|    Nov 13 Tue, 2018 3:40 am
FLASH NEWS
Home   >  Todays Paper  >  page 12  >  

അസഹിഷ്ണുത വന്‍തോതില്‍ വര്‍ധിച്ചു: കമല്‍ഹാസന്‍

Published : 4th August 2018 | Posted By: kasim kzm

കൊച്ചി: രാജ്യത്ത് അസഹിഷ്ണുത വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നുവെന്നും തങ്ങള്‍ക്ക് ഇഷ്ടമുള്ളതേ മറ്റുള്ളവര്‍ ചോദിക്കാവൂ, പറയാവൂ എന്ന് നിര്‍ബന്ധിക്കുന്നത് ഈ അസഹിഷ്ണുതയുടെ ഭാഗമാണെന്നും നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായ കമല്‍ഹാസന്‍ പറഞ്ഞു. വിശ്വരൂപം രണ്ട് എന്ന സിനിമയുടെ റിലീസിങിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം മുഴുവന്‍ കടുത്ത അസഹിഷ്ണുതയാണുള്ളത്. എന്തിനാണ് നാം ഇത്ര അസഹിഷ്ണുക്കളാവുന്നത്. കേരളത്തിലും ഈ അസഹിഷ്ണുതയുണ്ട് എന്നത് തന്നെ ഞെട്ടിപ്പിക്കുന്നു. സമ്മര്‍ദ രാഷ്ട്രീയതന്ത്രങ്ങളില്‍ ഇവിടെയും ചിലര്‍ അകപ്പെട്ടുപോവുന്നു. എന്നാ ല്‍, ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് കേരളീയരോട് പറഞ്ഞാല്‍ വിലപ്പോവില്ല. ഇവിടെ അത്രയ്ക്കും സാക്ഷരരാണ് ജനങ്ങള്‍. തന്റെ രാഷ്ട്രീയ കാഴ്ചപ്പാട് കൂടുതല്‍ പ്രതിഫലിപ്പിക്കുന്ന സിനിമ “ഹേ റാം’ ആണ്. ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ മുന്‍കൂട്ടി കണ്ട് പറയാന്‍ ഹേ റാമിന് കഴിഞ്ഞു. ഇന്നാണെങ്കില്‍ അതുപോലൊരു സിനിമയെടുക്കാന്‍ ഭയക്കണം. അതിനു കഴിഞ്ഞെന്നുവരില്ല. നിര്‍മാല്യം പോലൊരു സിനിമ ഇപ്പോള്‍ എടുക്കാനാവുമെന്നു തോന്നുന്നില്ല. നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് 72 വര്‍ഷമായി. ഇപ്പോള്‍ നാം ഒന്നു തിരിഞ്ഞുനോക്കുന്നതു നല്ലതാണ്. സ്വാതന്ത്ര്യത്തെക്കുറിച്ചും അതു പ്രയോഗിക്കുന്നതിനെക്കുറിച്ചും നാം സ്വയം പരിശോധന നടത്തണം. അപ്പോള്‍ മനസ്സിലാവും സ്വാതന്ത്ര്യലബ്ധി—ക്ക് 72 വര്‍ഷമല്ല, രണ്ടുവര്‍ഷമേ ആയിട്ടുള്ളൂവെന്ന്. രാജ്യകാര്യങ്ങളില്‍ തനിക്കൊരു ഉത്തരവാദിത്തവുമില്ലെന്ന മട്ടിലാണ് പകുതിയോളം ജനങ്ങളും ചിന്തിക്കുന്നത്.
ഇത് തന്റെയും രാജ്യമാണെന്ന ചിന്ത ഓരോരുത്തരിലുമുണ്ടാവുകയെന്നത് പ്രധാനമാണ്. താന്‍ എപ്പോഴും തിരസ്‌കരിക്കപ്പെടുന്ന ജനതയ്‌ക്കൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് തന്റെ സാമൂഹികാവബോധവും പ്രവര്‍ത്തനമണ്ഡലവും. ഇന്നവിടെ അഴിമതിയും വികസനം മുരടിച്ച കാഴ്ചയുമാണ്. തമിഴ്‌നാടിന്റെയും ഈ രാജ്യത്തിന്റെ തന്നെയും ഉയര്‍ച്ചയാണ് തന്റെ പാര്‍ട്ടിയുടെ ലക്ഷ്യം. ജനങ്ങളുടെ ഉയര്‍ച്ചയാണ് ആഗ്രഹിക്കുന്നത്. എന്നാല്‍, അതിനു വേണ്ടി എവിടെയും പോയി ചേരുക എന്നതല്ല തന്റെ പാര്‍ട്ടിയുടെ കാഴ്ചപ്പാട്. ആദര്‍ശവുമായി യോജിക്കാന്‍ തയ്യാറുള്ളവരുമായി സഹകരിക്കുക എന്നതാണ് ആഗ്രഹിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ മതേതര വിശാലസഖ്യത്തിന് ശ്രമിക്കുമോ എന്ന ചോദ്യത്തിന്, താന്‍ തുറന്ന ചര്‍ച്ചകള്‍ക്കു തയ്യാറാണെന്നും കൃത്യമായ ഒരു മറുപടി ഇത്ര നേരത്തേ പറയാനാവില്ലെന്നുമായിരുന്നു മറുപടി.
കേരളത്തില്‍ നല്ല സിനിമകളും ചലച്ചിത്രത്തെ ഗൗരവമായി സമീപിക്കുന്നവരും സംവേദനക്ഷമതയുള്ള കാണികളുമുണ്ട്. ഒരുകാലത്ത് നല്ല സിനിമകള്‍ മലയാളത്തിലുണ്ടായിരുന്നു. എന്നാല്‍, ഒരു 25 വര്‍ഷം മുമ്പ് അതിന്റെ നിലവാരം താഴേക്കുപോയി. അന്നു താന്‍ അതിനെ നിശിതമായി വിമര്‍ശിച്ചു. മലയാള സിനിമ ആ വിമര്‍ശനം ഉള്‍ക്കൊണ്ടു. ഇന്ന് നല്ല സിനിമകള്‍ മലയാളത്തിലുണ്ടാവുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിശ്വരൂപം ഏറെ കഷ്ടപ്പെട്ട് എടുത്ത സിനിമയാണത്. 98 ശതമാനം ജോലികളും പൂര്‍ത്തിയാക്കിയതാണ്. എന്നാല്‍, ചില തരംതാണ രാഷ്ട്രീയക്കളികള്‍ കാരണം സിനിമ താമസിച്ചു. റിലീസിങ് താമസിച്ചത് ആദ്യം വല്ലാത്ത മനപ്രയാസമുണ്ടാക്കി. എന്നാല്‍, ശുഭപ്രതീക്ഷയോടെ കാത്തിരുന്നു വെന്നും കമല്‍ഹാസന്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss