|    Jan 17 Tue, 2017 2:39 pm
FLASH NEWS

അസാധാരണം, അതിവേഗം

Published : 31st January 2016 | Posted By: SMR

slug--rashtreeya-keralamനിയമത്തിനു മുന്നില്‍ പൗരന്‍മാരെല്ലാം തുല്യരാണെന്നാണ് രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്നത്. അവിടെ മുഖ്യമന്ത്രിയെന്നോ, സമുദായനേതാവെന്നോ, രാഷ്ട്രീയക്കാരനെന്നോ, സാധാരണക്കാരനെന്നോ ഉള്ള വ്യത്യാസങ്ങളൊന്നും പാടില്ലെന്നാണ് വയ്പ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഈ 21ാം നൂറ്റാണ്ടിലും ഒരു സാധാരണക്കാരന് ഒറ്റയ്ക്ക് പോലിസ് സ്‌റ്റേഷനിലേക്ക് കയറിച്ചെല്ലാന്‍ ഭയമാണെന്നതാണു യാഥാര്‍ഥ്യം. പെറ്റിക്കേസിന്റെ പേരിലാണെങ്കില്‍പ്പോലും ധൈര്യത്തിന് കൂടെ ഒരു ലോക്കല്‍ നേതാവുകൂടി വേണമെന്നതാണ് നാട്ടുനടപ്പ്. കോടികള്‍ മുടക്കി പോലിസ് നവീകരണം നടപ്പാക്കിയിട്ടും പോലിസ് നിയമം അടിമുടി പരിഷ്‌കരിച്ചിട്ടും ജനമൈത്രി പോലിസ് പദ്ധതി ദേശവ്യാപകമായിട്ടും നാട്ടുകാര്‍ക്ക് പോലിസിനെക്കുറിച്ചുള്ള അടിസ്ഥാന മനോഭാവം മാറ്റിയെടുക്കാന്‍ മാറിമാറിവന്ന ഒരു ആഭ്യന്തരമന്ത്രിക്കും പോലിസ് മേധാവികള്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. വാദിയെന്നോ പ്രതിയെന്നോ ഭേദമില്ലാതെ സാധാരണ ജനത്തെ സ്‌റ്റേഷന്റെ മൂലയ്ക്കു നിര്‍ത്തുന്ന പോലിസ്, രാഷ്ട്രീയക്കാരനു മുന്നില്‍ തലയും ചൊറിഞ്ഞ് വിനീതവിധേയനായി നില്‍ക്കുന്ന കാഴ്ച ഇന്നും സര്‍വസാധാരണമാണ്. രാഷ്ട്രീയ-ഭരണവര്‍ഗങ്ങള്‍ തങ്ങളുടെ ഇച്ഛയ്ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു ഉപകരണമായി പോലിസ് സംവിധാനങ്ങളെ നിലനിര്‍ത്തിപ്പോരുന്നതുമൂലമാണ് പൗരന്‍മാരെ രണ്ടായി തിരിക്കുന്ന അപചയങ്ങളുണ്ടാവുന്നത്. ഇപ്പോഴിതാ, പോലിസിനു പിന്നാലെ നാട്ടിലെ കോടതി സംവിധാനങ്ങളും രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കു പിന്നാലെ സഞ്ചരിക്കുന്നുവെന്ന ആക്ഷേപം വിവിധ കോണുകളില്‍നിന്നു ശക്തിപ്പെടുന്നു. മേല്‍ക്കോടതി വിധികളുടെ പേരില്‍ കീഴ്‌ക്കോടതി ജഡ്ജിമാര്‍ സ്വയംവിരമിക്കലിനു തയ്യാറാവുകയും അഭിഭാഷകസംഘടനകള്‍ ജഡ്ജിമാരുടെ വിധികള്‍ക്കുമേല്‍ ദുരൂഹത ആരോപിക്കുകയും ചെയ്യുന്നതുവരെ കാര്യങ്ങള്‍ എത്തിനില്‍ക്കുമ്പോള്‍, ചോദ്യംചെയ്യപ്പെടുന്നത് ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ വിശ്വാസ്യതയാണ്.
കഴിഞ്ഞ കുറേ നാളുകളായി കേരള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിച്ചുകൊണ്ടിരിക്കുന്ന ബാര്‍ കോഴ, സോളാര്‍ അഴിമതി കേസുകളുമായി ബന്ധപ്പെട്ട കോടതി നടപടികളിലെ അസാധാരണത്വവും അതിവേഗവും ഒക്കെയാണ് സാധാരണക്കാരനെ ആശ്ചര്യപ്പെടുത്തുന്ന തരത്തിലുള്ള ആക്ഷേപങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. സോളാര്‍ അഴിമതി അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷനു മുന്നില്‍ സരിതാ എസ് നായര്‍ കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഒരു റിട്ട് ഫയല്‍ ചെയ്യപ്പെടുന്നു. കേട്ടപാതി കേള്‍ക്കാത്ത പാതി കോടതി മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും എതിരേ കേസെടുക്കാന്‍ ഉത്തരവിടുന്നു. തൊട്ടടുത്തദിവസം കീഴ്‌ക്കോടതി നടപടിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഹൈക്കോടതി അതിന് സ്‌റ്റേ നല്‍കുന്നു. ജില്ലാതലത്തില്‍ നാലും അഞ്ചും അതിവേഗക്കോടതികള്‍ പ്രവര്‍ത്തിച്ചിട്ടും വര്‍ഷങ്ങള്‍ പഴക്കമുള്ള ആയിരക്കണക്കിനു കേസുകള്‍ തീര്‍പ്പാവാതെ കെട്ടിക്കിടക്കുമ്പോഴാണ് രാഷ്ട്രീയവിവാദങ്ങള്‍ക്കാധാരമായ ഇത്തരം കേസുകളില്‍ അസാധാരണ വേഗത്തില്‍ കോടതി നടപടികള്‍ മുന്നോട്ടുപോവുന്നത്. വിധിന്യായങ്ങളിലെ ശരിതെറ്റുകളും അതിന്റെ സാങ്കേതികതകളും ഇതിനു പുറമേ ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. സംസ്ഥാനം ഭരിക്കുന്നവര്‍ എന്ന പദവി മാറ്റിവച്ചാല്‍ പുതുപ്പള്ളിക്കാരന്‍ ഉമ്മന്‍ചാണ്ടിയും നിലമ്പൂരുകാരന്‍ ആര്യാടന്‍ മുഹമ്മദുമെല്ലാം കോടതിസംവിധാനങ്ങളുടെ മുന്നില്‍ തുല്യരാണെന്നാണു സങ്കല്‍പ്പം. എന്നാല്‍, കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍നിന്നു കേസ് സ്‌റ്റേ ചെയ്യുന്നതില്‍ ഇവര്‍ക്കു ലഭിച്ച പരിഗണന ഭരണത്തിന്റെ തണലിലല്ലാത്ത ഏതെങ്കിലും പൗരന് ഉറപ്പാക്കാന്‍ കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം. ബാര്‍ കോഴക്കേസില്‍ ആരോപണവിധേയരായ കെ എം മാണിക്കെതിരേയും കെ ബാബുവിനെതിരേയും കേസെടുക്കുന്ന കാര്യത്തിലും ഉണ്ടായി സാധാരണക്കാര്‍ക്കു ലഭിക്കാത്ത ഇത്തരം ചില ആനുകൂല്യങ്ങള്‍.
കെ എം മാണിക്കെതിരേ ബാര്‍ കോഴ ആരോപണം ഉയരുകയും അതു വിവാദമായി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് കേരളത്തില്‍ ലളിതകുമാരി കേസ് ചര്‍ച്ചയാവുന്നത്. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് ദ്രുതപരിശോധന (ക്വിക്ക് വെരിഫിക്കേഷന്‍) എന്ന പേരില്‍ ഒരു പ്രാഥമികാന്വേഷണം വേണമെന്നാണ് ലളിതകുമാരിയും ഉത്തര്‍പ്രദേശ് സര്‍ക്കാരും തമ്മിലുള്ള കേസിലെ സുപ്രിംകോടതി വിധി. ഇത്തരമൊരു പരിശോധനയെക്കുറിച്ച് മാണിക്കെതിരേ ബാര്‍ കോഴ ആരോപണം ഉയരുന്നതുവരെ, നിയമം പഠിച്ചവരില്‍ പോലും എത്രപേര്‍ക്ക് അറിയാമായിരുന്നുവെന്നു സംശയമാണ്. നിയമത്തിന്റെ നൂലാമാലകളിലെ ഇത്തരം പഴുതുകളുടെ ആനുകൂല്യം സാധാരണക്കാരന്റെ കാര്യത്തില്‍ ഒരുകാലത്തും പ്രാവര്‍ത്തികമാക്കാന്‍ അന്വേഷണ ഏജന്‍സികളോ ഭരണകൂടങ്ങളോ താല്‍പ്പര്യം കാട്ടാറില്ല. മറിച്ചാവട്ടെ, കൈക്കൂലിയെന്നു കേള്‍ക്കുമ്പോഴേ പത്രക്കാരെയും ചാനലുകാരെയും വിളിച്ച് സര്‍ക്കാര്‍ ഓഫിസുകളിലേക്കു പായുന്ന വിജിലന്‍സിനെയാണ് കേരളം കണ്ടിട്ടുള്ളത്. 2014 ഒക്ടോബര്‍ 31നാണ് കെ എം മാണിക്കെതിരേ കോഴ ആരോപണവുമായി ബിജു രമേശ് രംഗത്തുവരുന്നത്. എന്നാല്‍, മാണിക്കെതിരേ അന്വേഷണം വേണമോ എന്ന കാര്യത്തില്‍ തീരുമാനമാവാന്‍ 2015 നവംബര്‍ ഒമ്പതിനുള്ള ഹൈക്കോടതി വിധിവരെ കാത്തിരിക്കേണ്ടിവന്നു. ബാബു 10 കോടി കോഴ വാങ്ങിയത് പുറത്തുവന്നത് 2015 മാര്‍ച്ച് 30ന് ആയിരുന്നുവെങ്കില്‍ അതില്‍ കേസെടുക്കുന്ന കാര്യത്തില്‍ തീര്‍പ്പാവാന്‍ ഇക്കഴിഞ്ഞ ജനുവരി 23 വരെ കാത്തിരിക്കേണ്ടിവന്നു. അതുകൊണ്ടും തീരാതെ തുടരന്വേഷണത്തില്‍ കെ എം മാണിക്ക് വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കുകയും കെ ബാബുവിനെതിരേ കേസെടുക്കണമെന്ന വിജിലന്‍സ് കോടതി വിധി ഹൈക്കോടതി സ്‌റ്റേ ചെയ്യുന്നതും വരെ എത്തിനില്‍ക്കുകയാണു കാര്യങ്ങള്‍. പലഘട്ടങ്ങളിലായി മുഖ്യമന്ത്രിയടക്കം മന്ത്രിസഭയിലെ അരഡസന്‍ മന്ത്രിമാരെക്കുറിച്ചെങ്കിലും സോളാര്‍ കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ ഇതിനകം ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അടക്കം പലരുടെയും സ്ഥാനം തെറിക്കുകയും ചിലര്‍ അഴിയെണ്ണുകയും ചെയ്തിട്ടും മന്ത്രിമാര്‍ക്കു മാത്രം നിയമത്തിന്റെ പ്രത്യേകമായ സംരക്ഷണം ലഭിക്കുകയായിരുന്നു. അന്വേഷണ ഏജന്‍സികള്‍ മുതല്‍ കോടതി സംവിധാനം വരെയുള്ള എല്ലാ സ്ഥാപനങ്ങളെയും തങ്ങളുടെ ഇംഗിതമനുസരിച്ച് ചലിപ്പിക്കാന്‍ ഭരണവര്‍ഗത്തിനു കഴിഞ്ഞുവെന്ന ഏറ്റവും നിര്‍ഭാഗ്യകരമായ അവസ്ഥയാണ് ജനങ്ങള്‍ക്കു മുന്നിലുള്ളത്. നിയമം നിയമത്തിന്റെ വഴിക്ക് പോവുമെന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറഞ്ഞവര്‍ അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ ധാര്‍മികതയ്ക്കു മേല്‍ മനസ്സാക്ഷിയെ പ്രതിഷ്ഠിക്കുന്നിടത്തോളം കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു.
സോളാറിലും ബാര്‍ കോഴയിലും മാത്രം ഒതുങ്ങിനില്‍ക്കുന്ന ഇടപെടലുകളായി ഇവയെ പരിമിതപ്പെടുത്താന്‍ കഴിയില്ല. രാഷ്ട്രീയക്കാര്‍ പ്രതികളാവുന്ന കേസുകള്‍, സിവിലായാലും ക്രിമിനലായാലും, മൃദുസമീപനത്തോടെ കൈകാര്യം ചെയ്യപ്പെടുകയെന്ന മനോഭാവം പൊതുവില്‍ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞെന്നതാണു യാഥാര്‍ഥ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 97 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക