അസീമാനന്ദയുടെ വെളിപ്പെടുത്തല്‍ കാണാതായി
Published : 15th March 2018 | Posted By: kasim kzm
ഹൈദരാബാദ്: സംഘപരിവാര നേതാക്കള്‍ പ്രതികളായ 2007ലെ മക്കാ മസ്ജിദ് സ്ഫോടനക്കേസില്‍ ഹിന്ദുത്വ നേതാവ് സ്വാമി അസീമാനന്ദയുടെ വെളിപ്പെടുത്തല്‍ അടങ്ങിയ സുപ്രധാന രേഖകള്‍ കാണാതായി. കേസിന്റെ ഭാവിയെത്തന്നെ ബാധിക്കാവുന്ന രണ്ടു പേജുള്ള നിര്‍ണായക രേഖയാണ് ദുരൂഹ സാഹചര്യത്തില്‍ കോടതിയില്‍ നിന്നു കാണാതായത്. വെളിപ്പെടുത്തല്‍ കുറിപ്പ് എന്ന പേരിട്ട് സൂക്ഷിച്ചിരുന്ന, എന്‍ഐഎ കുറ്റപത്രത്തിലെ 88ാം നമ്പര്‍ രേഖയാണിത്. സ്ഫോടനത്തിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ രേഖയില്‍ ഏതാനും മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളുടെ പേരുകളും പരാമര്‍ശിക്കപ്പെട്ടിരുന്നു.
കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ എസ്പി രാജാ ബാലാജി കോടതിയില്‍ തന്റെ മൊഴി രേഖപ്പെടുത്തുന്നതിനിടയിലാണ് രേഖ നഷ്ടപ്പെട്ടതായി അറിയുന്നത്. തുടര്‍ന്ന് ഒന്നര മണിക്കൂറോളം കേസിലെ കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കേണ്ടിവന്നു. അതിനു ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മറ്റു രേഖകള്‍ ഹാജരാക്കാന്‍ സാധിച്ചത്. കേസിലെ ആദ്യ കുറ്റപത്രം തയ്യാറാക്കിയത് ബാലാജി ആയിരുന്നു.
പിന്നീടാണ് കേസ് എന്‍ഐഎക്ക് കൈമാറിയത്. 2007 മെയ് 18ന് ഹൈദരാബാദിലെ മക്കാ മസ്ജിദില്‍ ആര്‍എസ്എസ് നടത്തിയ ബോംബ് സ്ഫോടനത്തിലെ മുഖ്യ പ്രതിയാണ് അസീമാനന്ദ. സംഭവത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹൈദരാബാദും സെക്കന്തരാബാദും വിട്ടുപോവരുതെന്ന വ്യവസ്ഥയില്‍ അസീമാനന്ദയ്ക്ക് കേസില്‍ ജാമ്യം ലഭിച്ചിരുന്നു. വിചാരണക്കോടതി ഉത്തരവിനെതിരേ എന്‍ഐഎ അപ്പീല്‍ നല്‍കിയില്ല. തുടര്‍ന്ന്, അസീമാനന്ദ ഏപ്രില്‍ ഒന്നിന് ചന്‍ചല്‍ഗുഡ ജയിലില്‍ നിന്ന് ജയില്‍മോചിതനായി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.