|    Mar 22 Thu, 2018 5:22 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

അഹങ്കാരത്തിനു കൂലി വരമ്പത്ത്

Published : 15th October 2016 | Posted By: SMR

slug-madhyamargamകഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കേരള ജനത അനുഭവിച്ച ആഹ്ലാദം വാക്കുകളാല്‍ വിവരിക്കാവുന്നതല്ല. വര്‍ണശബളമായ ആ കാലം ചാനലുകള്‍ ഇടയ്ക്കിടെ കാണിക്കുമ്പോള്‍ കോരിത്തരിച്ചുപോവുന്നു. വാസ്തവത്തില്‍ അക്കാലത്ത് ആഹ്ലാദപൂത്തിരി കത്തിച്ചുവയ്ക്കല്‍ ഗവണ്‍മെന്റിന്റെ മുഖ്യ അജണ്ട തന്നെയായിരുന്നു. സരിതേം ശാലൂം ജോപ്പനും പിന്നെ ബിജുമാരും ബാറും കോഴേം വിജിലന്‍സും ലഡ്ഡുവും പോരാത്തതിനു തിരുവഞ്ചൂരും… മുഖ്യമന്ത്രിയുടെ സമ്പര്‍ക്കവും ജമീലേടെ കടിയും ജോര്‍ജിന്റെ നാവും പിള്ളേം മോനും തമ്മിലുള്ള അടിപിടിയും ആകപ്പാടെ ഒരു ഓളമായിരുന്നു. ജനങ്ങള്‍ വല്ലാതെ രസിച്ചുകഴിയുമ്പോള്‍ മന്ത്രിമാര്‍ അഴിമതി ആഭരണമാക്കി നീണ്ടുനിവര്‍ന്നു നടന്നു. അക്കാലത്ത് ടെലിവിഷന്‍ തുറക്കാന്‍ എന്ത് ആവേശമായിരുന്നു. ആഹ്ലാദത്തില്‍ ആറാടിനടന്നവരൊക്കെ വോട്ട് ചെയ്യാന്‍ നേരത്ത് വളരെ സീരിയസ്സായി മാറി. എല്ലാം ശരിയാക്കുന്നവരെ കൈകൊട്ടി വിളിച്ച് ചുവപ്പു പരവതാനി വിരിച്ചുകൊടുത്തു. പൊന്നണിഞ്ഞ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ പിണറായി സര്‍ക്കാരിനെ കണ്ടത്. കേരളം അഴിമതിമുക്തമാക്കുന്ന ഭരണം! ഗൗരവമാണ് മന്ത്രിസഭയുടെ മുഖമുദ്ര. വര്‍ത്തമാനം കുറയ്ക്കണം. ചിരി തീരെ പാടില്ല. മാധ്യമങ്ങളെ കാണരുത്. മന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ചു ദിവസവും തലസ്ഥാനത്ത് ഉണ്ടാവണം. ഫയലുകളില്‍ കുമ്പിട്ടിരിക്കണം. സത്യപ്രതിജ്ഞ ലംഘിക്കരുത്. ഇങ്ങനെ ബഹു സീരിയസ്. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍പോലും ആരെയും അറിയിച്ചില്ല. ഇങ്ങനെ മന്ത്രിമാരൊക്കെ മസിലു പിടിച്ച് സീരിയസ്സായി നടക്കുന്നതിനിടയില്‍ അല്‍പമെങ്കിലും ആശ്വാസം പകര്‍ന്നത് ഇപി എന്നു സഖാക്കള്‍ വിളിക്കുന്ന ജയരാജന്‍ മന്ത്രിയായിരുന്നു. കാണാന്‍ മാത്രമുള്ള ഒരു മന്ത്രി. അദ്ദേഹം നിന്നാല്‍ നിന്നമാതിരിയുണ്ടാവും. മൈക്ക് കിട്ടിയാല്‍ പിന്നെ ചറപറ എന്നൊരു ഒഴുക്കാണ്. പണ്ട് കട്ടന്‍കാപ്പിയും പരിപ്പുവടയും കഴിച്ചു ശീലിച്ചതിനാല്‍ സഖാക്കള്‍ക്കു പ്രിയങ്കരനും പിരിവില്‍ പണ്ടേ ലോകപ്രശസ്തനായി അറിയപ്പെടുന്ന ദേഹവുമാണ്. നാലുമാസംകൊണ്ട് അദ്ദേഹം എന്തൊക്കെയോ ചെയ്തുകൂട്ടി. എന്തൊക്കെയോ പറഞ്ഞു. ആരും അതത്ര കാര്യമായി എടുത്തിരുന്നില്ല. സര്‍ക്കസിലെ കോമാളികള്‍ എന്തുപറഞ്ഞാലും കാണികള്‍ ചിരിച്ചുതള്ളുകയേ ഉള്ളു. അതുപോലെയാണ് സാമാന്യ ജനങ്ങള്‍ കണക്കാക്കിയത്. പക്ഷേ, സഖാക്കളെ ഇതൊന്നും അത്ര രസിപ്പിച്ചില്ല! നേതാക്കന്‍മാര്‍ നേര്‍വഴി തെറ്റുന്നതു നോക്കിയിരിക്കുന്ന കുറേ സഖാക്കളുണ്ട്. പാര്‍ട്ടിക്ക് ഇതില്‍ കാര്യമില്ല. മന്ത്രി ഇപി അത്രയ്ക്ക് ഗുരുതരമായ കുറ്റം ചെയ്തതായി തോന്നുന്നില്ല. ബന്ധുനിയമനത്തില്‍ മന്ത്രിക്ക് മന്ത്രിയുടേതായ കാഴ്ചപ്പാടും സമീപനവും മനസ്സാക്ഷിയും ഉണ്ടല്ലോ. മന്ത്രി വെറുതെ നിയമിച്ചതല്ല ഈ നിയമനങ്ങള്‍. അതിന് അടിസ്ഥാനമുണ്ട്. മന്ത്രിയായപ്പോള്‍ ഇ പി ജയരാജന് തന്റെ അച്ഛനെയും അമ്മയെയും നന്നായി ഓര്‍മ വന്നിട്ടുണ്ട്. അവര്‍ ഉണ്ടായതുകൊണ്ടാണല്ലോ തനിക്ക് ഈ ഭാഗ്യം കൈവന്നത് എന്നു സദാസമയവും ഓര്‍ക്കുമത്രെ! യുവാവായിരിക്കെ വീട്ടില്‍ വരാതെ പാര്‍ട്ടിപ്രവര്‍ത്തനവുമായി പരിപ്പുവട തിന്ന് കട്ടന്‍കാപ്പി കുടിച്ച് ഓടിച്ചാടി നടക്കുമ്പോള്‍ അച്ഛന്‍ വിളിച്ച് ജയരാജനോടു പറഞ്ഞുവത്രെ: ”മോനെ കുടുംബം നന്നാക്കീട്ടുവേണം നാടു നന്നാക്കാന്‍!” അച്ഛന്റെ ആ വാക്കുകള്‍ ജയരാജന്‍ തന്റെ ഹൃദയഭിത്തിയില്‍ ചില്ലിട്ടു സൂക്ഷിച്ചിരുന്നുവെന്നത് ഇപ്പോഴാണ് നമുക്കെല്ലാം ബോധ്യമായത്. മുഖ്യമന്ത്രി മറ്റു പലരെയും നിയമിച്ചതുപോലെ കുടുംബത്തിലെ കൊള്ളാവുന്നവരെയൊക്കെ നിയമിക്കാന്‍ മന്ത്രി അങ്ങു നിശ്ചയിച്ചു. കുടുംബത്തിലുള്ളവരെ നിയമിക്കാന്‍ പോലും അധികാരമില്ലെങ്കില്‍ പിന്നെ എന്തു മന്ത്രി എന്നു വിചാരിക്കുന്നതില്‍ എന്താണു തെറ്റ്! പോരാത്തതിനു മുഖ്യമന്ത്രി പിണറായിയുമായി പത്തുനാല്‍പത് വര്‍ഷക്കാലത്തെ അടുത്ത സൗഹൃദബന്ധം കൂട്ടിനുള്ളപ്പോള്‍ ആരെ പേടിക്കാനാണ്? പിണറായിയുടെ വലംകൈയാണ് ജയരാജന്‍ എന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം നല്ലതുപോലെ അറിയാം. വല്ല സംശയവും ഉള്ളവര്‍ക്ക് കണ്ണൂരിലെ പാര്‍ട്ടിക്കാരോടു ചോദിക്കാം. രണ്ടുപേരും കൂടിയാലോചിക്കാതെ ഒരു കാര്യവും ഇതുവരെ നടക്കാറില്ല. ഒരു പായയില്‍ കിടന്നുറങ്ങുന്നവര്‍ കൂടിക്കാഴ്ച നടത്തുന്നു എന്ന പ്രചാരണം വെറും മാധ്യമസൃഷ്ടിയുമാണ്. കണ്ണൂരിലെ ജയരാജന്‍മാര്‍ക്ക് ജനിക്കുമ്പോള്‍ തന്നെ കിട്ടിയ അനുഗ്രഹമാണ് ധിക്കാരവും അഹങ്കാരവും. ജന്മത്തില്‍ ലഭിച്ച അനുഗ്രഹം പാതിവഴിയില്‍ ആര്‍ക്കും ഉപേക്ഷിക്കാനും കഴിയില്ല. മന്ത്രിപ്പണികൂടി ലഭിച്ചതോടെ അഹങ്കാരം കൊമ്പത്തെത്തി നില്‍ക്കുകയും ചെയ്തിരുന്നു. ഈ സുവര്‍ണാവസരത്തിലാണ് കാര്യവിവരമില്ലാത്ത സഖാക്കള്‍ ബന്ധുനിയമനവിവാദം ഉയര്‍ത്തിവിട്ട് ആകെ പുകിലാക്കിയത്.  പാര്‍ട്ടിക്കും മുന്നണിക്കും സര്‍ക്കാരിനും നാണക്കേടുണ്ടാക്കി മന്ത്രി ജയരാജന്‍ കുടുക്കിലായി. അദ്ദേഹത്തിന്റെ പൊതുജീവിതത്തിനുമേല്‍ കരിനിഴല്‍ വീണു. ചുമ്മാ വീണതല്ല. സ്വന്തം സഖാക്കള്‍ തന്നെ മുന്നോട്ടുവന്നു വീഴ്ത്തിയതാണ്. ധിക്കാരം, അഹങ്കാരം അഴിമതി ഇതൊന്നും നല്ല ഗുണങ്ങളല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയുകയാണ്. മറ്റുള്ളവര്‍ക്ക് ഉത്തമ മാതൃകകളാവേണ്ട കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് നല്ലൊരു ഗുണപാഠമാണ് ഈ സംഭവങ്ങള്‍. പാര്‍ട്ടി സെക്രട്ടറി വരമ്പത്ത് കൂലിയെക്കുറിച്ച് ആവേശത്തോടെ പ്രസംഗിച്ചിരുന്നത് ഇത്തരുണത്തില്‍ ഓര്‍ത്തുപോവുന്നു. അക്രമികള്‍ക്ക് വരമ്പത്താണു കൂലി എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. അക്രമികള്‍ക്കു മാത്രമല്ല, അഹങ്കാരത്തിനും കൂലി വരമ്പത്താണെന്ന് അനുഭവത്തില്‍നിന്നു നാം മനസ്സിലാക്കണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss