|    Jan 23 Mon, 2017 8:33 pm
FLASH NEWS

അസ്‌ലമിന്റെ കൊലപാതകം: കുടുംബത്തിനു നഷ്ടപരിഹാരമില്ല; ലീഗില്‍ അമര്‍ഷം പുകയുന്നു

Published : 24th August 2016 | Posted By: SMR

പി സി അബ്ദുല്ല

വടകര: യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാദാപുരത്ത് മുസ്‌ലിംലീഗില്‍ അമര്‍ഷം പുകയുന്നു. കേസന്വേഷണത്തിന്റെ കാര്യത്തിലും അസ്‌ലമിന്റെ കുടുംബത്തിനു നഷ്ടപരിഹാരം ലഭ്യമാക്കുന്നതിലും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ ലീഗ് നേതൃത്വം പരാജയപ്പെട്ടുവെന്നാണ് അണികളുടെ ആക്ഷേപം.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ തൂണേരി ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ മാറാട് പ്രത്യേക കോടതി വെറുതെവിട്ട യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലം രണ്ടാഴ്ച മുമ്പാണ് കൊല്ലപ്പെട്ടത്.  അസ്‌ലമിന്റെ കൊലപാതകത്തില്‍ നേരിട്ട് ബന്ധമില്ലാത്ത ഒരു പ്രതിയെ ഇന്നലെ അറസ്റ്റ് ചെയ്തുവെങ്കിലും പോലിസ് നടപടിയില്‍ ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. കൊല നടന്നതിന്റെ പിറ്റേദിവസം പ്രതികളെ 24 മണിക്കൂറിനകം പിടികൂടുമെന്ന് ഉത്തരമേഖല പോലിസ് മേധാവി അറിയിച്ചിരുന്നുവെങ്കിലും പോലിസ് ഇപ്പോഴും നടപടികള്‍ക്ക് അറച്ചുനില്‍ക്കുകയാണ്. രാഷ്ട്രീയ കൊലപാതകക്കേസുകളില്‍ ഇതേവരെ പ്രകടമാവാത്ത തരത്തിലുള്ള ഉദാസീനതയാണ് പോലിസിന്റെ ഭാഗത്തുനിന്ന് അസ്‌ലം വധക്കേസില്‍ പ്രകടമാവുന്നത്. ലീഗ് നേതൃത്വവും സിപിഎമ്മും തമ്മിലുണ്ടാക്കിയ രാഷ്ട്രീയ ഒത്തുതീര്‍പ്പിന്റെ ഭാഗമാണ് കൊലയാളികളെ പിടികൂടാന്‍ വൈകുന്നതെന്ന ആക്ഷേപം മുസ്‌ലിംലീഗ് പ്രവര്‍ത്തകരില്‍ ശക്തമാണ്. യഥാര്‍ഥ കൊലയാളികളെ മാറ്റി സിപിഎം നിര്‍ദേശിക്കുന്ന വാടകപ്രതികളെ ഹാജരാക്കാനാണു നീക്കമെന്നും ഇതിന് ലീഗ് നേതൃത്വത്തിന്റെ മൗനാനുവാദം ഉണ്ടെന്നുമാണ് ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നത്.
അതേസമയം, അസ്‌ലമിന്റെ കുടുംബത്തിനു നഷ്ടപരിഹാരം ലഭ്യമാക്കുന്ന കാര്യത്തില്‍ ലീഗിന്റെ ഭാഗത്തുനിന്ന് കാര്യമായ ശ്രമങ്ങള്‍ ഉണ്ടാവുന്നില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഷിബിന്‍ കൊല്ലപ്പെട്ടപ്പോള്‍ ലീഗ് ഉള്‍പ്പെടുന്ന അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ 25 ലക്ഷം രൂപ കുടുംബത്തിനു നഷ്ടപരിഹാരമായി നല്‍കിയിരുന്നു. അന്ന് കാല്‍ക്കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിപിഎം രംഗത്തുവന്നപ്പോള്‍ മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ളവര്‍ മുന്‍കൈയെടുത്താണ് ഒരാഴ്ചയ്ക്കുള്ളില്‍ ഷിബിന്റെ കുടുംബത്തിന് അതേ തുകതന്നെ അനുവദിച്ചത്. അസ്‌ലം കൊല്ലപ്പെട്ടതിന്റെ മൂന്നാം ദിവസം വടകരയില്‍ നടന്ന സര്‍വകക്ഷി സമാധാനയോഗത്തില്‍ യുവാവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് മുസ്‌ലിംലീഗ് ആവശ്യപ്പെട്ടിരുന്നു. ലീഗിന്റെ ഈ ആവശ്യം സര്‍വകക്ഷി യോഗത്തിന്റെ പൊതു ആവശ്യമായി സര്‍ക്കാരില്‍ ഉന്നയിക്കാന്‍ ധാരണയായാണു സമാധാന യോഗം പിരിഞ്ഞത്. എന്നാല്‍, അസ്‌ലം കൊല്ലപ്പെട്ടശേഷം രണ്ടു മന്ത്രിസഭാ യോഗങ്ങള്‍ നടന്നുവെങ്കിലും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം പരിഗണനയ്ക്കു വന്നില്ല. സര്‍വകക്ഷി യോഗത്തിന്റെ തീരുമാനങ്ങള്‍ സമയബന്ധിതമായി തന്നെ സര്‍ക്കാരില്‍ അറിയിച്ചിട്ടുണ്ടെന്നാണ് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് വ്യക്തമാക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 823 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക