|    Oct 23 Tue, 2018 2:12 am
FLASH NEWS
Home   >  Todays Paper  >  page 10  >  

അസഹിഷ്ണുതാ കാലത്തെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച്

Published : 19th January 2017 | Posted By: fsq

 

കണ്ണൂര്‍: അസഹിഷ്ണുതാ കാലത്തെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് പറഞ്ഞ് കാസര്‍കോട് ഉദിനൂര്‍ ജിഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി പി എസ് ദീപേന്ദു ഉപന്യാസ മല്‍സരത്തില്‍ ഒന്നാമതെത്തി. ആവിഷ്‌കാര സ്വാതന്ത്ര്യവും മാധ്യമങ്ങളും എന്നതായിരുന്നു ഹൈസ്‌കൂള്‍ വിഭാഗം മലയാളം ഉപന്യാസ മല്‍സരത്തിന്റെ വിഷയം. ഇന്നത്തെ സാമൂഹികാന്തരീക്ഷത്തെ വിശകലനം ചെയ്ത്, ഈ നാട്ടില്‍ വളര്‍ന്നുവരുന്ന അസഹിഷ്ണുത എങ്ങനെ ഒരാളുടെ പറയാനും എഴുതാനും പാടാനും ഭക്ഷണം കഴിക്കാനുമുള്ള സ്വാതന്ത്ര്യത്തെ ബാധിക്കുന്നു എന്ന് രചനയിലൂടെ വ്യക്തമാക്കുകയായിരുന്നു. മുഹമ്മദ് അഖ്‌ലാഖിന്റെ കൊലപാതകം, അടുത്തിടെ കേരളത്തില്‍ എഴുത്തുകാര്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും നേരെയുണ്ടായ ഭീഷണികള്‍, അഭിപ്രായപ്രകടനങ്ങള്‍ക്കു നേരെയുള്ള ആക്രമണോല്‍സുക പ്രതികരണങ്ങള്‍ എന്നിവയെല്ലാം തന്റെ രചനയില്‍ പ്രതിപാദ്യമായതായി ദീപേന്ദു അറിയിച്ചു. അഭിപ്രായങ്ങളുടെ പേരില്‍ എം ടി വാസുദേവന്‍ നായര്‍, കമല്‍ എന്നിവര്‍ക്കു നേരെയുണ്ടായ ഭീഷണികള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ള കടന്നുകയറ്റങ്ങള്‍ക്ക് ഉദാഹരണമായി ഉപന്യാസത്തില്‍ പറയുന്നു. വ്യക്തികളോ മാധ്യമങ്ങളോ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ ഇപ്പോള്‍ ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. ഒരാള്‍ സാമൂഹിക മാധ്യമത്തില്‍ പറയുന്ന അഭിപ്രായം വരെ വിവാദമാവുകയും അതിന്റെ പേരില്‍ അവര്‍ ആക്രമിക്കപ്പെടുകയും ചെയ്യുന്നു. സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറയുന്നവരെ ഇന്ന് ഓരോ പേരുകള്‍ പറഞ്ഞ് കുറ്റപ്പെടുത്തുകയാണ്. ഭക്ഷണത്തിന്റെ പേരുപറഞ്ഞുപോലും ആളുകള്‍ അക്രമിക്കപ്പെടുന്ന അവസ്ഥയെക്കുറിച്ചും ഉപന്യാസത്തില്‍ പറയുന്നു. ബീഫ് കഴിക്കുന്നവര്‍ക്കെതിരായ പ്രചാരണങ്ങള്‍, ഗോമാംസം കൈയില്‍ വച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാഖിന്റെ കൊലപാതകം, എന്നിവയെല്ലാം ഇതിന്റെ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു ഉപന്യാസത്തില്‍. ജനാധിപത്യത്തിനു നിരക്കാത്തതാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമെന്നും ദീപേന്ദു അഭിപ്രായപ്പെടുന്നു. ഇതാദ്യമായാണ് ദീപേന്ദു സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞതവണ കാസര്‍കോട് ജില്ലാ യുവജനോല്‍സവത്തില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. കഥാരചനാ മല്‍സരത്തിലും മുമ്പ് ജില്ലാ തലത്തില്‍ രണ്ടാംസ്ഥാനം നേടിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss