|    Mar 24 Sat, 2018 5:43 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

അസാധുവാക്കപ്പെടുന്ന ജീവിതങ്ങള്‍

Published : 28th November 2016 | Posted By: SMR

എ എസ് അജിത്കുമാര്‍

വിനിമയത്തില്‍ ഉണ്ടായിരുന്ന 86 ശതമാനം വരുന്ന നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി കേവലം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കുറിച്ചുള്ള ചര്‍ച്ചകളല്ലാതായിത്തീര്‍ന്നിട്ടുണ്ട്. നോട്ട് അസാധുവാക്കലിനു ശേഷമുണ്ടായ മരണങ്ങളും തൊഴില്‍നഷ്ടവും പട്ടിണിയും പണമില്ലായ്മയുമെല്ലാം കൂടുതലും ബാധിച്ചിരിക്കുന്നത് സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരെയാണ്. ദിവസക്കൂലിക്കാരെ സംബന്ധിച്ച് അവരുടേതായ രീതിയില്‍ ഓരോ ദിവസത്തെയും പണത്തിന്റെ ഉപയോഗവും ജീവിതത്തെ മുന്നോട്ടുകൊണ്ടുപോവുന്ന തീരുമാനങ്ങളെയും ഇതു പെട്ടെന്ന് തകിടം മറിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനം അടിസ്ഥാനപരമായി പൗരാവകാശങ്ങളെയും ജനയത്‌നത്തിന്റെ സാധ്യതകളെയും ഇല്ലായ്മ ചെയ്യുന്ന ഒന്നാണ്. പ്രാദേശികമായ സാമൂഹിക-സാമ്പത്തിക അധികാരങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഒരു കേന്ദ്രീകൃത അധികാരത്തെയും ഇതു വെളിപ്പെടുത്തുന്നു.
‘ഡീമോണിറ്റൈസേഷന്‍’ എന്നു പറയപ്പെടുന്ന ഈ നടപടിയെ സാധൂകരിക്കാന്‍ കൊണ്ടുവന്ന ‘കള്ളപ്പണം’ എന്ന വ്യവഹാരത്തിന്റെ പൊള്ളത്തരം ഇതിനോടകം തന്നെ വെളിവാക്കപ്പെടുന്ന ധാരാളം എഴുത്തുകള്‍ വന്നു. കള്ളപ്പണം എന്നത് പണമായി വീടുകളില്‍ സൂക്ഷിക്കപ്പെടുകയല്ല, മറിച്ച്, ഭൂമിയിടപാടുകളിലും സ്വര്‍ണമായും വിദേശ നിക്ഷേപങ്ങളിലും ഒക്കെയായി നിലനിര്‍ത്തപ്പെടുന്നുവെന്നു വ്യക്തമാക്കുന്ന എത്രയോ എഴുത്തുകളുണ്ട്.
നികുതി അടയ്ക്കാതെ കണക്കു കാണിക്കാത്തതിനെയാണ് ‘കള്ളപ്പണം’ എന്ന പേടിപ്പെടുത്തുന്ന ഒന്നായി കാണിക്കുന്നതെന്നും ഇത് ഓഡിറ്റില്‍ രേഖപ്പെടുത്തപ്പെടുമ്പോള്‍, നികുതി അടയ്ക്കപ്പെടുമ്പോള്‍ ‘വെള്ളപ്പണം’ ആയി മാറുമെന്നതും ഈ കള്ളപ്പണപ്പേടി സൃഷ്ടിക്കുന്നവര്‍ പറയുന്നില്ല. പക്ഷേ, ഈ കള്ളപ്പണം സമൂഹത്തിലെ എല്ലാ തലത്തിലും ഉള്ളവര്‍ ആശങ്കപ്പെടേണ്ട ഒന്നായി അവര്‍ വ്യാഖ്യാനിക്കുന്നു. അതിനു വേണ്ടിയാണ് ‘രാജ്യസ്‌നേഹ’ത്തിന്റെ ഒരു പ്രശ്‌നത്തെ ഇതില്‍ കൊണ്ടുവരുന്നത്. രാജ്യനന്മയ്ക്കു വേണ്ടി സഹിക്കണമെന്നു പൗരസമൂഹത്തോട് ആവശ്യപ്പെടുന്നു. ഒരു സര്‍ക്കാര്‍ ഏകപക്ഷീയമായൊരു നിലപാടെടുക്കുകയും അതു രാഷ്ട്രത്തോടുള്ള ബാധ്യതയെന്ന നിലയില്‍ പൗരന്മാരുടെ തലയില്‍ കെട്ടിയേല്‍പിക്കുകയും ചെയ്യുന്നു. ദൈനംദിന അനീതിക്കും ഹിംസയ്ക്കും വിധേയമാവുന്നവര്‍ അത്തരം അനീതികളും അസമത്വങ്ങളും മറന്ന് അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതുതന്നെ രാജ്യസ്‌നേഹത്തിന്റെ പേരില്‍ വീണ്ടും സഹിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. രാഷ്ട്രം/സര്‍ക്കാര്‍ ഈ അസമത്വത്തിന്റെ കാര്യത്തില്‍ നിരപരാധിയായി നിന്നുകൊണ്ടാണ് എല്ലാവരും ഒരുപോലെ സഹിക്കാന്‍ ആവശ്യപ്പെടുന്നത്.
രാജ്യം നേരിടുന്ന ഒരു ഭീഷണിയായി കള്ളപ്പണത്തെ മാറ്റാന്‍ വീണ്ടും ഉപയോഗപ്പെടുത്തുന്നത് ‘പാകിസ്താന്‍’, ‘മുസ്‌ലിം’ എന്നീ ഭീഷണികളാണ്. കള്ളനോട്ടുമായി മലപ്പുറത്തു നിന്നും കൊച്ചിയില്‍ നിന്നുമൊക്കെ ‘പിടിക്കപ്പെടുന്നത്’ മുസ്‌ലിംകള്‍ ആണെന്നത് ഈ നടപടിക്കു പിന്നിലെ തിരക്കഥയെ വെളിവാക്കുന്നതാണ്. പാകിസ്താനില്‍ നിന്നു കള്ളനോട്ട് വരുന്നുവെന്ന കഥകള്‍ തന്നെ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തെ ലക്ഷ്യംവച്ചാണെന്ന് ഉറപ്പാണല്ലോ. ബിജെപിയുടെ ഹിന്ദുത്വ അജണ്ട ഈ നീക്കത്തിനു പിന്നിലുണ്ടെന്നു വ്യക്തമാണ്. ഇതിന്റെ ഭാഗമായാണ് ബിജെപി എംഎല്‍എയായ ഒ രാജഗോപാല്‍ മലപ്പുറത്ത് ബംഗ്ലാദേശികള്‍ കള്ളനോട്ടുമായി ബാങ്കുകളില്‍ എത്തുന്നുവെന്നു പറഞ്ഞത്. ‘കള്ളനോട്ടി’നെയും ‘കള്ളപ്പണ’ത്തെയും സമീകരിച്ചുകൊണ്ടാണ് ഈ കള്ളപ്രചാരണം സംഘപരിവാരം നടത്തുന്നത്. കള്ളപ്പണം ഒരു സ്വദേശി ഇടപാടാണല്ലോ. നികുതിവെട്ടിപ്പിലൂടെ സമാഹരിക്കുന്നത് ഇന്ത്യക്കാര്‍ തന്നെയാണല്ലോ. പാകിസ്താനു മേലും മുസ്‌ലിംകള്‍ക്കു മേലും കുറ്റം ചാര്‍ത്താന്‍ കള്ളനോട്ട് എന്നതിനെ മുഖ്യഭീഷണിയായി എടുത്തുകാട്ടേണ്ടതുണ്ട്.
സര്‍ക്കാരും ബ്യൂറോക്രസിയും കള്ളപ്പണത്തിന്റെ കാര്യത്തില്‍ നിരപരാധികളാണോ? ഈ സാധ്യതകള്‍ ഉപയോഗിച്ചുതന്നെയല്ലേ വമ്പന്മാര്‍ നികുതിവെട്ടിപ്പു നടത്തുന്നത്? രാഷ്ട്രീയപ്പാര്‍ട്ടികളും സര്‍ക്കാരുകളും എത്രത്തോളം ഇവരുമായി ബന്ധം പുലര്‍ത്തുന്നുവെന്നതും നയരൂപീകരണങ്ങളില്‍ വന്‍കിട വ്യവസായികള്‍ സ്വാധീനം ചെലുത്തുന്നുവെന്നത് ആര്‍ക്കാണ് അറിയാത്തത്? നോട്ട് അസാധുവാക്കല്‍ ഈ വന്‍കിടക്കാര്‍ നേരത്തേ അറിഞ്ഞിരുന്നു എന്നതും വാര്‍ത്തയായിരുന്നല്ലോ.
ഈയൊരു നടപടി സ്വീകരിക്കാന്‍ അണിയറയില്‍ നീക്കം നടത്തുന്നുണ്ടായിരുന്നു എന്നതിനു തെളിവുകള്‍ വന്നുകൊണ്ടിരിക്കുന്നു. നവംബര്‍ 2നും 17നും ഇടയ്ക്ക് രാജ്യത്തെ 10 ശതമാനം എടിഎമ്മുകളില്‍ 500നും 1000നും പകരം 100 രൂപ നോട്ടുകള്‍ നിറയ്ക്കാന്‍ എസ്ബിഐ തീരുമാനിച്ചിരുന്നുവെന്നു വ്യക്തമാക്കുന്ന സര്‍ക്കുലര്‍, ഈ നടപടി നേരത്തെത്തന്നെ തീരുമാനിക്കപ്പെട്ടിരുന്നു എന്നതിന്റെ തെളിവാണെന്നു പറയപ്പെടുന്നു.
എന്നാല്‍, വളരെ ധൃതിപിടിച്ചു നവംബര്‍ 8നു തന്നെ ഒരു മുന്നറിയിപ്പും കൂടാതെ പ്രഖ്യാപനമുണ്ടായി. എന്തിനായിരിക്കും ഇതുണ്ടായത്? രണ്ടു കാര്യങ്ങളാണ് സാധ്യത. ഒന്ന്: പ്രധാനമായും മോദി സര്‍ക്കാരിനെതിരേ ഉയര്‍ന്നുവന്ന സമരങ്ങളും വിമര്‍ശനങ്ങളും നേരിടാന്‍. രണ്ട്: വരാന്‍ പോവുന്ന തിരഞ്ഞെടുപ്പുകളില്‍ പോപുലിസ്റ്റ് ആയ തീരുമാനങ്ങള്‍ കൊണ്ട് മുന്‍കൈ നേടാന്‍.
അഴിമതിവിരുദ്ധതയും കള്ളപ്പണവേട്ടയും മധ്യവര്‍ഗത്തിന്റെ പോപുലിസ്റ്റ് വികാരങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒന്നാണല്ലോ. ‘എല്ലാം ചിട്ടയോടെയായി’ എന്നു പറഞ്ഞുകൊണ്ട് അടിയന്തരാവസ്ഥയെ സ്‌നേഹത്തോടെ പുല്‍കിയ, അന്നാ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രകടനം ആഘോഷിച്ച മധ്യവര്‍ഗബോധത്തിന് രാജ്യസ്‌നേഹത്തിനു പറ്റിയ ഒന്നുതന്നെയാണ് നോട്ട് അസാധുവാക്കലും. അതുകൊണ്ടുതന്നെയാണ് എടിഎമ്മുകളില്‍ ക്യൂ നിന്ന് നരകിക്കുമ്പോഴും ഈ മധ്യവര്‍ഗം മോദിയെ സ്തുതിച്ചുകൊണ്ടിരുന്നത്. സിനിമാ താരങ്ങള്‍ ഈ നടപടിയെ രാജ്യസ്‌നേഹത്തിന്റെ പേരില്‍ ന്യായീകരിച്ചത്. ‘കള്ളപ്പണം മറ്റുള്ളവരുടെ കൈയിലാണ്’ എന്നതാണ് ഇവര്‍ പറയാന്‍ ശ്രമിക്കുന്നത്.
നോട്ട് നിരോധനത്തിനു തൊട്ടുമുമ്പുള്ള രാഷ്ട്രീയ പ്രതിസന്ധികള്‍ ഓര്‍ക്കുന്ന ഏവര്‍ക്കും ഈ നടപടി പെട്ടെന്നു പ്രഖ്യാപിക്കപ്പെട്ടത് എന്തിനെന്നു മനസ്സിലാവും. ഭോപാലില്‍ സിമി തടവുകാരെ ഒക്ടോബര്‍ 31നാണ് പോലിസ് കൊല ചെയ്യുന്നത്. ഇതു വ്യാജ ഏറ്റുമുട്ടലാണെന്നത് കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയായിരുന്നു. ജെഎന്‍യുവില്‍ നജീബ് അഹ്മദ് എന്ന വിദ്യാര്‍ഥിയെ കാണാതായതിനും സംഘപരിവാരത്തിന്റെ പങ്കു വ്യക്തമായിരുന്നു. ഗോ രാഷ്ട്രീയം ബിജെപിക്കു ചില്ലറ പ്രതിസന്ധികളല്ല ഉണ്ടാക്കിയത്. ജിഗ്‌നേഷ് മേവാനിയെന്ന ദലിത് നേതാവിന്റെ ദൃശ്യത ഉണ്ടാകുന്ന രീതിയില്‍ ഗുജറാത്തിലെ ദലിതരുടെ ശക്തമായ മുന്നേറ്റമുണ്ടായി. രോഹിത് വെമുലയുടെ ഇന്‍സ്റ്റിറ്റിയൂഷനല്‍ കൊലപാതകത്തിനെതിരേയുണ്ടായ പ്രതിഷേധങ്ങള്‍ ബിജെപി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. കശ്മീരിലെ സൈനിക അടിച്ചമര്‍ത്തലും പെല്ലറ്റ് ആക്രമണവും സാര്‍വദേശീയതലത്തില്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി.
ഈ പ്രതിസന്ധികളില്‍ നിന്നെല്ലാം രക്ഷ നേടാനുള്ള ഒരു പോംവഴിയായിരുന്നിരിക്കണം ഈ നോട്ട് അസാധുവാക്കല്‍. ഒരൊറ്റ സാമ്പത്തിക നടപടിയിലൂടെ സാമൂഹിക നീതിയുടെ പ്രശ്‌നം ദലിത്-ആദിവാസി-മുസ്‌ലിം-കശ്മീരി എന്നാക്കി, സാമുദായിക നീതിയുടെ പ്രശ്‌നങ്ങളെ ഒറ്റയടിക്ക് അസാധുവാക്കാനാണ് ശ്രമിച്ചത്.
ഈ അവസരത്തില്‍ ആലോചിക്കേണ്ട മറ്റൊരു കാര്യം, തീവ്രവാദ പ്രവര്‍ത്തനങ്ങളെ കടിഞ്ഞാണിടാനാണ് ഈ നടപടി എന്ന വാദം, സംഘപരിവാരത്തിന്റെ പ്രവര്‍ത്തനങ്ങളിലെ പണമിടപാടുകളെ മറച്ചുവയ്ക്കാന്‍ കൂടിയാണ് എന്നുള്ളതാണ്. വിദ്വേഷപ്രവര്‍ത്തനങ്ങള്‍ക്കായി ഹിന്ദുത്വ സംഘടനകള്‍ക്ക് അമേരിക്കയില്‍ നിന്ന് ഐഡിആര്‍എഫ് വഴി കിട്ടിക്കൊണ്ടിരുന്ന കോടിക്കണക്കിനു രൂപയുടെ ഫണ്ടുകളെക്കുറിച്ച് റിപോര്‍ട്ടുകള്‍ വന്നിരുന്നു. 1994 മുതല്‍ 2000 വരെ 40 ലക്ഷം ഡോളര്‍ സംഘപരിവാറിന് എത്തിയെന്നാണ് പറയപ്പെടുന്നത്. ഈ നിലയ്ക്ക് തീവ്രവാദ പ്രവര്‍ത്തനത്തിനു പണമെത്തുന്നത് പ്രധാനമായും സംഘപരിവാരത്തിനാണ്. നോട്ട് അസാധുവാക്കലിനെ സാമ്പത്തിക പ്രശ്‌നത്തെക്കാളുപരി സംഘപരിവാരത്തിന്റെ രാഷ്ട്രീയത്തിന്റെ ഭാഗമായി കാണേണ്ടതുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss