|    Jan 18 Wed, 2017 9:49 am
FLASH NEWS

അസ്‌ലം വധക്കേസ് പ്രതികള്‍ കീഴടങ്ങാന്‍ സാധ്യത

Published : 17th August 2016 | Posted By: SMR

നാദാപുരം: യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലം വധക്കേസില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളെ കുറിച്ച് വിവരം ലഭിച്ചതായും പ്രതികള്‍ കോടതിയില്‍ കീഴടങ്ങാന്‍ സാധ്യതയുള്ളതായും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. കൊലപാതകസംഘം സഞ്ചരിച്ച ഇന്നോവ കാര്‍ വാടകയ്‌ക്കെടുത്ത യുവാവിനായുള്ള തിരച്ചിലിലാണ് അന്വേഷണസംഘം. കേസന്വേഷണത്തിന്റെ ഭാഗമായി, ബേപ്പൂര്‍ സ്വദേശിയില്‍ നിന്നു കാര്‍ വാടകയ്‌ക്കെടുത്ത രണ്ടുപേരെ കഴിഞ്ഞദിവസം പോലിസ് സ്‌റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. ഇവര്‍ നാലുദിവസമായി പോലിസ് കസ്റ്റഡിയില്‍ തന്നെയാണെന്നാണു സൂചന. റൂറല്‍ എസ്പി വിജയകുമാര്‍, എഎസ്പി ആര്‍ കറുപ്പസ്വാമി, സിഐ ടി സജീവന്‍, അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ട്.
ഇതിനിടയില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ കോടതിയില്‍ കീഴടങ്ങുമെന്ന അഭ്യൂഹം ശക്തമായതോടെ നാദാപുരം, കല്ലാച്ചി കോടതി പരിസരങ്ങളില്‍ മഫ്തിയില്‍ പോലിസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്. വെള്ളൂര്‍ മേഖലയില്‍ നിന്നുള്ള വിവിധ കമ്പനികളുടെ മൊബൈല്‍ ഡാറ്റകളും പോലിസ് പരിശോധനയ്ക്കു വിധേയമാക്കി. കൊലപാതകികള്‍ക്കു പ്രാദേശികമായ സഹായം ലഭിച്ചിട്ടുണ്ടെന്നും പോലിസ് വിശ്വസിക്കുന്നുണ്ട്. അസ്‌ലം കൊല്ലപ്പെടുന്നതിനു മണിക്കൂറുകള്‍ മുമ്പ് ഈ മേഖലയില്‍ നിന്നു പോയ മൊബൈല്‍ കോളുകളുടെ വിവരങ്ങള്‍ പോലിസ് ശേഖരിക്കുന്നുണ്ട്.
അതേസമയം, അസ്‌ലം വധവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അര്‍ധരാത്രി സിപിഎം നാദാപുരം ഏരിയാ സെക്രട്ടറി പി പി ചാത്തുവിന്റെ വീട്ടില്‍ വളയം, നാദാപുരം, കുറ്റിയാടി എന്നിവിടങ്ങളിലെ എസ്‌ഐമാരുടെയും വനിതാ പോലിസുകാരുടെയും നേതൃത്വത്തില്‍ പരിശോധന നടത്തി. പി പി ചാത്തുവിന്റെ വളയം നിരുവമ്മലിലെ വീട്ടിലാണു കഴിഞ്ഞദിവസം 12.30 ഓടെ പോലിസ് സംഘമെത്തിയത്. സംഭവമറിഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. റൂറല്‍ എസ്പി വിജയകുമാര്‍ സ്ഥലത്തെത്തി സിപിഎം നേതാക്കളുമായി സംസാരിച്ചാണ് സ്ഥിതി ശാന്തമാക്കിയത്.
പ്രതിയുടേതെന്നു കരുതുന്ന വിരലിന്റെ ഭാഗം കണ്ടെത്തി
നാദാപുരം: അസ്‌ലം വധക്കേസിലെ കൊലയാളിയുടേതെന്നു കരുതുന്ന വിരലിന്റെ ഒരുഭാഗം കൊലപാതകം നടന്ന സ്ഥലത്തുനിന്ന് അന്വേഷണസംഘത്തിന് ലഭിച്ചു. ഇതു വിശദമായ പരിശോധനയ്ക്കു ശേഷം ഡിഎന്‍എ ടെസ്റ്റിന് അയക്കുമെന്നും പ്രതികളെ കുറിച്ച് സൂചന കിട്ടിയതായും അന്വേഷണം ശരിയായ ദിശയില്‍ തന്നെ നടക്കുന്നതായും കണ്ണൂര്‍ റേഞ്ച് ഐജി ദിനേന്ദ്ര കശ്യപ്പ് പറഞ്ഞു. ഇന്നലെ രണ്ടുമണിയോടെ നാദാപുരം സ്‌റ്റേഷനില്‍ എത്തിയ ഐജി അന്വേഷണ ഉദ്യോഗസ്ഥരായ എഎസ്പി കറുപ്പസ്വാമിയുമായും കുറ്റിയാടി സിഐ സജീവന്‍ എന്നിവരുമായും ചര്‍ച്ചനടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 66 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക