|    Sep 24 Mon, 2018 3:00 pm
FLASH NEWS

അസ്‌ലം കൊല്ലപ്പെട്ടിട്ട് അഞ്ചുമാസം: കുറ്റപത്രം സമര്‍പ്പിക്കാനാവാതെ പോലിസ്

Published : 9th January 2017 | Posted By: fsq

നാദാപുരം: പകല്‍ നടുറോഡില്‍ മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലം കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് അഞ്ചു മാസമായി. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാനാവാതെ അന്വേഷണം വഴിമുട്ടിയ നിലയില്‍. കൊലക്കുപയോഗിച്ച ആയുധങ്ങള്‍ കണ്ടത്താനും കുറ്റപത്രം നല്‍കാനും കഴിയാതെ പോലിസ്. സ്വന്തം പ്രവര്‍ത്തകന്റെ കൊലയാളികളെ കണ്ടെത്താന്‍ പാര്‍ട്ടി സമ്മര്‍ദ്ദം ചെലുത്തുന്നില്ലെന്ന് അണികള്‍ക്ക് അമര്‍ഷം. കഴിഞ്ഞ ആഗസ്റ്റ് 12ന് വൈകീട്ട് നാലോടെയാണ് വെള്ളൂര്‍ ചാലപ്പുറം റോഡില്‍ വച്ച് തൂണേരി വെള്ളൂരിലെ കാളിയപറംബത്ത് അസ്‌ലം കൊല്ലപ്പെടുന്നത്. ബൈക്കില്‍ കൂട്ടുകാരോടൊപ്പം സഞ്ചരിക്കുന്നതിനിടെ ഇന്നോവയില്‍ വന്ന അക്രമികള്‍ ഇടിച്ചുവീഴ്ത്തി വെട്ടിയും കുത്തിയും കൊല്ലുകയായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രധാന പ്രതികളില്‍ രണ്ടുപേരെ ഇനിയും പിടികൂടാനുണ്ട്. കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങളും ഇതുവരെ കണ്ടത്തിയിട്ടില്ല. പ്രധാന പ്രതികളില്‍ ചിലരെ പിടികൂടിയിട്ടും ആയുധങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തത് അന്വേഷണത്തിന്റെ പോരായ്മയാണ്. പോലിസില്‍ സമ്മര്‍ദ്ദം ചെലുത്താന്‍  ലീഗ് നേതൃത്വം മടി കാണിക്കുന്നതായാണ് അണികള്‍ വിശ്വസിക്കുന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ കോടതി വെറുതെവിട്ട അസ്‌ലം കൊല്ലപ്പെട്ടിട്ടും നേതാക്കള്‍ മൗനത്തിലാണെന്ന് അണികള്‍ ആരോപിക്കുന്നു. അസ്‌ലമിന്റെ കുടുംബത്തെ പാര്‍ട്ടി പരിഗണിക്കുന്നില്ലെന്നും അണികള്‍ക്ക് പരാതിയുണ്ട്. ഷിബിന്‍ കൊല്ലപ്പെട്ടപ്പോള്‍ തകര്‍ക്കപ്പെട്ട മുഴുവന്‍ വീടുകള്‍ക്കും നഷ്ടപരിഹാരം നല്‍കിയിട്ടും അന്നു കത്തിക്കപ്പെട്ട അസ്‌ലമിന്റെ വീടിന്റെ സംഖ്യ അസ്‌ലമിന്റെ മരണശേഷം നല്‍കാന്‍ തീരുമാനിച്ചെങ്കിലും ഇപ്പോള്‍  നല്‍കേണ്ട എന്നാണ് ഭരണകക്ഷി തീരുമാനം. അസ്‌ലമിന്റെ കുടുംബത്തിന് പണം നല്‍കിയാല്‍ നാദാപുരത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്നാണ് സിപിഎം നിലപാട്. തീരുമാനം വന്ന് ഒരു മാസത്തോളമായെങ്കിലും ലീഗ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അണികളുടെ എതിര്‍പ്പ് ഭയന്ന് അടുത്ത ആഴ്ച പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചിട്ടുണ്ട്. കുറ്റപത്രം നല്‍കാന്‍ വൈകുന്നതിനാല്‍ അസ്‌ലം കൊലക്കേസ് ദുര്‍ബ്ബലമാവുമെന്നാണ് നിയമരംഗത്തുള്ളവര്‍ പറയുന്നത്. അന്വേഷണം ശരിയായ വഴിയില്‍ പോയിരുന്ന സമയത്ത്  ഉദ്യോഗസ്ഥനെ മാറ്റിയാണ് പാര്‍ട്ടിക്ക് വേണ്ടി അന്വേഷണം നിര്‍ജ്ജീവമാക്കിയത്.കുറ്റപത്രം നല്‍കാത്തതിനാല്‍  മുഴുവന്‍ പ്രതികളും ഉടനെ ജാമ്യത്തില്‍ പുറത്തിറങ്ങും. ഇതോടെ തെളിവുകള്‍ പൂര്‍ണമായും നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. അതേസമയം ദൃക്‌സാക്ഷികളായ യൂത്ത്‌ലീഗ് പ്രവര്‍ത്തകരെ തിരിച്ചറിയല്‍ പരേഡിന് സാക്ഷിയായി എത്തിക്കാന്‍ പോലും ലീഗിന്  കഴിഞ്ഞിട്ടില്ല. അണികളുടെ വികാരം പരിഗണിക്കാനോ മകന്‍ നഷ്ടപ്പെട്ട കുടുംബത്തിന്റെ പ്രയാസമകറ്റാനോ ലീഗ് നേതൃത്വം താല്‍പര്യം കാണിക്കുന്നില്ലെന്നും നേതാക്കള്‍ ഒത്തൂതീര്‍പ്പ് രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറിയെന്നുമാണ് അണികളുടെ പരാതി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss