലാത്ത ഒരിന്ത്യ, എല്ലാ സമുദായങ്ങളും തികഞ്ഞ സൗഹാര്‍ദത്തോടെ ജീവിക്കുന്ന ഒരിന്ത്യ. അത്തരമൊരു ഇന്ത്യയില്‍ അയിത്തമെന്ന ശാപത്തിന് യാതൊരു സ്ഥാനവുമുണ്ടായിരിക്കില്ല. എന്റെ സ്വപ്‌നത്തിലെ ഇന്ത്യ ഇതാണ്’. അങ്ങനെ ഗാന്ധി കഴിഞ്ഞ ഒന്നു രണ്ടു നൂറ്റാണ്ടുകാലമായി നടന്നു വരുന്ന ഹിന്ദുമത പരിഷ്‌കര്‍ത്താക്കള്‍ അവലംബവിച്ച ഉപരിപ്ലവമായ രീതികള്‍ക്ക് പകരം പുതിയൊരു പ്രവര്‍ത്തനപദ്ധതി ആവിഷ്‌കരിക്കുകയും ചെയ്തു.
വര്‍ണാശ്രമധര്‍മ്മത്തില്‍ ഒരു മതാചാരമെന്ന നിലയില്‍ വിശ്വസിക്കുമ്പോഴും അതിലെ ജന്മസിദ്ധമായ ജാതിയെന്ന സങ്കള്‍പത്തെ അദ്ദേഹം അംഗീകരിച്ചില്ല. അത് ബ്രാഹ്മണ പൗരോഹിത്യത്തിനേറ്റ വലിയ തിരിച്ചടിയായിരുന്നു.

വര്‍ണാശ്രമധര്‍മ്മങ്ങളില്‍ അദ്ദേഹം വിശ്വസിച്ചത് തികച്ചും വേദിക് ആയ അര്‍ഥത്തിലാണ്. മറിച്ച് വര്‍ത്തമാനകാലത്തില്‍ അധീശത്വവിഭാഗം വ്യവഹരിക്കുന്ന അര്‍ഥത്തിലല്ല. വര്‍ണാശ്രമധര്‍മ്മത്തെ സംബന്ധിച്ച അക്കാദമികവും പ്രായോഗികവുമായ ഗാന്ധിയുടെ നിലപാട് ബ്രാഹ്മണ പൗരോഹിത്യത്തിന് ഒരു വെല്ലുവിളിയായിരുന്നു.
ആധുനിക കാലത്തെ മറ്റ് ഹിന്ദു പരിഷ്‌കര്‍ത്താക്കളില്‍ നിന്നും ഗാന്ധി വ്യത്യസ്തനാകുന്നത് അദ്ദേഹം ഹിന്ദു യാഥാസ്ഥിതിക പൗരോഹിത്യത്തോടൊപ്പം നിന്നില്ല എന്നുള്ളതാണ്. അതിനു മുമ്പ് അത്തരം കാര്യങ്ങള്‍ സംസാരിച്ച പലരും ബ്രാഹ്മണ പൗരോഹിത്യത്തിന്റെ അപ്രമാദിത്വം അംഗീകരിച്ചു കൊടുത്തിരുന്നു. ഗാന്ധി സ്വയം ഒരു പരിഷ്‌കര്‍ത്താവായി തന്നെ കാണുകയും അത്തരം പ്രവര്‍ത്തനങ്ങളില്‍ തീവ്രമായി മുഴുകുകയും ചെയ്തു. ഹിന്ദുമതത്തിനുള്ളില്‍ അദ്ദേഹത്തിനൊരു പ്രവാചക പരിവേഷം കിട്ടിത്തുടങ്ങിയതാണ് ബ്രാഹ്മണരെ ചൊടിപ്പിച്ചത്. മുമ്പുള്ളവരില്‍ നിന്ന് വ്യത്യസ്തമായി മറ്റു മതങ്ങളോടുള്ള അദ്ദേഹത്തിന്റെ സൗഹൃദപരമായ ഉറച്ച നിലപാട് പുതിയ ഒരു പരീക്ഷണമായിരുന്നു. ഇന്ത്യയുടെ ആത്മാവ് വിവിധ മതങ്ങളുടെ ഐക്യത്തിലാണെന്ന് അദ്ദേഹം വിശ്വസിച്ചു. ബ്രാഹ്മണന്‍ ഒരു നല്ല ബ്രാഹ്മണനാകുന്നതും മുസല്‍മാന്‍ നല്ല മുസല്‍മാനാകുന്നതും സേവന മനോഭാവത്തോടെ ചര്‍ക്ക തിരിക്കുമ്പോള്‍ മാത്രമാണെന്ന് പറഞ്ഞതിലൂടെ ഒരേ ദേശീയതയുടെ ഭാഗമായി ഹിന്ദുവിനെയും മുസ്‌ലിമിനെയും കോര്‍ത്തിണക്കുകയായിരുന്നു ഗാന്ധി.

 

സനാതന ധര്‍മ്മവും ഹിംസയും

sanatandharmaനിരന്തര ഹിംസയിലൂടെ വളര്‍ന്നുവന്നിട്ടുള്ള സമുദായമാണ് ബ്രാഹ്മണര്‍. ഹിംസാത്മകമായ അധികാര സംവിധാനമാണ് ബ്രാഹ്മണ്യത്തെ നിലനിര്‍ത്തുന്നത്. ബ്രാഹ്മണ മതത്തിന്റെ ഹിംസാത്മക പ്രവര്‍ത്തനങ്ങളാണ് അഹിംസ എന്ന സങ്കല്‍പത്തിന് ജന്മം നല്‍കിയത്. ആധുനിക കാലത്ത് അഹിംസ ഉയര്‍ത്തിപ്പിടിച്ചതിലൂടെ ബ്രാഹ്മണരുടെ വെറുപ്പിനിരയാകുവായിരുന്നു ഗാന്ധി. ബുദ്ധന് ശേഷം അഹിംസയെ ബ്രാഹ്മണിസത്തിന് ഇത്ര ശക്തമായി നേരിടേണ്ടിവന്നിട്ടില്ലായിന്നു. ഒരിക്കല്‍ അദ്ദേഹം എഴുതി, ‘ഹൈന്ദവ വിശ്വാസ പ്രമാണങ്ങളെ നിര്‍വചിക്കാന്‍ എന്നോടാരെങ്കിലും പറഞ്ഞാല്‍ അഹിംസാ മാര്‍ഗത്തിലൂടെ സത്യത്തെ അന്വേഷിക്കുക എന്നാണ് ഞാന്‍ പറയുക’. ഗാന്ധിയുടെ ഈ ഹിന്ദുമതത്തെയാണ് ബ്രാഹ്മണ പൗരോഹിത്യം കൊല ചെയ്തത്. അത് ബുദ്ധനില്‍ നിന്നുള്ള അനുഭവത്തിന്റെ പാഠം കൊണ്ടുകൂടിയായിരുന്നു.

ഗാന്ധിയുടെ ഹിന്ദുമതം കൂടുതല്‍ പരിഷ്‌കൃതവും തുല്യതയിലും സമത്വത്തിലും ഊന്നിയുള്ളതുമായിരുന്നു. അന്ധവിശ്വാസങ്ങള്‍ക്ക് അതില്‍ സ്ഥാനമില്ലായിരുന്നു.

അതേസമയം അന്ധവിശ്വാസങ്ങളും അത് നിര്‍വ്വഹിക്കുന്ന യാഗങ്ങളിലുമായിരുന്നു പൗരോഹിത്യം നിലനിന്നിരുന്നത്. അഹിംസാധിഷ്ടിതമായതുകൊണ്ട് ബ്രാഹ്മണ പൗരോഹിത്യം ഗാന്ധിയുടെ ദര്‍ശനത്തെ എതിര്‍ക്കുകയായിരുന്നു. സംസ്‌കൃതമറിയാത്ത ഗാന്ധി ഭഗവത്ഗീതക്ക് വ്യാഖ്യാനമെഴുതിയത് ഭഗവത്ഗീതയെ വളച്ചൊടിക്കലാണെന്ന് അവര്‍ കുറ്റപ്പെടുത്തി. ഗാന്ധിക്ക് വ്യുല്‍പ്പത്തിയില്ലെന്ന് അവര്‍ കളിയാക്കി. നല്ലതും ചീത്തയും തമ്മിലുള്ള ദ്വന്ദ്വയുദ്ധമാണ് ഭഗവത്ഗീതയെന്നായിരുന്നു യാഥാസ്ഥിതിക വ്യാഖ്യാനം. ചില പ്രത്യേക സാഹചര്യങ്ങളില്‍ വധം നടത്തുക എന്നത് ഗീതയുടെ നിര്‍ദേശമാണെന്ന് അവര്‍ ഗാന്ധിയോടു തര്‍ക്കിച്ചു. എന്നാല്‍ സവര്‍ണരെ പ്രകോപിപ്പിക്കുംവിധം തന്റെ അഹിംസയിലുള്ള വിശ്വാസത്തില്‍ ഗാന്ധി ഉറച്ചു നിന്നു.
കോണ്‍ഗ്രസിന്റെ നേതൃത്വം മഹാരാഷ്ട്രാ ബ്രാഹ്മണരില്‍ നിന്നും അബ്രാഹ്മണനായ ഗാന്ധിയിലേക്ക് മാറിയതു മുതല്‍ ബ്രാഹ്മണര്‍ കോണ്‍ഗ്രസില്‍ നിന്നും അകന്നുതുടങ്ങിയിരുന്നു. മുമ്പ് കോണ്‍ഗ്രസിന് നേതൃത്വം നല്‍കിയിരുന്നത് ആര്യ-ബ്രാഹ്മണ സമാജങ്ങളുടെ നേതാക്കളായ ബാലഗംഗാധര തിലകനും ലാലാ ലജ്പത് റായിയുമൊക്കെ ആയിരുന്നല്ലോ. അങ്ങനെ അസംതൃപ്തരായ ഒരു സംഘം വലതുപക്ഷ സവര്‍ണ ഹിന്ദുക്കളാണ് ആര്‍.എസ്.എസിന് രൂപം നല്‍കുന്നത്. സ്വാഭാവികമായും ആര്‍.എസ്.എസ് ഗാന്ധിയുടെ രാഷ്ട്രീയത്തെ ഒരു അപകടമായി കണ്ടു. ഗാന്ധി ക്വിറ്റിന്ത്യാ സമരത്തിനും സര്‍ക്കാര്‍ ജോലികള്‍ ഉപേക്ഷിക്കുന്നതിനും ആഹ്വാനം നല്‍കിയപ്പോള്‍ എല്ലാവരും തല്‍സ്ഥാനത്ത് തുടര്‍ന്ന് ബ്രിട്ടീഷ് സര്‍ക്കാരിനെ സേവിക്കാന്‍ സവര്‍ക്കര്‍ ഹിന്ദു സംഘടനകളോട് ആഹ്വാനം ചെയ്തു. ഗാന്ധി ഹിന്ദു-മുസ്‌ലിം ഐക്യം വിഭാവന ചെയ്തപ്പോള്‍ മുസ്‌ലിംകളെ ശത്രുക്കളായും അവര്‍ മറ്റൊരു രാഷ്ട്രത്തിലേക്ക് മാറുന്നതിനെയും സംബന്ധിച്ച് സവര്‍ക്കര്‍ സംസാരിച്ചു. ഗോഹത്യ നിരോധിക്കപ്പെട്ടിട്ടുള്ളത് ഹിന്ദുക്കള്‍ക്കിടയില്‍ മാത്രമാണെന്ന് ഗാന്ധി വാദിച്ചപ്പോള്‍ ഗോഹത്യയുടെ പേരില്‍ കലാപം നടത്തുന്നതിനായിരുന്നു ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ താല്‍പര്യം. പശുവിനെ സംരക്ഷിക്കുന്നത് നമ്മുടെ സഹോദരനെ കൊന്നിട്ടു വേണോ എന്ന് ഗാന്ധി ചോദിച്ചു. തുടര്‍ന്ന് ഈ ഭിന്നത മൂര്‍ഛിച്ചു. ഗാന്ധി പാകിസ്ഥാന്‍ ചാരനാണെന്നും വേഷം മാറിയ ക്രിസ്ത്യാനിയാണെന്നും ബ്രാഹ്മണ പൗരോഹിത്യം പറഞ്ഞു.

Know-who-Nathur33064
ഹിന്ദു മുസ്‌ലിം ഐക്യം ഉയര്‍ത്തിപ്പിടിക്കുന്നതിന് ഗാന്ധിയും ജിന്നയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തുന്നത് അവര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അത്തരം കൂടിക്കാഴ്ചകളില്‍ നിന്ന് ഗാന്ധിയെ പിന്തിരിപ്പിക്കാന്‍ നിരന്തരം ശ്രമം നടന്നു. 1944 ല്‍ ജിന്നയുമായുള്ള കൂടിക്കാഴ്ച്ചക്ക് പുറപ്പെട്ട ഗാന്ധിയെ ഹിന്ദുമഹാസഭയുടെ പ്രവര്‍ത്തകര്‍ പിക്കറ്റ് ചെയ്തിരുന്നു. അന്നു തന്നെ അതില്‍ ചിലര്‍ ഗാന്ധിയെ ഗോഡ്‌സെ വധിക്കുമെന്ന് പറഞ്ഞിരുന്നത്രെ. ഈ കാലഘട്ടങ്ങളിലൊക്കെ ഗാന്ധിയെ വധിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ലഘുലേഘകള്‍ രഹസ്യമായി പ്രചരിച്ചിരുന്നു.
ഇന്ത്യയില്‍ നടക്കുന്ന ഇനിയും അവസാനിച്ചിട്ടില്ലാത്ത ഏറ്റവും വലിയ യുദ്ധം ഹൈന്ദവ യാഥാസ്ഥിതികത്വവും സ്വതന്ത്ര ചിന്താഗതിയും തമ്മിലുള്ളതാണെന്ന് റാം മനോഹര്‍ലോഹ്യ ഒരിക്കല്‍ പറയുകയുണ്ടായി.

ആ സ്വതന്ത്ര ചിന്താഗതിയുടെ ഇരയാണ് ഗാന്ധി. ചരിത്രത്തില്‍ ഈ സ്വതന്ത്ര ചിന്താഗതിക്ക് മേല്‍ക്കോയ്മയുണ്ടായിരുന്നപ്പോള്‍ മാത്രമാണ് ഇന്ത്യയില്‍ സമാധാനപരമായ സാമൂഹ്യ ജീവിതം സാധ്യമായിരുന്നത്. ബ്രാഹ്മണരെ ഒരു പ്രത്യേക ജാതിയാക്കിത്തീര്‍ത്തു എന്നുള്ളതല്ല ബ്രാഹ്മണ മതത്തിന്റെ ഏറ്റവും വലിയ അപരാധം. അത് മറ്റെല്ലാവരെയും എന്നെന്നേക്കുമായി ഭിന്നിപ്പിക്കുകയും തരംതാഴ്ത്തുകയും ചെയ്തു എന്നുള്ളതാകുന്നു. അത് മതവും വിദ്യയും ബ്രാഹ്മണന്റെ കുത്തകയാക്കി എന്നുള്ളതല്ല, അബ്രാഹ്മണരുടെ മാനസികവും ധാര്‍മ്മികവും ആയ വളര്‍ച്ചയെ അടിച്ചമര്‍ത്തി എന്നുള്ളതാകുന്നു. അതു യാഗാദി പൗരോഹിത്യകര്‍മ്മങ്ങള്‍ക്ക് അമിതമായ പ്രാധാന്യം കൊടുത്തു എന്നുള്ളതല്ല, മതത്തെ നിഷ്ഠൂരമായ ചൂഷണത്തിനും, മര്‍ദ്ദനത്തിനുമുള്ള ഉപകരണമാക്കിത്തീര്‍ത്തു എന്നുള്ളതാകുന്നു.
ഈ രാജ്യത്തെ ജനങ്ങളുടെ മാനസികവും ധാര്‍മികവുമായ അധ:പതനത്തിനും, അവര്‍ ജാതികലഹങ്ങളാലും അപമാനങ്ങളാലും പൗരുഷം നഷ്ടപ്പെട്ട് ഭീരുക്കളായിത്തീരുന്നതിനും മതം ഒട്ടാകെ പുരോഹിത കുതന്ത്രങ്ങളാല്‍ വ്യഭിചരിക്കപ്പെട്ട് ഭക്തജനങ്ങളെ നിര്‍ദ്ദയം ചൂഷണം ചെയ്യുന്നതിനുള്ള ഒരായുധമായിത്തീരുന്നതിനും, ഇടയാക്കുന്ന ഒരു തീരാശാപമായിട്ടാണ് ബ്രാഹ്മണമതം ആദി മുതല്‍ ഇന്നുവരെ വര്‍ത്തിച്ചിട്ടുള്ളതെന്ന സ്വാമി ധര്‍മ്മതീര്‍ത്ഥ മഹാരാജിന്റെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്.
വിഭജനത്തിനു ശേഷം ഭരണം കോണ്‍ഗ്രസിനു ലഭിക്കുകയും ഒരു സെക്യുലര്‍ സോഷ്യലിസ്റ്റ് ആയ നെഹ്‌റു പ്രധാനമന്ത്രിയായി വരികയും ചെയ്തു. നെഹ്‌റുവിന്റെ ‘ധര്‍മനിരപേക്ഷത’ യും ബ്രാഹ്മണതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. രാഷ്ട്രപിതാവായി ഉയര്‍ന്ന ഗാന്ധിയാണെങ്കില്‍ യാതൊരു തരത്തിലും ബ്രാഹ്മണരുടെ മേല്‍കോയ്മാപരമായ ജാതി താല്‍പര്യങ്ങള്‍ക്ക് കീഴടങ്ങുന്ന ആളായിരുന്നില്ല. ബ്രാഹ്മണ പൗരോഹിത്യത്തിന്റെ ഭീകര ദ്രംഷ്ട്രക്ക് വഴങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം. അതോടൊപ്പം ആദ്യത്തേതില്‍ നിന്ന് വ്യത്യസ്തമായി വര്‍ണാശ്രമധര്‍മ്മത്തെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു. ജാതി വ്യവസ്ഥ ഹിന്ദു മതത്തിന്റെ ഏറ്റവും വലിയ ശാപമാണെന്ന നിഗമനത്തിലദ്ദേഹം എത്തിച്ചേര്‍ന്നു. അവര്‍ണ വിഭാഗത്തെ സംസ്‌കരിച്ച് ഹിന്ദുമതത്തിന്റെ ഭാഗമാക്കുക എന്നത് ജാതിവ്യവസ്ഥയുടെ ഉള്ളില്‍ നടക്കുന്ന ഒരു കാര്യമല്ലായിരുന്നു. ഇതോടെ ഗാന്ധി പൂര്‍ണാര്‍ഥത്തില്‍ ബ്രാഹ്മണവിരുദ്ധ ചേരിയില്‍ എത്തിച്ചേരുകയായിരുന്നു.
പുതുതായി രൂപംകൊള്ളുന്ന രാജ്യം മതനിരപേക്ഷതയിലധിഷ്ടിതമായിരിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ഭരണഘടനയില്‍ എല്ലാ വിഭാഗങ്ങള്‍ക്കും തുല്യത ലഭിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഭരണഘടനാ നിര്‍മ്മാണത്തില്‍ മനുസ്മൃതി കത്തിച്ച അംബേദ്കറെ ഉല്‍പെടുത്തുന്നതിന് കോണ്‍ഗ്രസിന്റെ ഉള്ളില്‍ നിന്നുകൊണ്ട് അദ്ദേഹം വാദിച്ചു. ഇത് പിന്നീട് അംബേദ്കര്‍ ഗാന്ധിയുടെ മരണവേളയില്‍ അറിഞ്ഞപ്പോള്‍  ഗാന്ധിയെ ഞാന്‍ ഇനിയും കൂടുതലായി മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്ന് പറഞ്ഞു. സ്വാതന്ത്ര്യത്തിനു ശേഷം അത്തരമൊരു മതനിരപേക്ഷ മണ്ണില്‍നിന്നുകൊണ്ട് ഗാന്ധി ഹിന്ദുമത പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിച്ചിരുന്നെങ്കില്‍ ഇന്ത്യയില്‍ ഹിന്ദുമതത്തിന്റെ ചരിത്രം മറ്റൊന്നായേനെ. അങ്ങനെയാണ് ഗാന്ധിയെ വധിക്കുന്നതിലേക്ക് കാര്യങ്ങള്‍ വികസിക്കുന്നത്. ബ്രാഹ്മണമതത്തിനു വേണ്ടി ആ ധര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു ഗോഡ്‌സെ.

hqdefault

വീര്‍ സവര്‍ക്കര്‍

ഗാന്ധിയെ വധിച്ച കേസില്‍ മുഖ്യ പ്രതിയായ സവര്‍ക്കറിന്റെ ഫോട്ടോ പാര്‍ലമെന്റ് ഹാളില്‍ സ്ഥാപിച്ച് ആദരിക്കുകയും ഗോഡ്‌സെക്ക് ക്ഷേത്രം നിര്‍മ്മിച്ചു നല്‍കുകയും കുഷ്ടരോഗികളെ പരിചരിക്കുന്നതില്‍ മുഴുകി ജീവിച്ചിരുന്ന ഫാദര്‍ സ്റ്റെയിന്‍സിനെ ഉറങ്ങിക്കിടക്കുമ്പോള്‍ തീയിട്ടു കൊന്നതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ദാരാസിംഗിനെ ‘ഹിന്ദു വിശ്വാസത്തിന്റെ സംരക്ഷകന്‍’ എന്ന പദവി നല്‍കി ആദരിക്കുകയും ചെയ്യുന്നത് ബ്രാഹ്മണിക് ഹിംസയുടെ വിജയേതിഹാസങ്ങളാണ്.
ഗോഡ്‌സെയെ ഉയര്‍ത്തിക്കാട്ടുന്നതും അയാളുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതും സനാതനധര്‍മ്മ ഹൈന്ദവ മതത്തിന്റെ പുനരുദ്ധാരണത്തിന്റെ പ്രതീകമായിട്ടാണ്. കാരണം ശത്രുസംഹാരത്തിന് എല്ലാ യുഗത്തിലും ഈശ്വരന്‍ അവതരിക്കുമെന്നത് സനാതന ഹിന്ദു വിശ്വാസമാണല്ലോ. അപ്പോള്‍ ഗാന്ധിയെന്ന സനാതനഹിന്ദുമതത്തിന്റെ ശത്രുവിനെ നശിപ്പിച്ച ഗോഡ്‌സെക്ക് ക്ഷേത്രം നിര്‍മ്മിക്കാതെ തരമില്ലല്ലോ.
ഇപ്പോഴും നിമജ്ജനം ചെയ്യാതെ സൂക്ഷിച്ചിരിക്കുന്ന ഗോഡ്‌സെയുടെ ചിതാഭസ്മം അവിടെ ആരാധനക്കായി വെക്കുകയുമാവാം. എന്നിട്ട് ഓരോ ഹിന്ദുവും അവിടെ പോയി ‘ശത്രു’ക്കളെ കൊന്നോടുക്കുന്നതിന് പ്രതിജ്ഞ ചെയ്യട്ടെ!. ഗാന്ധി രക്തസാക്ഷിദിനം ‘ശൗര്യ’ദിനമായി ആചരിക്കാനാണത്രെ ഫാഷിസ്റ്റുകളുടെ തീരുമാനം. 79 വയസ്സുകാരനായിരുന്ന ഒരു മനുഷ്യനെ ആള്‍കൂട്ടത്തിനിടയില്‍ വെച്ച് ചതിയിലൂടെ വെടിവെച്ചുകൊല്ലുന്നതാണോ ‘ശൗര്യം’. പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന 77 വയസ്സുകാരനായ കല്‍ബുര്‍ഗിയെ വെടിവെച്ചുകൊന്നതില്‍ ശൗര്യം ദര്‍ശിക്കുന്നവര്‍ ഇനിയും സമാധാനപരമായ സാമൂഹ്യജീവിതത്തിനു മുന്നില്‍ തോക്കുമായി പ്രത്യക്ഷപ്പെടും.               ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss