|    Apr 24 Tue, 2018 12:35 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

അസ്‌ലം വധം: കൊലയാളികള്‍ കാണാമറയത്ത്

Published : 1st September 2016 | Posted By: SMR

aslam

വടകര: കുറ്റിയാടി വേളത്ത് വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ നടന്ന കൊലപാതകം ഉയര്‍ത്തിക്കാട്ടിയുള്ള കൊണ്ടുപിടിച്ച പ്രചാരണത്തിലൂടെ സിപിഎമ്മിന്റെയും ആര്‍എസ്എസിന്റെയും കൈയടി വാങ്ങിയ മുസ്‌ലിംലീഗിന് നാദാപുരം അസ്‌ലം വധക്കേസ് കനത്ത തിരിച്ചടിയാവുന്നു. കൊലപാതകം നടന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യിക്കുന്നതിലും യൂത്ത്‌ലീഗ് പ്രവര്‍ത്തകന്റെ കുടുംബത്തിനു നഷ്ടപരിഹാരം ലഭ്യമാക്കുന്നതിലും ലീഗ് സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്ന അണികളുടെ വികാരം പാര്‍ട്ടിയില്‍ വലിയ പ്രതിസന്ധിയാണു സൃഷ്ടിച്ചിട്ടുള്ളത്. മേഖലയില്‍ ലീഗ് അണികളില്‍ ഇരുണ്ടുകൂടിയ അമര്‍ഷവും പ്രതിഷേധവും പൊട്ടിത്തെറിയുടെ വക്കിലാണ്.
വേളത്ത് വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ രാഷ്ട്രീയമില്ലെന്നു തിരിച്ചറിഞ്ഞിട്ടും നസീറുദ്ദീന്‍ വധം രാഷ്ട്രീയമായി മുതലെടുക്കാനുള്ള തയ്യാറെടുപ്പുകളാണ് ലീഗ് ആവിഷ്‌കരിച്ചത്. കുറ്റിയാടി എംഎല്‍എ പ്രശ്‌നം നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശം ലീഗിന് ആവേശം പകരുകയും ചെയ്തു. വേളം കൊലപാതകത്തിന്റെ പേരില്‍ മഹല്ല് തലങ്ങളിലും മറ്റും ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളും അരങ്ങേറി. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മേഖലയില്‍ പല കാരണങ്ങളാല്‍ നിര്‍ജീവമായ അണികളെ എസ്ഡിപിഐ വിരോധം ഉയര്‍ത്തിക്കാട്ടി സജീവമാക്കാനാണു വേളം കൊലപാതകത്തിന്റെ മറവില്‍ ലീഗ് ശ്രമിച്ചത്.
അതേസമയം, തൂണേരി ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെവിട്ട നാലാം പ്രതി യൂത്ത്‌ലീഗുകാരന്‍ മുഹമ്മദ് അസ്‌ലം കൊല്ലപ്പെട്ടതോടെ ലീഗിന്റെ പദ്ധതികളെല്ലാം അട്ടിമറിഞ്ഞു. മാത്രവുമല്ല, അസ്‌ലം വധക്കേസില്‍ സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടിനെതിരേ ലീഗിന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുകയും ചെയ്തു. രാഷ്ട്രീയ കൊലപാതകക്കേസില്‍ മൂന്നാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തത് അത്യപൂര്‍വ സംഭവമാണ്. കൊലയാളിസംഘത്തിലെ ഒരാളെ പോലും നിയമത്തിനു മുമ്പില്‍ ഹാജരാക്കാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല. അസ്‌ലം വധക്കേസില്‍ സിപിഎമ്മിന്റെ താല്‍പര്യത്തിനു വഴങ്ങി പോലിസ് നിയമവാഴ്ചയെ നോക്കുകുത്തിയാക്കുകയാണെന്ന ആക്ഷേപം ശക്തമാണെങ്കിലും ഇക്കാര്യത്തില്‍ മുസ്‌ലിംലീഗിന്റെ ഭാഗത്തുനിന്ന് ഇനിയും ശക്തമായ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. അണികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി കഴിഞ്ഞദിവസം ലീഗിന്റെ നേതൃത്വത്തില്‍ എസ്പി ഓഫിസ് മാര്‍ച്ച് നടന്നുവെങ്കിലും ശ്രദ്ധിക്കപ്പെടാതെപോയതും പാര്‍ട്ടിക്ക് തിരിച്ചടിയായി.
മുസ്‌ലിംലീഗ് സംസ്ഥാന നേതൃത്വം പ്രശ്‌നത്തില്‍ ഇടപെടാന്‍ വിമുഖത കാണിക്കുന്നുവെന്നാണു നാദാപുരം മേഖലയിലെ ലീഗ് അണികളുടെ പരാതി. വടകരയില്‍ നടന്ന എസ്പി ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യാന്‍ പ്രധാന നേതാക്കള്‍ വിസമ്മതിച്ചതും പാര്‍ട്ടിയില്‍ ചര്‍ച്ചയായിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറ്റിയാടിയില്‍ പാറക്കല്‍ അബ്ദുല്ലയ്ക്ക് സീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് മേഖലയില്‍ ലീഗ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ വിഭാഗീയത രൂക്ഷമായിരുന്നു. ആ പ്രശ്‌നങ്ങള്‍ പരിഹരിച്ച് വരുന്നതിനിടെയാണ് അസ്‌ലം വധക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വത്തിനും പാറക്കല്‍ അബ്ദുല്ല എംഎല്‍എക്കും മറ്റുമെതിരേ പാര്‍ട്ടിയില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നത്. ഒരു സംസ്ഥാന ഭാരവാഹി ഉള്‍പ്പെടെ മേഖലയിലെ രണ്ടു മുതിര്‍ന്ന നേതാക്കള്‍ അസ്‌ലം വധവുമായി ബന്ധപ്പെട്ട് ലീഗ് സംസ്ഥാന നേതൃത്വത്തോട് രാജിഭീഷണ മുഴക്കിയതായും സൂചനയുണ്ട്.
അസ്‌ലമിന്റെ കുടുംബത്തിന് സര്‍ക്കാര്‍ അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യത്തില്‍ നിന്നു മുസ്‌ലിംലീഗ് പിന്തിരിഞ്ഞ മട്ടാണ്. ഷിബിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും അതിനാല്‍ അസ്‌ലമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യത്തില്‍ പാര്‍ട്ടിക്ക് സമ്മര്‍ദ്ദം ചെലുത്താന്‍ പരിമിതികളുണ്ടെന്നും ഒരു ഉന്നത ലീഗ് നേതാവ് തേജസിനോട് സൂചിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss