|    Nov 15 Thu, 2018 6:19 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അസ്താന സിവിസി ഓഫിസിലെത്തി; ഉദ്യോഗസ്ഥരെ കാണാനാവാതെ മടങ്ങി

Published : 10th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ (സിവിസി) ഓഫിസിലെത്തിയ സിബിഐ സ്‌പെഷ്യല്‍ ഓഫിസര്‍ രാകേഷ് അസ്താന ബന്ധപ്പെട്ടവരെ കാണാനാവാതെ മടങ്ങി. സിബിഐ ഡയറക്ടര്‍ അലോക് വര്‍മ മുഖ്യ വിജിലന്‍സ് കമ്മീഷണര്‍ കെ വി ചൗധരിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ മുമ്പാകെ ഹാജരായി മണിക്കൂറുകള്‍ക്കു ശേഷമാണ് അസ്താന സിവിസി ഓഫിസിലെത്തിയത്.
ഏതെങ്കിലും മുതിര്‍ന്ന ഉദ്യോഗസ്ഥനെ കാണാനാവാത്തതിനാല്‍ 10 മിനിറ്റിനു ശേഷം അദ്ദേഹം തിരിച്ചുപോയെന്ന് അധികൃതര്‍ പറഞ്ഞു. നേരത്തേ സമയം ചോദിച്ച് സന്ദര്‍ശനത്തിന് അനുമതി വാങ്ങിയല്ല അസ്താന എത്തിയത്. കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ ചൗധരിയെയും വിജിലന്‍സ് കമ്മീഷണര്‍മാരെയോ കാണാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. കമ്മീഷണര്‍മാര്‍ യോഗത്തിലായിരുന്നുവെന്നും അവര്‍ പറഞ്ഞു.
അസ്താന വ്യാഴാഴ്ച ചൗധരിയെയും വിജിലന്‍സ് കമ്മീഷണര്‍ ശരത് കുമാറിനെയും കണ്ടിരുന്നു. അലോക് വര്‍മയ്‌ക്കെതിരേ അസ്താന ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന സിവിസി സമിതി മുമ്പാകെ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ വര്‍മ ഹാജരായിരുന്നു.
അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കാന്‍ സുപ്രിംകോടതി നിയമിച്ച ജസ്റ്റിസ് എ കെ പട്‌നായികിന്റെ സാന്നിധ്യത്തിലായിരുന്നു വര്‍മ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ സുപ്രിംകോടതി അനുവദിച്ച രണ്ടാഴ്ചത്തെ സമയം ഇന്നു തീരുകയാണ്. തിങ്കളാഴ്ച റിപോര്‍ട്ട് സമര്‍പ്പിക്കണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss