|    Jan 19 Thu, 2017 2:29 pm
FLASH NEWS

അസിസ്റ്റന്റ് പ്രഫസര്‍മാരുടെ നിയമനം നിര്‍ത്തിവയ്ക്കുന്നു

Published : 14th August 2016 | Posted By: SMR

പട്‌ന: ബിഹാറില്‍ അസിസ്റ്റന്റ് പ്രഫസര്‍മാരുടെ തസ്തികയിലേക്ക് നടന്നുവരുന്ന നിയമന പ്രക്രിയ മരവിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പബ്ലിക്ക് സര്‍വീസ് കമ്മീഷ (ബിപിഎസ്‌സി)നു നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ ജോലിയില്‍ ബിഹാര്‍ സ്വദേശികള്‍ക്ക് സംവരണം നടപ്പാക്കണമെന്ന ആര്‍ജെഡിയുടെയും മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളുടെയും ആവശ്യത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശം.
സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ വിവിധ വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രഫസര്‍മാരെ നിയമിക്കുന്നതിനനുള്ള കൂടിക്കാഴ്ചയാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഇതു നിര്‍ത്തിവയ്ക്കാന്‍ ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി അശോക് ചൗധരി അറിയിച്ചു. 3365 തസ്തികയിലേക്കുള്ള കൂടിക്കാഴ്ചയാണ് നടന്നുവരുന്നത്. സര്‍ക്കാരിന്റെ നിര്‍ദേശം പാലിക്കുമെന്നും എന്നാല്‍, ഇതുസംബന്ധിച്ച കത്ത് കിട്ടിയില്ലെന്നും ബിപിഎസ്‌സി സെക്രട്ടറി പ്രഭാത്കുമാര്‍ സിന്‍ഹ പറഞ്ഞു.
സര്‍ക്കാര്‍ ജോലികളിലും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബിഹാറുകാര്‍ക്ക് 80 ശതമാനം സംവരണം നടപ്പാക്കണമെന്നാണ് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് ആവശ്യപ്പെട്ടത്. ഇംഗ്ലീഷ് പോലുള്ള വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രഫസര്‍മാരുടെ തസ്തിക സംസ്ഥാനത്തിനു പുറത്തുള്ളവര്‍ കൈയടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലാലുവിന്റെ ആവശ്യത്തെ ബിജെപി നേതാവ് സുശീല്‍കുമാര്‍ മോദി പിന്തുണച്ചു. അസിസ്റ്റന്റ് പ്രഫസര്‍മാരുടെ തസ്തികയിലേക്കു നടന്നുവരുന്ന കൂടിക്കാഴ്ച നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. നിയമോപദേശം തേടിയ ശേഷം അസിസ്റ്റന്റ് പ്രഫസര്‍മാരുടെ നിയമനം നിര്‍ത്തിവയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ചൗധരി ഈ മാസം മൂന്നിന് നിയമസഭയെ അറിയിച്ചിരുന്നു. എന്നാല്‍, കൂടിക്കാഴ്ച പൂര്‍ത്തിയായവരുടെ കാര്യത്തില്‍ തീരുമാനം ബാധകമാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മൈഥിലി, ഇംഗ്ലീഷ് വിഷയങ്ങളിലെ ഫലങ്ങള്‍ കമ്മീഷന്‍ പ്രസിദ്ധീകരിച്ചതാണ്. മൈഥിലിയില്‍ ജയിച്ചവര്‍ കോളജുകളില്‍ ചേര്‍ന്നിട്ടുമുണ്ട്. ഫിസിക്‌സ്, ഇക്കണോമിക്‌സ്, ഫിലോസഫി, സൈക്കോളജി, കെമിസ്ട്രി എന്നീ വിഷയങ്ങളിലെ കൂടിക്കാഴ്ച പൂര്‍ത്തിയായി. 2009ലെ യുജിസി മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള നിയമനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. 2009ന് മുമ്പ് പിഎച്ച്ഡി ബിരുദം പൂര്‍ത്തിയായ ബിഹാറിലെ ഉദ്യോഗാര്‍ഥികള്‍ക്ക്  അവസരം നല്‍കുന്നതാണ് യുജിസി നിര്‍ദേശം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക