|    Nov 20 Tue, 2018 10:57 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അസ്താനയ്‌ക്കെതിരേ ശക്തമായ തെളിവുകളുണ്ടെന്ന് സിബിഐ

Published : 2nd November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കൈക്കൂലിക്കേസില്‍ സിബിഐ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരേ ശക്തമായ തെളിവുകളുണ്ടെന്നു സിബിഐ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
കേസില്‍ ശക്തമായ പല തെളിവുകളും ഉള്ളതിനാല്‍ അസ്താനയ്‌ക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കാനാവില്ലെന്നും സിബിഐ വ്യക്തമാക്കി. തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അസ്താന നല്‍കിയ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹരജിയില്‍ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് സിബിഐ ഇന്നലെ കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, കൈക്കൂലിക്കേസില്‍ ഈ മാസം 14 വരെ അസ്താനയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞു കൊണ്ട് ജസ്റ്റിസ് നജ്മി വസീരിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.
അസ്താനയ്‌ക്കെതിരായ കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കേസില്‍ ഉള്‍പ്പെട്ട മറ്റു പലരുടെയും പങ്ക് വ്യക്തമാക്കുന്ന തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും അവയെല്ലാം അന്വേഷിച്ചു വരികയാണെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി. വ്യാപകമായ തരത്തിലുള്ള ഒരന്വേഷണം ഈ ഘട്ടത്തില്‍ സാധ്യമല്ല. കേസുമായി ബന്ധപ്പെട്ട പല രേഖകളും വസ്തുക്കളും കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ (സിവിസി) മുമ്പാകെയായതിനാല്‍ കേസന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
അസ്താനയ്‌ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത സിബിഐ എഎസ്പി എസ്എസ് ഗുര്‍മ് കേസില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ കോടതിയില്‍ അപേക്ഷ നല്‍കി. താനാണ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും കൈക്കൂലിയുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അത് കേസ് അന്വേഷണത്തെ സഹായിക്കുമെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.
എന്നാല്‍, കേസില്‍ യാതൊരുബന്ധവുമില്ലാത്ത ഗുര്‍മിന്റെ അപേക്ഷ പരിഗണിക്കരുതെന്ന് അസ്താനയുടെ അഭിഭാഷകന്‍ അമരീന്ദര്‍ ശരണ്‍ ആവശ്യപ്പെട്ടു. ഇതിനു ശേഷമാണ്, തങ്ങളുടെ പക്കല്‍ ശക്തമായ തെളിവുകളുണ്ടെന്ന് സിബിഐ പറഞ്ഞത്. കേസ് ഈ മാസം 14നു പരിഗണിക്കാനായി നീട്ടിവച്ചു.
മാംസ കയറ്റുമതി വ്യാപാരി മുഈന്‍ ഖുറേഷിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അട്ടിമറിക്കുന്നതിനു വേണ്ടി കൈക്കൂലി വാങ്ങിയ കേസില്‍ ഒന്നാംപ്രതിയാണ് അസ്താന. ഈ കേസില്‍ സിബിഐ ഡല്‍ഹി യൂനിറ്റിലെ ഡിവൈഎസ്പി ദേവേന്ദര്‍ കുമാറിനെ കഴിഞ്ഞമാസം അറസ്റ്റ്‌ചെയ്തിരുന്നു. സിബിഐപിടിയിലായേക്കാമെന്ന സാഹചര്യമുണ്ടായതോടെയാണ് അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് അസ്താന ഹൈക്കോടതിയെ സമീപിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss