|    Sep 22 Fri, 2017 4:31 am
Home   >  Editpage  >  Middlepiece  >  

അസുരഗണത്തിനു വേണ്ടത് ജയിലറ തന്നെ

Published : 28th February 2016 | Posted By: SMR

slug--indraprasthamആര്‍ഷഭാരതത്തിന്റെ ഒരു ഗുണം ആളോഹരി ദേവീദേവന്‍മാരുടെ കാര്യത്തില്‍ ഇവിടെ ഒരുകാലത്തും യാതൊരു ക്ഷാമവും ഉണ്ടായിരുന്നില്ല എന്നതാണ്. വേറെ ഏതു കാര്യത്തിലും നമുക്ക് കുറവുണ്ടെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഉദാഹരണത്തിന് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍. അതിലൊക്കെ ഇവിടെ ക്ഷാമം ഉണ്ടെന്നു പറഞ്ഞാല്‍ ആരും എതിരു പറയില്ല. പക്ഷേ, വന്ദിക്കാനും ഭജിക്കാനുമായി ദേവീദേവന്മാരുടെ ക്ഷാമം മാത്രം ഒട്ടുമില്ല.
ഇങ്ങനെ ദേവന്മാരുടെ എണ്ണം അമിതമാവുമ്പോള്‍ ചില കുഴപ്പമുണ്ട്. അവരില്‍ ചില കുഴപ്പക്കാരും ഉണ്ടാവും എന്നു വന്നേക്കാം. എല്ലാവരുടെയും സ്വഭാവമഹിമയും കുടുംബചരിത്രവും ഒന്നും കൃത്യമായി പരിശോധിക്കാന്‍ കഴിഞ്ഞെന്നുവരില്ല. അങ്ങനെ വരുമ്പോള്‍ ചില സംഗതികളൊക്കെ ചക്കിനു വച്ചത് കൊക്കിനു കൊണ്ടു എന്ന മട്ടില്‍ ആയിപ്പോവും.
അതാണ് പാര്‍ലമെന്റിലെ സംഘപരിവാര അമ്മായി സ്മൃതി ഇറാനിക്കൊച്ചമ്മയ്ക്കു പറ്റിയത്. ആള്‍ മഹാഭക്തയാണ്. ദുര്‍ഗയാണ് ഇഷ്ടദേവത. ദുര്‍ഗയാണെങ്കില്‍ അമിത പ്രതാപശാലിയായ ദേവതയാണുതാനും. ഒമ്പതുനാള്‍ പടവെട്ടി മഹിഷാസുരന്‍ എന്നൊരു ടിയാന്റെ കഴുത്തുവെട്ടിയ ചരിത്രമുള്ളയാളാണ്. അതിനാല്‍ നാട്ടില്‍ നവരാത്രി ആഘോഷം കെങ്കേമമായി നടക്കാറുണ്ട്. വിജയദശമി ദിവസമാണ് ആഘോഷങ്ങള്‍ അതിന്റെ പാരമ്യത്തിലെത്തുന്നത്. ഇറാനിക്കൊച്ചമ്മയുടെ ആത്മീയഗുരുക്കന്മാരായ നാഗ്പൂര്‍ കുറുവടിസംഘക്കാര്‍ അഖിലേന്ത്യാ കവാത്ത് നടത്തുന്നതും ഗുരുദക്ഷിണ സമര്‍പ്പിക്കുന്നതും വിജയദശമിദിവസം തന്നെ.
അങ്ങനെയുള്ള ദുര്‍ഗാദേവിയെ ഒരുമാതിരി അലമ്പായി അവതരിപ്പിക്കുന്ന നോട്ടീസാണ് കൊച്ചമ്മ പാര്‍ലമെന്റില്‍ വായിച്ചത്. ദുര്‍ഗയെ ജെഎന്‍യു എന്നു പറയുന്ന സര്‍വകലാശാലയിലെ ചില അസുരന്മാര്‍ മോശമായി ചിത്രീകരിച്ചു; അവറ്റകള്‍ രാജ്യദ്രോഹികളാണെന്നു സ്ഥാപിക്കാനാണ് നോട്ടീസ് വായിച്ചത്. നോട്ടീസ് സംഘടിപ്പിച്ചുനല്‍കിയത് ഡല്‍ഹി പോലിസിലെ ബുദ്ധിരാക്ഷസന്മാരാണ് എന്നു വിശേഷിച്ചു പറയേണ്ടതില്ലല്ലോ. അവര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത് സര്‍വകലാശാലയിലെ ചില അസുരവിത്തുകള്‍ കാളയിറച്ചി തിന്നുക മാത്രമല്ല, മഹിഷാസുരനെ ആരാധിക്കുകയും ചെയ്യുന്നുണ്ട് എന്നാണ്.
എന്നുമുതലാണ് കാളയിറച്ചി ദേശവിരുദ്ധമായത് എന്നു പോലിസ് പറയുന്നില്ല. പക്ഷേ, അസുരഗണങ്ങളെ ആരാധിക്കുന്നത് ദേശവിരുദ്ധമാണ് എന്ന കാര്യത്തില്‍ പോലിസിനോ സ്മൃതിക്കൊച്ചമ്മയ്‌ക്കോ യാതൊരു സംശയവുമില്ല. ദുര്‍ഗാദേവി തലയറുത്ത് അസുരന്റെ അഹങ്കാരം ശമിപ്പിച്ചതാണ്. ഇനി അവന്റെ പേരുപറഞ്ഞ് ഒരുത്തനും തലപൊക്കരുത് എന്നാണ് കൊച്ചമ്മയുടെ ന്യായം.
പക്ഷേ, സംഗതി കുഴപ്പമായി. രാജ്യസഭാ അധ്യക്ഷന്‍ പ്രസംഗത്തിലെ പ്രസക്തഭാഗം രേഖകളില്‍നിന്നു നീക്കിയിരിക്കുകയാണ്. ദുര്‍ഗയെ പാര്‍ലമെന്റില്‍ നിന്ദിക്കുകയാണ് കൊച്ചമ്മ ചെയ്തത് എന്നാണു പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്.
വെളിവില്ലാത്ത കക്ഷികളെ പിടിച്ചു വിദ്യാഭ്യാസമന്ത്രിയാക്കിയാല്‍ ഇതും ഇതിലപ്പുറവും സംഭവിക്കും. അസുരന്മാരെ ബ്രാഹ്മണസംഘം അധികാരത്തില്‍നിന്ന് ഇറക്കിവിട്ട കഥയാണ് മഹിഷാസുരവധത്തിന്റെ അര്‍ഥം എന്ന് രാജ്യത്ത് പലരും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. എന്നുവച്ചാല്‍ ആദ്യകാലത്ത് രാജ്യം ഭരിച്ച അസുരരാജാക്കന്മാരെ അട്ടിമറിച്ചാണ് ഈ ആര്യബ്രാഹ്മണ തേരോട്ടം നാട്ടില്‍ നടന്നത്. അതില്‍ വിജയിച്ചവര്‍ ഇന്നും നാടുഭരിക്കുന്നു.
പക്ഷേ, തോറ്റവരുടെ പിന്മുറക്കാര്‍ ഇന്നാട്ടില്‍ തന്നെയുണ്ട്. അവര്‍ തങ്ങളുടെ ചരിത്രവും പാരമ്പര്യങ്ങളും ഓര്‍മയായി നിലനിര്‍ത്തുന്നുമുണ്ട്. അതിനാല്‍ പലരും മഹിഷാസുരനെ മാത്രമല്ല, രാവണനെയും മഹാബലിയെയും ആരാധിക്കുന്നുമുണ്ട്. രാവണന്‍ രാക്ഷസനും മഹാബലി അസുരനുമായിരുന്നു. രണ്ടുകൂട്ടരും ആര്യബ്രാഹ്മണ സംസ്‌കൃതിയുടെ എതിര്‍പക്ഷത്ത്. രാവണന്റെ തലവെട്ടി. മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി.
എന്നാല്‍, മലയാളികള്‍ മഹാബലിയെ ആരാധിക്കുന്നുണ്ട്. ഓണം മലയാളികളുടെ ദേശീയോല്‍സവമാണ്. അസുരനെ ആരാധിക്കുന്നു എന്ന പേരില്‍ എന്നാണ് സംഘപരിവാര പോലിസ് ഇനി എഫ്‌ഐആര്‍ ഇടുക എന്നറിയില്ല. ഡല്‍ഹിയില്‍ അസുരപൂജ ദേശദ്രോഹമെങ്കില്‍ കേരളത്തിലും അങ്ങനെത്തന്നെ ആവണമല്ലോ. അങ്ങനെ വരുമ്പോള്‍ അടുത്ത ഓണത്തിന് എതാണ്ട് മൂന്നുകോടി ദേശദ്രോഹികള്‍ക്കെതിരേ വകുപ്പുതല നടപടി വരും എന്ന് തീര്‍ച്ച. ഇത്രയും ജനത്തെ ഉള്‍ക്കൊള്ളുന്നതിന് പുതിയ ജയിലുകള്‍ അടിയന്തരമായി നിര്‍മിക്കണം. ബജറ്റില്‍ ധനമന്ത്രി ഇക്കാര്യം ശ്രദ്ധിക്കുമെന്നു പ്രതീക്ഷിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക