|    Dec 11 Mon, 2017 10:18 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അസ്‌ലം വധം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ അറസ്റ്റ് രേഖപ്പെടുത്തി

Published : 24th August 2016 | Posted By: SMR

നാദാപുരം: യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് മുഹമ്മദ് അസ്‌ലം വധക്കേസിലെ ആദ്യ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വളയം സ്വദേശി കുട്ടു എന്ന നിധി(24)ന്റെ അറസ്റ്റാണ് നാദാപുരം പോലിസ് സ്‌റ്റേഷനില്‍ രേഖപ്പെടുത്തിയത്. നിധിനെ നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എന്നാല്‍, ഇയാള്‍ കൊലയാളി സംഘത്തില്‍പ്പെട്ടയാളല്ലെന്നും പ്രതികള്‍ക്ക് സഞ്ചരിക്കാന്‍ ഇന്നോവ കാര്‍ തരപ്പെടുത്തിക്കൊടുത്തുവെന്നതാണ് ഇയാള്‍ക്കെതിരേയുള്ള കേസെന്നും പോലിസ് പറഞ്ഞു.
തൂണേരിയിലെ മുഹമ്മദ് അസ്‌ലം വധക്കേസിലെ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞതായി പോലിസ് അധികൃതര്‍ പ്രഖ്യാപിക്കുമ്പോഴും കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താത്ത പോലിസ് നടപടി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. വെള്ളൂരിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന സി കെ ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെവിട്ട പ്രതികളിലൊരാളാണ് കൊലചെയ്യപ്പെട്ട അസ്‌ലം. അസ്‌ലമിന്റെ വധത്തെ തുടര്‍ന്ന് നാദാപുരം, തൂണേരി, വെള്ളൂര്‍ പ്രദേശങ്ങളില്‍ സിപിഎം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വീടുകള്‍ക്കു നേരെ വ്യാപക അക്രമം അരങ്ങേറിയിരുന്നു.
അസ്‌ലം വധവുമായി ബന്ധപ്പെട്ട് അര്‍ധരാത്രിയില്‍ സിപിഎം നാദാപുരം ഏരിയാ സെക്രട്ടറി പി പി ചാത്തുവിന്റെ വീട്ടില്‍ വളയം, നാദാപുരം, കുറ്റിയാടി എന്നിവിടങ്ങളിലെ പോലിസുകാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത് ഏറെ വിവാദമായിരുന്നു. ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെ വിട്ട പ്രതികളെ വകവരുത്തുമെന്ന രീതിയില്‍ പ്രസംഗിച്ച എരിയ സെക്രട്ടറി പി പി ചാത്തുവിനെതിരേ നാദാപുരം പോലിസ് കേസെടുത്തത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു.
അതേസമയം അസ്‌ലം വധക്കേസിലെ പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ച മടിക്കൈയിലെ പ്രാദേശിക സിപിഎം നേതാവിനെ കസ്റ്റഡിയില്‍ എടുത്തു. ബങ്കളത്തുള്ള അനിലെന്ന നേതാവാണ് പോലിസ് കസ്റ്റഡിയിലുള്ളത്. കോഴിക്കോട് ജില്ലാ പോലിസ് മേധാവി കാസര്‍കോട് ജില്ലാ പോലിസ് മേധാവിക്കു നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് എസ്‌ഐ ബിജുലാലാണ് അനിലിനെ പിടികൂടിയത്. പിന്നീട് ഇയാളെ നാദാപുരം പോലിസിന് കൈമാറുകയായിരുന്നു. ഹൊസ്ദുര്‍ഗ് റസ്റ്റ്ഹൗസിലും ബങ്കളത്തെ വീട്ടിലും രണ്ടു പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ചുവെന്നാണ് പോലിസിന്റെ കണ്ടെത്തല്‍. ജില്ലയിലെ മുന്‍ എംഎല്‍എയുടെ മകനുള്‍പ്പെടെയുള്ളവരും കസ്റ്റഡിയിലുള്ളതായാണ് വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക