|    Apr 24 Tue, 2018 12:37 pm
FLASH NEWS
Home   >  Religion   >  

അസ്വസ്ഥരാവണം, നാം

Published : 29th October 2015 | Posted By: TK
democrazcy
ടികെ ആറ്റക്കോയരു നിയമസംഹിതയോ ഭരണക്രമമോ സ്വയമേവ പ്രവര്‍ത്തിക്കുകയില്ല. ഓരോന്നിന്റെയും വക്താക്കളും പ്രയോക്താക്കളുമാണ് സംഭവലോകത്തേക്ക് അവ പറിച്ചുനടുന്നത്. പരിഷ്‌കൃതലോകം ജനാധിപത്യത്തെയാണ് ഭരണസമ്പ്രദായമായി പരിഗണിച്ചുപോരുന്നത്. ജനങ്ങളുടെ ഭരണം, ജനങ്ങള്‍ക്കു വേണ്ടിയുള്ള ഭരണം, ജനങ്ങള്‍ നടത്തുന്ന ഭരണം എന്നാണ് ജനാധിപത്യത്തെക്കുറിച്ചുള്ള ഏറ്റവും പ്രശസ്തമായ നിര്‍വചനം. എന്നാല്‍, ഇന്ന് ജനാധിപത്യ ഭരണകൂടങ്ങള്‍ നല്‍കുന്ന ചിത്രം തുലോം വ്യത്യസ്തമാണ്. പലേടങ്ങളിലും ജനാധിപത്യത്തിന്റെ മറവില്‍ ഭരണകര്‍ത്താക്കള്‍ അക്രമം നടത്തുകയാണ്. പാകിസ്താനില്‍ ജനാധിപത്യമെന്നാല്‍ ബലൂചിസ്താനില്‍നിന്ന് എപ്പോഴും ഒരു ഗോത്രത്തലവന്‍ അല്ലെങ്കില്‍ അയാളുടെ മകന്‍ തിരഞ്ഞെടുക്കപ്പെടുകയെന്നാണര്‍ഥം. സിന്ധില്‍നിന്നെപ്പോഴും ഒരു ഭൂപ്രഭു തിരഞ്ഞെടുക്കപ്പെടുകയെന്നുമാണ്-പാകിസ്താനെകുറിച്ച് അക്ബര്‍ എസ് അഹ്മദിന്റെ അഭിപ്രായമാണിത്.
താഴെ കൊടുക്കുന്ന മാല്‍ക്കം എക്‌സിന്റെ വരികള്‍ അമേരിക്കന്‍ ജനാധിപത്യത്തിന്റെ ദുഷ്പ്രവണതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ‘അമേരിക്കന്‍ രാഷ്ട്രീയത്തില്‍ കണ്‍സര്‍വേറ്റിസം എന്നാല്‍, നീഗ്രോകളെ അവരവരുടെ പ്രദേശങ്ങളില്‍തന്നെ തളച്ചിടണം എന്നാണര്‍ഥം. ലിബറലിസമെന്നാല്‍ നീഗ്രോകളെ അവരുടെ പ്രദേശങ്ങളില്‍ തളച്ചിടണം പക്ഷേ, അവരോട് നന്നായി പെരുമാറും എന്ന് വാഗ്ദാനം നല്‍കി അവരെ വിഡ്ഢികളാക്കുക കൂടി ചെയ്യണം എന്നാണര്‍ഥം. അമേരിക്കയിലെ കറുത്ത വര്‍ഗക്കാരെ സംബന്ധിച്ചിടത്തോളം ഈ രണ്ടില്‍ ഒന്നിനെ സ്വീകരിക്കുക എന്നതിനര്‍ഥം ഒന്നുകില്‍ ലിബറല്‍ കുറുക്കന്റെ അല്ലെങ്കില്‍ കണ്‍സര്‍വേറ്റീവ് ചെന്നായയുടെ ഇരയായിത്തീരുകയാണെന്നെനിക്കു തോന്നിയിട്ടുണ്ട്.’
ഇന്ത്യ എന്തുമാത്രം ശക്തമായ ഒരു രാഷ്ട്രമാണെന്നാണ് ബ്ലൂസ്റ്റാര്‍ ഓപറേഷന്‍ തെളിയിച്ചത്. എന്നാല്‍, എത്രമാത്രം ദുര്‍ബലമായ ഒരു രാജ്യമായി ഇന്ത്യക്ക് തരംതാഴാന്‍ കഴിയുമെന്നാണ് അയോധ്യകലാപം തെളിയിച്ചത്. സുപ്രിംകോടതി, പാര്‍ലമെന്റ്, ദേശീയോദ്ഗ്രഥനസമിതി എന്നീ സ്ഥാപനങ്ങള്‍ എത്രമാത്രം നിസ്സഹായങ്ങളാണെന്നും അയോധ്യകലാപം തെളിയിച്ചു-രാജേന്ദ്രപുരിയുടേതാണ് ഇന്ത്യയെ കുറിച്ചുള്ള ഈ പരാമര്‍ശങ്ങള്‍.
ജനാധിപത്യധ്വംസനങ്ങള്‍ മൂലം കോടിക്കണക്കിനു ജനങ്ങളാണ് പ്രതിസന്ധികളിലേക്കും നിസ്സഹായതയിലേക്കും വലിച്ചെറിയപ്പെടുന്നത്. ജനായത്തത്തെ, രാജാധിപത്യമാക്കി മാറ്റിയതിന് ചരിത്രത്തില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. മുഹമ്മദ് നബിയുടെയും സച്ചരിതരായ ഖലീഫമാര്‍ എന്ന പേരില്‍ പ്രശസ്തരായ അബൂബക്കര്‍, ഉമര്‍ ഉസ്മാന്‍ അലി എന്നിവരുടെ കാലശേഷം ജനകീയനേതൃത്വത്തെ പുറംതള്ളി സ്വയം ഭരണകര്‍ത്താവായി പ്രഖ്യാപിക്കുകയും തന്റെ ജീവിതകാലത്തുതന്നെ മകന്‍ യസീദിനെ ഭാവിഭരണകര്‍ത്താവായി പ്രഖ്യാപിക്കുകയും ചെയ്ത മുആവിയയുടെ പ്രവൃത്തി അത്തരം ഒന്നാണ്. ജനായത്തത്തിന്റെ പുനഃസ്ഥാപനത്തിനു വേണ്ടി യസീദിനോട് പോരാടി ഇമാം ഹുസൈന്‍ കര്‍ബ്ബലയില്‍ രക്തസാക്ഷിയായി.
ഉത്തരങ്ങളുടെ ശാന്തിയിലേക്കല്ല ചോദ്യങ്ങളുടെ അശാന്തിയിലേക്കും അസ്വസ്ഥതയിലേക്കുമാണ് ഇമാം ഹുസൈന്‍ നമ്മെ ക്ഷണിക്കുന്നത്. ശാന്തി രണ്ടുവിധം എന്ന പോലെ അസ്വസ്ഥതകളും രണ്ടുവിധമുണ്ട്. ഹുസൈന്റെ അസ്വസ്ഥതയെയും യസീദിന്റെ അസ്വസ്ഥതയെയും ഭൂമിയില്‍ നീതിയുടെയും അനീതിയുടെയും വൈരുധ്യങ്ങളെ കാണിച്ചുതരുന്നു. മര്‍ദ്ദിതന്റെ ഉപബോധമനസ്സില്‍ ഹുസൈന്‍ അസ്വസ്ഥതയുള്‍ക്കൊള്ളുന്ന ചോദ്യങ്ങളുമായി നില്‍ക്കുന്നു.
നമ്മുടെ സുഷുപ്തിയിലേക്ക് ഒരു ചോദ്യവുമായി ഇമാം ഹുസൈന്‍ കത്തിപ്പടരുന്നു. ആ ആദര്‍ശ പിതാമഹന്‍ നമ്മെ ഇങ്ങനെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു. ‘നിങ്ങള്‍ നിങ്ങളുടെ വിശുദ്ധ ഗേഹത്തില്‍നിന്നു വളരെ അകലെയാണ്. ആദ്യം നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ ഗേഹത്തെ ശവപ്പറമ്പാക്കിയത്. പിന്നീട് നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍നിന്ന് എടുത്തെറിയപ്പെടുകയായിരുന്നു. നിങ്ങളുടെ രക്തത്തിനും ചരിത്രത്തിനും വേണ്ടി ഫറോവമാരും യസീദുമാരും കഴുകന്മാരായി വട്ടമിട്ടു പറക്കുന്നു. ആശയപരവും ആയുധപരവുമായ അക്രമങ്ങള്‍ക്ക് മുമ്പില്‍ എത്രനാള്‍ ഈ നിര്‍ജ്ജീവമായ നില്‍പ് നിങ്ങള്‍ക്കു തുടരാന്‍ കഴിയും? ഇമാം ഹുസൈന്‍ ഒരു അസ്വസ്ഥതയായി നമ്മുടെ സുഷുപ്തിയെ അലോസരപ്പെടുത്തട്ടെ.’
  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss