|    Mar 30 Thu, 2017 4:30 am
FLASH NEWS

അസൗകര്യങ്ങളുടെ ആതുരാലയമായി തലശ്ശേരി ജനറല്‍ ആശുപത്രി

Published : 14th July 2016 | Posted By: SMR

തലശ്ശേരി: പ്രതിദിനം 1500ലധികം രോഗികള്‍ ചികില്‍സയ്‌ക്കെത്തുന്ന, അഞ്ഞൂറോളം രോഗികളെ കിടത്തി ചികില്‍സിക്കാന്‍ സൗകര്യമുള്ള തലശ്ശേരി ജനറല്‍ ആശുപത്രി ഇപ്പോഴും അസൗകര്യങ്ങളുടെ നടുവില്‍തന്നെ. 62ഓളം ഡോക്ടര്‍മാരും 180ഓളം നഴ്‌സുമാരും നഴ്‌സിങ് അസിസ്റ്റന്റ് മറ്റ് ജീവനക്കാരുമായി 300ഓളം സ്ഥിരം ജീവനക്കാരും ഉള്‍ക്കൊള്ളുന്നതാണ് തലശ്ശേരി ജനറല്‍ ആശുപത്രി.
സംസ്ഥാന സര്‍ക്കാര്‍ പ്രതിവര്‍ഷം ആറുകോടി ആശുപത്രിക്കായി ചെലവഴിക്കുന്നുമുണ്ട്. എന്നാല്‍, ആസൂത്രണ പിഴവിന്റെയും ആശുപത്രി ഭരണ സംവിധാനങ്ങളുടെ കഴിവില്ലായ്മയും മികച്ച ആശുപത്രിയായി വളരേണ്ട തലശ്ശേരി ജനറല്‍ ആശുപത്രിയെ ബഹുദൂരം പിന്നിലേക്ക് തള്ളിവിടുന്നു.
ഇവിടെ എത്തുന്ന രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും മൂത്രമൊഴിക്കാന്‍ ഒരു മൂത്രപ്പുര പോലുമില്ല. ആശുപത്രി അത്യാഹിത വിഭാഗത്തിന്റെയും സ്ഥിതിയും ഇതുതന്നെ. ആശുപത്രിയുടെ നവീകരണ പ്രക്രിയകള്‍ ആരംഭിക്കുന്നത് കഴിഞ്ഞ ജനുവരിയിലാണ്. ഒരു വര്‍ഷം നീളുന്നതാണ് ഈ പ്രവര്‍ത്തനം. ആശുപത്രിയിലെ പ്രധാന വാര്‍ഡായ മെഡിക്കല്‍ വിഭാഗം പുരുഷ/സ്ത്രീ വാര്‍ഡുകള്‍ ജനറല്‍ വാര്‍ഡിലേക്ക് മാറ്റി. സ്ത്രീ പുരുഷന്മാരായ രോഗികള്‍ക്ക് പകുത്ത് നല്‍കിയിരിക്കുകയാണ്.
മാരക രോഗം പിടിപെട്ട രോഗികളും സാധാരണ രോഗം പിടിപെട്ടവരും ഒരേ കട്ടിലിലാണ് കിടക്കുന്നത്. ഇവിടെ രണ്ട് കക്കൂസുകള്‍ ഉണ്ടെങ്കിലും ഒന്നു മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. രോഗികളുടെ കൂട്ടിരിപ്പുകാരും ആശ്രയിക്കുന്നത് ഈ കക്കൂസ് തന്നെ.
സെപ്റ്റിക് ടാങ്ക് നിറഞ്ഞു കവിഞ്ഞ് കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുകുന്നത് പൊതുജനം കാണാതിരിക്കാന്‍ ഷീറ്റിട്ട് മറച്ചിരിക്കുകയാണ്. അസഹനീയ ദുര്‍ഗന്ധമാണിവിടം. ആശുപത്രിയിലെ പഴയ ഡ്രൈനേജ് സിസ്റ്റം പുതുക്കി നിര്‍മിക്കാത്തതിനാല്‍ മാലിന്യം റോഡില്‍ ഒഴുകുന്നു. രക്തം, കഫം, മലം, മൂത്രം എന്നിവ പരിശോധിക്കുന്നതിനുള്ള ലബോറട്ടറിക്ക് ഒറ്റമുറി കടയുടെ വലിപ്പം മാത്രമാണുള്ളത്. ആധുനിക സ്‌കാന്‍ മെഷീന്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഉണ്ടെങ്കിലും ഡോക്ടര്‍മാരില്ല. ഇതുകാരണം നഗരത്തിലെ സ്വകാര്യ സ്‌കാനിങ് സ്ഥാപനങ്ങളെ ആശ്രയിക്കുകയാണ്. ഇത് സ്വകാര്യ സംരഭകരും ഡോക്ടര്‍മാരും തമ്മിലുള്ള അവിഹിത ബന്ധമാണെന്ന ആക്ഷേപം നിലവിലുണ്ട്. ആശുപത്രിയില്‍ ലിഫ്റ്റ് സൗകര്യം ഉണ്ടെങ്കിലും അവ പ്രവര്‍ത്തനക്ഷമമല്ല.
ഏഴര ലക്ഷം ചെലവഴിച്ച് ഈയിടെ പുതുക്കി പണിത ജെറിയാട്രിക് വാര്‍ഡ് ചോര്‍ന്നൊലിക്കുകയാണ്. മറ്റ് രോഗികള്‍ക്ക് പ്രത്യേകിച്ച് സൈക്യാട്രി വിഭാഗത്തിന് ഈ വാര്‍ഡ് അനുവദിക്കുകയാണെങ്കില്‍ ജനറല്‍ വാര്‍ഡിലെ വലിയ പ്രതിസന്ധി ഒഴിവാക്കാനാവും. പുതുക്കിയ ബേബി വാര്‍ഡില്‍ കിടത്തി ചികില്‍സിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം തുലോം കുറവാണ്.
ഈ പശ്ചാത്തലത്തില്‍ കിടത്തി ചികില്‍സയ്ക്ക് വിധേയരാവുന്ന സ്ത്രീകള്‍ക്ക് കുട്ടികളുടെ വാര്‍ഡിലെ ഒരുനില വിട്ട് നല്‍കാവുന്നതാണ്. കേരളത്തിലെ മികച്ച ബ്ലഡ് ബാങ്കുകളില്‍ ഒന്നാണ് ഇവിടുത്തേത്. കൂടാതെ, മരുന്നുകള്‍ക്ക് വലിയ ക്ഷാമവും ഇവിടെ അനുഭവപ്പെടുന്നില്ല. ഇങ്ങനെ ചില ഗുണവശങ്ങളും ആശുപത്രിക്കുണ്ട്. പോലിസ് എയ്ഡ് പോസ്റ്റും കുടിവെള്ളവും ഇവിടെ ലഭ്യമല്ല.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day