|    Jan 20 Fri, 2017 7:24 pm
FLASH NEWS

അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി തിരൂര്‍ ജില്ലാ ആശുപത്രി

Published : 7th April 2016 | Posted By: SMR

തിരൂര്‍: തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തുന്ന സാധാരണക്കാരായ രോഗികള്‍ സ്വകാര്യ ആശുപത്രികളെ അഭയം പ്രാപിക്കേണ്ട ഗതികേടില്‍. രോഗ നിര്‍ണയത്തിന് അത്യന്താപേക്ഷിതമായ ഇസിജിയും രാത്രി സമയങ്ങളില്‍ എക്‌സ് റേ സൗകര്യവും ഇവിടെയില്ല. സംസ്ഥാനത്തെ ഇസിജി സൗകര്യമില്ലാത്ത ഏക ജില്ലാ ആശുപത്രിയും തിരൂരാണ്. കാല്‍ കോടി രൂപ ചെലവില്‍ വാങ്ങിയ ഹൃദ്രോഗ പരിചരണ ഉപകരണങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഫിറ്റ് ചെയ്യാതെ പണിതീരാത്ത ആശുപത്രി കെട്ടിടത്തിന്റെ മൂലയില്‍ തുരുമ്പെടുക്കുകയാണ്.
അതിനാല്‍ നെഞ്ചുവേദനയുമായെത്തുന്ന രോഗികള്‍ക്ക് അടിയന്തര ചികില്‍സയുടെ അവസരം നഷ്ടപ്പെട്ട് മരണത്തിന് കീഴടങ്ങേണ്ട അവസ്ഥയാണ് ഇപ്പോള്‍ ജില്ലാ ആശുപത്രിയിലുള്ളത്. തീവ്ര ഹൃദ്രോഗ പരിചരണത്തിന് മാറ്റിവച്ച മുറിയാവട്ടെ ഡോക്ടര്‍മാര്‍ക്ക് വിശ്രമിക്കാനുള്ള ഡ്യൂട്ടി റൂമായി മാറിയിട്ടുമുണ്ട്. ഈ പ്രശ്‌നങ്ങള്‍ നിരന്തരം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പ്പെടുത്തിയിട്ടും പരിഹാരമുണ്ടായിട്ടില്ലെന്ന് പരാതിയുണ്ട്.
ഉദ്ഘാടനം കഴിഞ്ഞിട്ടും രോഗികള്‍ക്ക് ഉപകരിക്കാതെ കിടക്കുന്ന കോടികളുടെ ഉപകരണങ്ങളാണ് ജില്ലാ ആശുപത്രിയുടെ മറ്റൊരു ഗതികേട്. 50 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച മലിനജല പ്ലാന്റ് 2013 മാര്‍ച്ച് 31ന് മന്ത്രി മാണി ഉദ്ഘാടനം ചെയ്തിരുന്നു. എന്നാല്‍, അതിനു ശേഷം ഇന്നുവരെ ഈ പ്ലാന്റ് വഴി ഒരു തുള്ളി മലിന ജലം പോലും ശുദ്ധീകരിക്കപ്പെട്ടിട്ടില്ല. മൂന്നു വര്‍ഷമായിട്ടും ഈ ദുസ്ഥിതി തുടരുകയാണ്.
ഇപ്പോള്‍ ആശുപത്രിയില്‍ കെട്ടിനില്‍ക്കുന്ന മലിനജലം മേഖലയിലെ സുപ്രധാന കൊതുകുവളര്‍ത്തല്‍ കേന്ദ്രമാണ്. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നവരെ ചികില്‍സിക്കാനായി തുടങ്ങിയ ഡീ അഡിക്ഷന്‍ സെന്ററിന് 25 ലക്ഷം രൂപ ചെലവഴിച്ചെങ്കിലും 2013 ലെ ഉദ്ഘാടന ശേഷം ഒരു രോഗിയെപ്പോലും ചികില്‍സിച്ചിട്ടില്ല. ഇപ്പോള്‍ ഈ സെന്റര്‍ കെട്ടിടം ആശുപത്രി ഓഫിസായിട്ടാണ് ഉപയോഗിച്ചു വരുന്നത്.
60 വയസ്സു കഴിഞ്ഞവരുടെ ചികില്‍സയ്ക്കുവേണ്ടി ലക്ഷങ്ങള്‍ ചെലവിട്ട് പ്രത്യേകം പണികഴിപ്പിച്ച ജെറിയാട്രിക് വാര്‍ഡും 2013ല്‍ ഉദ്ഘാടനം കഴിഞ്ഞെങ്കിലും ചികില്‍സയ്ക്കുള്ള സൗകര്യം ഒരുക്കിയിട്ടില്ല. 2013 ജൂലൈയില്‍ രണ്ടു കോടിയോളം രൂപ ചെലവിട്ട് ആശുപത്രിയില്‍ എത്തിച്ച സിടി സ്‌കാന്‍ യന്ത്രം 2015 സപ്തംബറിലാണ് മന്ത്രി അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തത്. ഈ യന്ത്രത്തില്‍ ഇന്നുവരേക്കും ഒരു രോഗിയെ പോലും സ്‌കാനിങ് എടുത്തിട്ടില്ല.
ഈ സിടി സ്‌കാന്‍ യന്ത്രവും ഇരുട്ടുമുറിയില്‍ തുരുമ്പെടുക്കുകയാണ്. പല മന്ത്രിമാരും പല തവണ ഉദ്ഘാടനം നടത്തിയ ആശുപത്രിയിലെ അഞ്ചു നില ജനകീയ കൂട്ടായ്മാ കെട്ടിടം 2015 സപ്തംബറില്‍ മുഖ്യമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചെങ്കിലും ഇനിയും തുറന്നു കൊടുത്തിട്ടില്ല.
ഇപ്പോഴും പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഓപറേഷന്‍ തിയേറ്ററുകളും വാര്‍ഡുകളും ഉപകരണങ്ങളും പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റു ജീവനക്കാര്‍ എന്നിവരുടെ കുറവുമൂലം കഴിഞ്ഞ ആറുമാസമായി തിരൂര്‍ ജില്ലാ ആശുപത്രി ഭാഗികമായി മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. നഴ്‌സുമാരുടെ കൂട്ട സ്ഥലംമാറ്റം പ്രസവ-സ്ത്രീ രോഗവിഭാഗത്തിലും അസ്ഥിരോഗ വിഭാഗത്തിലും ഡോക്ടര്‍മാരുടെ കുറവ് രോഗീപരിചരണത്തെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്.
അതിനിടെ കഴിവുള്ള ഡോക്ടര്‍മാര്‍ പലരും സ്ഥലംമാറ്റ ഭീഷണിയിലുമാണ്.
പരിശീലനം ലഭിച്ച മെഡിക്കല്‍ ഓഫിസറില്ലാത്തതിനാല്‍ രക്ത ബാങ്ക് പ്രവര്‍ത്തനവും താളം തെറ്റിയിട്ടുണ്ട്. ഈ ചുമതല വഹിച്ചിരുന്ന ആര്‍എംഒ ഡോക്ടര്‍ അലി അഷ്‌റഫിനെ ഈയടുത്താണ് ആശുപത്രിയില്‍ നിന്നു സ്ഥലം മാറ്റിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 87 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക