|    Nov 16 Fri, 2018 6:30 am
FLASH NEWS
Home   >  Editpage  >  Lead Article  >  

അഹല്യക്കു മേലെ പരുന്തും പറക്കില്ല!

Published : 5th August 2018 | Posted By: kasim kzm

അവകാശങ്ങള്‍ നിഷേധങ്ങള്‍  – അംബിക

ഒരു വലിയ സ്ഥാപനത്തിനു മുന്നില്‍ തനിച്ച് സമരം ചെയ്ത സ്ത്രീക്കു നേരെ നടക്കുന്നത് അനീതികളുടെ പരമ്പരകളാണ്. അതിന് പോലിസും കണ്ണുമടച്ചു കൂട്ടുനില്‍ക്കുന്നു; എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി. സ്ത്രീസുരക്ഷയും തൊഴിലാളിക്ഷേമവുമൊന്നും പാലക്കാട്ടെ അഹല്യ ആശുപത്രിയില്‍ നിന്നു പുറത്താക്കപ്പെട്ട ലൈബ്രേറിയന്‍ മിഷയ്ക്ക് സംരക്ഷണമേകിയില്ല. കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടപ്പോള്‍ വീട്ടില്‍ പോയി ഇരിക്കാനോ മറ്റ് ജോലികള്‍ അന്വേഷിക്കാനോ ഒന്നും മിഷ തയ്യാറല്ലായിരുന്നു. കഴിഞ്ഞ ഒന്നരവര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്ത സ്ഥാപനം എന്തിനാണ് തന്നെ പിരിച്ചുവിട്ടതെന്ന മിഷയുടെ അന്വേഷണം ആശുപത്രി മാനേജ്‌മെന്റിന് ഇഷ്ടപ്പെട്ടില്ല. ഇതിനെ അച്ചടക്കമില്ലായ്മയും ധിക്കാരവുമായാണ് മാനേജ്‌മെന്റ് കണക്കാക്കിയത്. ഗത്യന്തരമില്ലാതെ സ്ഥാപനത്തിനു മുന്നില്‍ മിഷ കുത്തിയിരിപ്പു സമരം തുടങ്ങി. എന്നാല്‍, മിഷയുടെ സമരം ആശുപത്രിയിലേക്കുള്ള വഴി തടസ്സപ്പെടുത്തുകയാണെന്നാരോപിച്ച് മാനേജ്‌മെന്റ് കോടതിയെ സമീപിച്ചു. വിധി ആശുപത്രിക്കാര്‍ക്ക് അനുകൂലമായിരുന്നു. കോടതി നിര്‍ദേശമനുസരിച്ച് മിഷ തന്റെ സമരം ആശുപത്രിയില്‍ നിന്ന് 100 മീറ്റര്‍ അകലേക്കു മാറ്റി. എന്നാല്‍, പെരുമഴയത്തും പാലക്കാട്ടെ പൊരിവെയിലത്തുമായി, സമരപ്പന്തല്‍ പോലുമില്ലാതെ അവര്‍ കുത്തിയിരുന്നു നടത്തിയ സമരത്തോടും ആശുപത്രി അധികൃതര്‍ കടുത്ത അവഗണന തുടരുകയാണുണ്ടായത്. ഒരു ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കുപോലും അവര്‍ തയ്യാറായില്ലെന്നത് അഹല്യക്കാരുടെ തൊഴിലാളിവിരുദ്ധതയും സ്ത്രീവിരുദ്ധതയും വ്യക്തമാക്കുന്നതായിരുന്നു.
ഏതാനും പൊതുപ്രവര്‍ത്തകരുടെ പിന്തുണ മാത്രമാണ് അവര്‍ക്ക് തെല്ലെങ്കിലും ആശ്വാസമായത്. മുഖ്യധാരാ ട്രേഡ് യൂനിയനുകളോ രാഷ്ട്രീയപ്പാര്‍ട്ടികളോ അഹല്യക്കെതിരേയുള്ള സമരത്തിന് പിന്തുണയേകാന്‍ തയ്യാറായിട്ടില്ല. പണവും സ്വാധീനവുമുള്ളവരോടുള്ള മുഖ്യധാരയുടെ നിലപാട് മറ്റൊന്നാവുമെന്നു കരുതുന്നതില്‍ അര്‍ഥമുണ്ടെന്നു കരുതുന്നില്ല.
അഹല്യാ മാനേജ്‌മെന്റിന്റെ മനുഷ്യാവകാശ ലംഘനങ്ങളെ തുറന്നുകാട്ടി സമരവുമായി മുന്നോട്ടുപോവുന്ന മിഷയെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. തീര്‍ത്തും അരക്ഷിതമായ സാഹചര്യത്തില്‍ പെരുവഴിയില്‍ സമരം ചെയ്യുന്ന ഒരു സ്ത്രീ ഇതിനെതിരേ പോലിസിനെ സമീപിച്ചെങ്കിലും പോലിസ് അത് അവഗണിക്കുകയായിരുന്നു.
കരാര്‍ തൊഴിലാളികളെയും താല്‍ക്കാലിക തൊഴിലാളികളെയും നിയമിച്ച് അര്‍ഹതപ്പെട്ട യാതൊരുവിധ ആനുകൂല്യങ്ങളും നല്‍കാതെ അമിതലാഭം കൊയ്യുന്ന ഇത്തരം സ്ഥാപനങ്ങളില്‍ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന അനീതിയാണ് വാസ്തവത്തില്‍ മിഷ ചോദ്യംചെയ്തത്. എന്നാല്‍, കോടതിയും പോലിസുമെല്ലാം തൊഴിലാളിക്കു നല്‍കുന്നതിനേക്കാള്‍ സുരക്ഷയും പരിഗണനയും തൊഴിലുടമയ്ക്കു നല്‍കുന്നുവെന്നതാണ് മിഷയുടെ അനുഭവം വ്യക്തമാക്കുന്നത്. അഹല്യയില്‍ അകാരണമായി തൊഴിലാളികളെ, പ്രത്യേകിച്ച് സ്ത്രീകളെ പിരിച്ചുവിടുന്നത് ഒരു സാധാരണ കാര്യമാണ്. ഈ കീഴ്‌വഴക്കത്തെയാണ് മിഷ ചോദ്യംചെയ്തത്. അതാണ് മാനേജ്‌മെന്റിനെ ചൊടിപ്പിച്ചിരിക്കുന്നത്. ജില്ലാ ലേബര്‍ ഓഫിസിലും പോലിസ് സ്‌റ്റേഷനിലും കോടതി മീഡിയേഷനിലും മിഷയെ വിളിപ്പിച്ചെങ്കിലും തൊഴിലുടമയ്ക്ക് അനുകൂലമായ നിലപാടാണ് അവിടെനിന്നെല്ലാം ഉണ്ടായത്.
ജൂണ്‍ 9നാണ് മിഷ അഹല്യയുടെ മുമ്പില്‍ കുത്തിയിരിപ്പു സമരം ആരംഭിക്കുന്നത്. രണ്ടുമാസത്തോടടുത്തിട്ടും മാനേജ്‌മെന്റ് തുടര്‍ന്ന മനുഷ്യത്വവിരുദ്ധമായ സമീപനം മിഷയ്ക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. മഴയും വെയിലുമേറ്റ് തളര്‍ന്ന മിഷ കഴിഞ്ഞ തിങ്കളാഴ്ച തന്റെ കുത്തിയിരിപ്പു സമരം ആശുപത്രിയുടെ പ്രധാന ഗേറ്റിനടുത്തേക്കു മാറ്റി. എന്നാല്‍, വനിതാ പോലിസിനെ കൊണ്ടുവന്ന് മിഷയെ തടയാന്‍ ആശുപത്രിക്കാര്‍ ശ്രമിച്ചെങ്കിലും അവര്‍ കുത്തിയിരിപ്പ് തുടര്‍ന്നു. രാത്രി മുഴുവന്‍ അങ്ങനെ പോലിസ് കാവലിലായി കുത്തിയിരിപ്പ്. എന്നാല്‍, അടുത്ത ദിവസം മിഷ താന്‍ ജോലിചെയ്തിരുന്ന സ്ഥലത്തേക്കു പോവാന്‍ ശ്രമിച്ചതോടെ ആശുപത്രിയുടെ ഗുണ്ടകളും പോലിസും അവരെ വലിച്ചിഴയ്ക്കുകയും വസ്ത്രമാകെ കീറുകയും ചെയ്തു. വനിതാ പോലിസ് ഉണ്ടെങ്കിലും അവരുടെ സാന്നിധ്യത്തില്‍ നിയമവിരുദ്ധമായി, ആശുപത്രി ഗുണ്ടകളാണ് അവരെ വലിച്ചിഴച്ച് പോലിസ് വാഹനത്തില്‍ കയറ്റിയത്. കീറിപ്പറഞ്ഞ വസ്ത്രവുമായി കൊഴിഞ്ഞാമ്പാറ സ്റ്റേഷനിലെത്തിച്ച അവരെ അടുത്ത ദിവസമാണ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത മിഷ ഇപ്പോള്‍ പാലക്കാട് വനിതാ ജയിലില്‍ കഴിയുകയാണ്. അവിടെയും അവര്‍ സമരം തുടരുകയാണെന്നാണ് അവരെ സന്ദര്‍ശിച്ച നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ് ഓര്‍ഗനൈസേഷന്‍സ് (എന്‍സിഎച്ചആര്‍ഒ) സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി പറഞ്ഞത്. ജയിലില്‍ കഴിയുന്ന അവര്‍ക്ക് പുതിയ വസ്ത്രം വാങ്ങിക്കൊടുത്തതും അദ്ദേഹം തന്നെയാണ്. ജയിലില്‍ നിരാഹാരസമരവും മൗനവ്രതവും തുടരുന്ന മിഷയുടെ ദുരവസ്ഥ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായിട്ടില്ല. അതിനു കാരണമുണ്ട്; വന്‍ തുകയുടെ പരസ്യങ്ങളാണ് അവരെ അതില്‍ നിന്നു പിന്തിരിപ്പിക്കുന്നത്. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss