|    Jan 18 Wed, 2017 12:47 am
FLASH NEWS

അസ്‌ലം വധക്കേസ്: സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരായ കേസില്‍ നിസ്സാരവകുപ്പുകള്‍

Published : 28th August 2016 | Posted By: SMR

കാസര്‍കോട്: തൂണേരി ബെള്ളൂര്‍ കാലിയാറമ്പത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികളായ രണ്ടുപേര്‍ക്ക് ഒളിത്താവളം ഒരുക്കിയെന്ന കേസില്‍ അറസ്റ്റിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത് വിവാദമായി.
സിപിഎം കാഞ്ഞങ്ങാട് മടിക്കൈ ബങ്കളം ബ്രാഞ്ച് സെക്രട്ടറി അനിലിനെ ഹൊസ്ദുര്‍ഗ് പോലിസാണ് നാദാപുരം പോലിസിന് കൈമാറിയത്. അസ്‌ലമിനെ ഇടിച്ചുവീഴ്ത്തിയ കാറിന്റെ ഉടമയേയും മറ്റൊരു പ്രതിയേയും നാലു ദിവസം ബങ്കളത്തെ വീട്ടിലും കാഞ്ഞങ്ങാട് റസ്റ്റ് ഹൗസിലും ഇയാള്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചിരുന്നു. ചില സിപിഎം നേതാക്കളുടെ നിര്‍ദേശാനുസരണമാണ് കാഞ്ഞങ്ങാട് റസ്റ്റ് ഹൗസ് മാനേജരുടെ ഒത്താശയോടെ ഇയാള്‍ പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കിയത്. അറസ്റ്റിലായ മറ്റൊരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അനിലിന്റെ അറസ്റ്റ്. നാദാപുരം റൂറല്‍ എസ്പി ഓഫിസില്‍ മൂന്നു ദിവസത്തോളം ചോദ്യം ചെയ്ത പ്രതിയെ നിസ്സാരവകുപ്പുകള്‍ ചേര്‍ത്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. രണ്ട് എംഎസ്പി പോലിസുകാരുടെ നിരീക്ഷണത്തിലായിരുന്നു ഇയാളെ ചോദ്യം ചെയ്തത്.
പ്രതികളെ സംരക്ഷിച്ചതായി ഇയാള്‍ സമ്മതിച്ചിരുന്നു. എന്നാല്‍, പിന്നീട് പ്രതികള്‍ എങ്ങോട്ട് കടന്നെന്ന് അറിയില്ലെന്നായിരുന്നു ഇയാളുടെ മൊഴി. അഞ്ച് മാസം വരെ ജാമ്യം ലഭിക്കാത്ത വകുപ്പിന്റെ കുറ്റമാണ് പ്രതിയുടേതെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്. അന്വേഷണത്തില്‍ ഇടപെടില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴും അസ്‌ലം വധക്കേസിലെ പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയ ബ്രാഞ്ച് സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണ് ആഭ്യന്തരവകുപ്പ് സ്വീകരിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയുടെ ചില ഉന്നത കേന്ദ്രങ്ങള്‍ ഇടപെട്ടാണ് അറസ്റ്റിലായ ബ്രാഞ്ച് സെക്രട്ടറിക്ക് എളുപ്പത്തില്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചേര്‍ത്തത്. അതേസമയം, സര്‍ക്കാര്‍ അതിഥി മന്ദിരമായ ഹൊസ്ദുര്‍ഗ് റസ്റ്റ് ഹൗസ് കൊലക്കേസ് പ്രതികള്‍ക്ക് താമസിക്കാന്‍ നല്‍കിയ സംഭവം വിവാദമായിട്ടുണ്ട്. പാര്‍ട്ടി അനുഭാവിയായ റസ്റ്റ് ഹൗസ് മാനേജര്‍ക്കെതിരേ കേസെടുക്കുമെന്നാണ് സൂചന.
നേരത്തേ ഷിബിന്‍ വധക്കേസില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്ന കുറ്റംചുമത്തി അറസ്റ്റിലായ പത്തോളം പ്രതികളെ മാസങ്ങളോളം ജയിലിലടച്ചിരുന്നു. അസ്‌ലം വധവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരേ ദുര്‍ബലമായ കുറ്റം ചുമത്തി മോചിപ്പിച്ച സംഭവം യുഡിഎഫ് സമരായുധമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നാദാപുരത്തെ അസ്‌ലമിന്റെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമപോരാട്ടങ്ങള്‍ക്ക് മുന്‍പന്തിയില്‍ നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സപ്തംബര്‍ ഏഴിന് നാദാപുരം എസ്പി ഓഫിസിലേക്ക് യുഡിഎഫ് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം കാഞ്ഞങ്ങാട് റസ്റ്റ് ഹൗസില്‍ ജൂലൈ 29 മുതല്‍ ആഗസ്ത് ആറ് വരെ ആരും താമസിച്ചതായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. ജുലൈ 29നാണ് അസ്‌ലം കൊല്ലപ്പെട്ടത്. ഇതിനിടയിലുള്ള ദിവസങ്ങളില്‍ പ്രതികള്‍ റസ്റ്റ് ഹൗസില്‍ താമസിച്ചുവെന്നാണ് വിവരം. കാസര്‍കോട് പൊതുമരാമത്ത് കെട്ടിട നിര്‍മാണ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തിലാണ് മുറികള്‍ ബുക്ക് ചെയ്യേണ്ടത്. എന്നാല്‍, ഈ ദിവസങ്ങളില്‍ ഇവിടെ നിന്നും മുറികള്‍ ബുക്ക് ചെയ്തിട്ടില്ല. റസ്റ്റ് ഹൗസ് നടത്തിപ്പുകാരനായ മുരളി ഇടതുപക്ഷ സഹയാത്രികനാണ്. ഇയാള്‍ക്കെതിരേ നാളെ പോലിസില്‍ പരാതി നല്‍കുമെന്ന് യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഷറഫ് എടനീര്‍ തേജസിനോട് പറഞ്ഞു. റസ്റ്റ് ഹൗസ് നടത്തിപ്പുകാരനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്താനും യൂത്ത് ലീഗ് തീരുമാനിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക