|    Feb 23 Thu, 2017 6:11 am
FLASH NEWS

അസ്‌ലം കൊല്ലപ്പെട്ടിട്ട് 100 ദിവസം; പോലിസും ലീഗും സിപിഎമ്മിന്റെ തടവില്‍

Published : 21st November 2016 | Posted By: SMR

നാദാപുരം:  മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് മുഹമ്മദ് അസ്‌ലം കൊല്ലപ്പെട്ടിട്ട് ഇന്ന് നൂറു ദിവസം പൂര്‍ത്തിയാവുന്നു. പ്രതികളെ പിടിക്കേണ്ട പോലിസും പ്രതിഷേധമുയര്‍ത്തേണ്ട മുസ്‌ലിം ലീഗും സിപിഎം സമ്മര്‍ദ്ദത്തില്‍ കുടുങ്ങി. തൂണേരി വെള്ളൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷിബിനെ കൊന്ന കേസില്‍ അസ്‌ലമിനെയും മറ്റുള്ളവരെയും പ്രത്യേക വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. ഇതിന് ശേഷമാണ് അസ്‌ലം കൊല്ലപ്പെടുന്നത്. ചാലപ്രം വെള്ളൂര്‍ റോഡില്‍ വച്ച് സിപിഎം സംഘം  കൊല്ലുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം കളിസ്ഥലത്തേക്ക് ബൈക്കില്‍ പോവുകയായിരുന്ന അസ്‌ലമിനെ ഇന്നോവ കാറില്‍ പിന്തുടര്‍ന്ന് ഇടിച്ചു വീഴ്ത്തിയായിരുന്നു കൊലപാതകം. പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും രണ്ടു ദിവസത്തിനകം അറസ്റ്റുണ്ടാവുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തൊട്ടടുത്ത ദിവസം നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍, കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത നാലു പേരെ വ്യക്തമായി തിരിച്ചറിഞ്ഞിട്ടും ഇതുവരെ പിടികൂട്ടി യിട്ടില്ല. പ്രദേശത്ത് ശക്തമായ സ്വാധീനമുണ്ടായിട്ടും പ്രതികളെ പിടികൂടാന്‍ വേണ്ട സമ്മര്‍ദ്ദം ചെലുത്താന്‍ ലീഗിനായിട്ടില്ല. ലീഗ് ചില പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചെങ്കിലും വേണ്ടത്ര സമ്മര്‍ദ്ദം രൂപപ്പെടുത്താനായില്ല. അസ്‌ലം വധം അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ആദ്യ ഘട്ടത്തില്‍ ശരിയായ ദിശയില്‍ അന്വേഷണം നടത്തിയെങ്കിലും പിന്നീട് സിപിഎമ്മിന്റെയും ആഭ്യന്തര വകുപ്പിന്റെയും സമ്മര്‍ദ്ദം മൂലം വഴിമുട്ടി. അന്വേഷണച്ചുമതലയുള്ള എഎസ്പി കറുപ്പസ്വാമിയെ മാറ്റിയതോടെ സത്യസന്ധമായ അന്വേഷണം ഇല്ലാതായി എന്നാണ് ആരോപണം. കാര്‍ വാടകക്ക് എടുത്ത ആളെയും പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ച കാസര്‍ക്കോട് ബങ്കളയിലെ സിപിഎം നേതാവ് അനിലിനെയും കൊലയാളികള്‍ക്ക് വഴി കാണിച്ചു കൊടുത്തവരെയുമൊക്കെ അറസ്റ്റ് ചെയ്യാന്‍ ധൈര്യം കാണിച്ച പോലിസ് യഥാര്‍ഥ പ്രതികളിലേക്ക് എത്തുമെന്നായപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും അന്വേഷണത്തില്‍ പാര്‍ട്ടി നേതാക്കളുടെ ഇടപെടല്‍ ഉണ്ടാവുകയും ചെയ്തത്. കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി ഗ്രാമത്തില്‍ ഇപ്പോഴും പ്രതികളെല്ലാം ഒളിവിലുണ്ടെന്ന് പറയപ്പെടുന്നു. അതേസമയം, അസ്‌ലം വധത്തിനു ശേഷം വാണിമേലില്‍ ഉണ്ടായ ചെറിയ സംഘര്‍ഷങ്ങളിലും ബോംബേറിലും പെട്ടവരെ കണ്ടെത്താന്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി ജയ്‌സ ണ്‍ എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടുന്നതിന് പകരം തങ്ങളെ പോലിസ് വേട്ടയാടുകയാണെന്നാണ് ലീഗ് പ്രവര്‍ത്തകര്‍ പറയുന്നത്. സിപിഎം നേതാക്കളുമായി ഉറ്റ ബന്ധം പുലര്‍ത്തുന്ന നേതാക്കള്‍ അണികളുടെ ജീവന് പോലും വിലകല്‍പ്പിക്കാതെ സിപിഎം നേതാക്കളുടെ ചൊ ല്‍പ്പടിക്ക് നില്‍ക്കുകയാണെന്നാണ് പരാതിപ്പെടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക