|    Oct 19 Fri, 2018 4:27 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

അസ്‌ലം വധം: പ്രതികള്‍ വലയിലായതായി സൂചന

Published : 14th August 2016 | Posted By: SMR

aslam

നാദാപുരം: മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലം (19) കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികള്‍ വലയിലായതായി സൂചന. മൂന്നുപേര്‍ പോലിസ് കസ്റ്റഡിയിലുണ്ടെന്നാണു വിവരം. ഏതാനും പേര്‍ നിരീക്ഷണത്തിലാണ്. കൊലയാളികള്‍ സഞ്ചരിച്ച വാഹനവും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം പോലിസ് സ്ഥിരീകരിച്ചിട്ടില്ല.
അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന അസ്‌ലമിന്റെ സുഹൃത്ത് ഷാഫിയുടെ മൊഴി പോലിസ് രേഖപ്പെടുത്തി. കൊലയാളിസംഘം ഉപയോഗിച്ച ഇന്നോവ കാറിന്റെ നമ്പര്‍ കൈമാറിയിട്ടുണ്ട്. ചില്ലില്‍ മാഷാ അല്ലാഹ്  എന്ന സ്റ്റിക്കര്‍ പതിച്ചിരുന്നു. കാറിന്റെ നമ്പര്‍ വ്യാജമാണോയെന്നു പരിശോധിക്കും. വെട്ടിപ്പരിക്കേല്‍പ്പിച്ച സംഘം വെള്ളൂര്‍ കോടഞ്ചേരി ഭാഗത്തേക്കു പോയെന്നാണു പറയപ്പെടുന്നത്. അതിനിടെ, കേസന്വേഷണത്തിനായി വടകര എഎസ്പി കുറുപ്പ് സ്വാമിയുടെ നേതൃത്വത്തില്‍ ഏഴംഗസംഘത്തെ നിയമിച്ചു. ചൊക്ലിയില്‍നിന്നു വന്ന ആറംഗ സംഘമാണു കൊലപാതകത്തിനു പിന്നിലെന്നാണ് പോലിസിന്റെ അനൗദ്യോഗിക വിശദീകരണം.
അസ്‌ലമിന്റെ ശരീരത്തില്‍ 67 മുറിവുകള്‍ ഉണ്ടായിരുന്നതായി ഇന്‍ക്വസ്റ്റ് റിപോര്‍ട്ടില്‍ പറയുന്നുണ്ട്. 20ഓളം വെട്ടുകളേറ്റിരുന്നു. ഇതില്‍ 13 മുറിവുകള്‍ മുഖത്താണ്. മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വൈകീട്ട് ആറിന് തൂണേരി നിറത്തില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.  നാദാപുരത്ത് പൊതുദര്‍ശനത്തിനു വച്ചിരുന്നില്ല.
അതേസമയം, പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും അനുശോചന പരിപാടികള്‍ ഒഴിവാക്കണമെന്നും പാര്‍ട്ടി  അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു.
സംഭവം ദൗര്‍ഭാഗ്യകരം: മുഖ്യമന്ത്രി
കോഴിക്കോട്: നാദാപുരം തൂണേരിയില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലം കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെക്കുറിച്ച് പോലിസിന് കൃത്യമായ വിവരം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംഭവം ഏറെ ദൗര്‍ഭാഗ്യകരമാണ്. അക്രമം വ്യാപിക്കാതിരിക്കാന്‍ നടപടി സ്വീകരിച്ചുവരികയാണ്. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ജില്ലാ ഭരണകൂടം കൃത്യമായി ഇടപെടുന്നുണ്ട്. പോലിസ് ശക്തമായ നടപടികളുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss