|    Jan 18 Wed, 2017 3:10 am
FLASH NEWS

അസ്‌ലം വധം: മുഖ്യപ്രതി അറസ്റ്റില്‍

Published : 29th August 2016 | Posted By: SMR

നാദാപുരം: യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്‌ലം വധക്കേസില്‍ മുഖ്യപ്രതിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കൊലയാളിസംഘത്തിനു വഴികാട്ടിയ വെള്ളൂരിലെ കരുവന്റവിട രമീഷ് (26) ആണ് പിടിയിലായത്. ഡിവൈഎഫ്‌ഐ തൂണേരി കണ്ണങ്കൈ യൂനിറ്റ് ഭാരവാഹിയായ ഇയാള്‍ ഷിബിന്‍ കൊല്ലപ്പെട്ട സംഘര്‍ഷത്തില്‍ പരിക്കേറ്റ രാജേഷിന്റെ സഹോദരനാണ്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് അസ്‌ലം വധത്തില്‍ ഇയാളുടെ പങ്ക് വ്യക്തമായത്.  വധശ്രമം, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയ പ്രതിയെ നാദാപുരം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ രണ്ടു ദിവസമായി ഇയാള്‍ അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലായിരുന്നു.
അസ്‌ലം ദിനേന വൈകീട്ട് ചാലപ്രം വെള്ളൂര്‍ റോഡിലെ കളിസ്ഥലത്ത് പോവാറുണ്ടെന്ന കാര്യം മനസ്സിലാക്കിയ രമീഷ്, സംഭവദിവസം വൈകീട്ട് കാറില്‍ അസ്‌ലം സഞ്ചരിച്ച ബൈക്കിനെ പിന്തുടര്‍ന്ന് കൊലയാളിസംഘത്തിന് വിവരങ്ങള്‍ കൈമാറി. ഇതു പ്രകാരം ഇന്നോവ കാറിലെത്തിയ സംഘം ബൈക്കില്‍ കാര്‍ ഇടിച്ചുവീഴ്ത്തി അസ്‌ലമിനെ റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഇന്നോവ കാര്‍ വാടകയ്‌ക്കെടുത്തു നല്‍കിയ വളയം നിറവുമ്മല്‍ സ്വദേശി നിതിന്‍ എന്ന കുട്ടു, പ്രധാന പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കാസര്‍കോട് ഹൊസ്ദുര്‍ഗ് സ്വദേശിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ അനില്‍ ബങ്കളം തുടങ്ങിയവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അതിനിടെ, അസ്‌ലം വധക്കേസ് അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ച എഎസ്പി കറപ്പസ്വാമിയെ സ്ഥലം മാറ്റി. കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവ് ഇറക്കിയത്. കേസില്‍ സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റ് നടക്കുന്നതിനിടയിലാണ് നടപടി.
എഎസ്പിയായി ചാര്‍ജെടുത്ത് ഒരു വര്‍ഷം തികയാറായെങ്കിലും അദ്ദേഹം കൈക്കൊണ്ട പല നടപടികളിലും സിപിഎമ്മിന് എതിര്‍പ്പുണ്ടായിരുന്നു. വിവാദ പ്രസംഗം നടത്തിയ സിപിഎം നാദാപുരം ഏരിയാ സെക്രട്ടറി പി പി ചാത്തുവിന്റെ വീട്ടില്‍ പരിശോധന നടത്തി കേസെടുത്തത് കറപ്പസ്വാമിയുടെ നിര്‍ദേശപ്രകാരമായിരുന്നു.
ആഗസ്ത് 11നാണ് അസ്‌ലം (22) വെട്ടേറ്റു മരിച്ചത്. അക്രമികള്‍ സഞ്ചരിച്ചിരുന്ന വാഹനം ബേപ്പൂര്‍ സ്വദേശി രണ്ടുവര്‍ഷം മുമ്പ് മറിച്ചുവിറ്റതാണെന്ന് പോലിസ് കണ്ടെത്തിയിരുന്നു. കൂടാതെ പ്രതികള്‍ വിദേശത്തേക്ക് കടക്കാതിരിക്കാന്‍ അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 48 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക