|    Jan 24 Tue, 2017 10:27 am
FLASH NEWS

അസഹിഷ്ണുതയ്‌ക്കെതിരേ 190 പ്രമുഖര്‍;  രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസിനും കത്ത്

Published : 11th November 2015 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചുവരുകയാണെന്നു കാട്ടി രാജ്യാന്തരതലത്തിലെ ഇന്ത്യന്‍ വംശജരായ ബുദ്ധിജീവികളും വിദ്യാഭ്യാസപ്രവര്‍ത്തകരുമായ ഇരുനൂറോളം പേരുടെ തുറന്ന കത്ത്. ‘ബൗദ്ധിക—- സാംസ്‌കാരിക വിഷയങ്ങളിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ’ എന്ന പേരിലുള്ള കത്തില്‍ 190 പ്രമുഖരാണ് ഒപ്പുവച്ചിട്ടുള്ളത്.
രാജ്യത്ത് അടുത്തിടെ ഉണ്ടായ സംഭവങ്ങളില്‍ ആശങ്ക അറിയിച്ച് ഇവരെഴുതിയ കത്തിന്റെ പകര്‍പ്പ് രാഷ്ട്രപതി, പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, സുപ്രിംകോടതി ജഡ്ജിമാര്‍ എന്നിവര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്.
രാജ്യത്ത് ജനങ്ങള്‍ക്ക് നിര്‍ഭയമായി അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും പ്രകടിപ്പിക്കാനുമുള്ള ഭരണഘടനാപരമായ അവകാശം ഉറപ്പുവരുത്തണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനും സാമൂഹിക- ശാസ്ത്ര ഗവേഷണത്തിനും നേര്‍ക്കുള്ള കടന്നാക്രമണത്തില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ട്. സമൂഹത്തിലെ എല്ലാവിഭാഗം ആളുകളുടെയും സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പുവരുത്തണം. രാജ്യത്ത് അടുത്തിടെയുണ്ടായ ചില ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ നമ്മുടെ മഹിതമായ പൈതൃകത്തിന് എതിരാണ്.
മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കര്‍ക്കശമായ ഹൈന്ദവ പാരമ്പര്യങ്ങളെ മഹത്വവല്‍കരിക്കുകയാണ്. ഇന്ത്യയെ ഒരൊറ്റ സമൂഹമാക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. രാജ്യത്തിന്റെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും നിരക്കാത്ത നീക്കങ്ങളാണിവ. ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ തുടര്‍ച്ചയായി പക്വതയില്ലാത്ത പ്രസ്താവനകള്‍ നടത്തുകയാണ്. ഹിന്ദുരാഷ്ട്രമെന്ന ആശയത്തിന്റെ മഹത്വവല്‍ക്കരണം രാജ്യത്തെ ദശലക്ഷക്കണക്കിന് ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഭീതിപടര്‍ത്താനെ സഹായിക്കൂ.
നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ മന്ത്രിമാരും ഭരണകക്ഷി നേതാക്കളും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കെതിരേ ശക്തമായ നിലപാടു സ്വീകരിക്കണമെന്നും കത്തില്‍ അഭ്യര്‍ഥിക്കുന്നു. ഏതെങ്കിലും ഒരു ഭക്ഷണത്തിന്റെ പേരില്‍ ഒരാള്‍ കൊല്ലപ്പെടുന്നതും പ്രമുഖരായ പണ്ഡിതന്‍മാര്‍ എഴുത്തിന്റെ പേരില്‍ കൊല്ലപ്പെടുന്നതും ഒരുനിലയ്ക്കും അംഗീകരിക്കാനാവില്ലെന്നും കത്തിലുണ്ട്.
ഹാവഡ് യൂനിവേഴ്‌സിറ്റിയിലെ ഹോമി ബാബ, എമിറേ യൂനിവേഴ്‌സിറ്റിയിലെ ഗ്യാനേന്ദ്ര പാണ്ഡ്യ, യാസ്മിന്‍ ഖാന്‍ (ഒക്‌സ്ഫഡ് സര്‍വകലാശാല), ടോണി സ്റ്റിവാര്‍ട്ട് (വാന്‍ഡെര്‍ബിള്‍ട് സര്‍വകലാശാല), ദുര്‍ബ ഘോഷ് (കോര്‍ണല്‍ യൂനിവേഴ്‌സിറ്റി) തുടങ്ങിയവരും ബ്രൗണ്‍, ന്യൂയോര്‍ക്ക്, കാംബ്രിഡ്ജ് യൂനിവേഴ്‌സിറ്റികളില്‍ നിന്നുള്ള ചരിത്രകാരന്‍മാരും ശാസ്ത്രജ്ഞരും പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 47 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക