|    Jan 21 Sat, 2017 7:35 am
FLASH NEWS

അസഹിഷ്ണുതയ്‌ക്കെതിരേ സഹിഷ്ണുതയില്ലാതെ ചിത്രകാരന്മാര്‍

Published : 2nd December 2015 | Posted By: SMR

കോഴിക്കോട്: ഇന്ത്യനവസ്ഥയുടെ പേടിപ്പെടുത്തുന്ന ജീവിതാന്തരീക്ഷത്തെ വജ്രമൂര്‍ച്ഛയാല്‍ അടയാളപ്പെടുത്തുന്ന ചിത്രങ്ങളുമായി ഇരുപതിലേറെ ചിത്രകാരന്മാര്‍. അസഹിഷ്ണുതയ്‌ക്കെതിരേയുള്ള പോരാട്ടമായി ഇവരുടെ ചിത്രപ്രദര്‍ശനം.
കോഴിക്കോടന്‍ സാംസ്‌കാരിക വേദിയിലെ പുത്തന്‍ ശബ്ദമായ ദിശ സാംസ്‌കാരിക വേദിയാണ് ഫാഷിസത്തിനെതിരേ ചിത്രകാരന്മാരെ അണിനിരത്തിയത്. വര്‍ത്തമാനകാല ഇന്ത്യയുടെ കാവിവല്‍ക്കരണത്തിനെതിരേയുള്ള ശൂലധാരികള്‍ക്കുള്ള ഒരു മുന്നറിയിപ്പ് ഓരോ ചിത്രങ്ങളും നല്‍കുന്നുമുണ്ട്. വരയ്ക്കാനുള്ള അവകാശംപോലും നിഷേധിക്കപ്പെടുന്ന കാലത്തെ ഓര്‍ഇപ്പെടുത്താന്‍ ചിത്രകാരന്‍ ഷെരീഫ് തന്റെ ചിത്ര കാന്‍വാസിനെ കറുത്ത മൂടുപടത്തിനകത്ത് ഇരുത്തിയിരിക്കുകയാണ്. ഈ ചിത്രത്തെ മൂടി കറുപ്പില്‍ ഇത് നിരോധിക്കപ്പെട്ടുവെന്ന് എഴുതിവച്ചിട്ടുമുണ്ട്. പിക്കാസോയുടെ ഗര്‍ണിക്കയെ ഓര്‍മപ്പെടുത്തുന്ന ‘ഗര്‍ണിന്ത്യയാണ് ചിത്രകാരന്‍ പോള്‍ കല്ലാനോടിന്റെ ചിത്രവിഷയം. തലങ്ങും വിലങ്ങും തോക്കിന്‍ കുഴലുകള്‍ക്കിടയിലെ സ്ത്രീപുരുഷ രൂപങ്ങളെ ഹുസൈന്‍ കൊട്ടാരത്ത് വരച്ചുവച്ചിരിക്കുന്നു. എഴുത്തുപേനയുടെ സ്ഥാനം ശൂലമാവുന്ന അവസ്ഥയാണ് ഉസ്മാന്‍ ഇരുമ്പുഴിയുടെ കാര്‍ട്ടൂണ്‍. ഗോമാതാക്കള്‍ തങ്ങള്‍ക്കുള്ള ‘മാതാപട്ടം’ തിരിച്ചേല്‍പ്പിച്ചാലോയെന്ന് ചന്തിക്കുകയാണ് സഗീറിന്റെ കാര്‍ട്ടൂണ്‍. സമ്മര്‍ദ്ദങ്ങളില്‍പ്പെട്ടുപോയ മനുഷ്യന്റെ അവസ്ഥ ചിത്രീകരിക്കുന്ന അജയന്‍ കാരാടിയുടെയും സൃഷ്ടി വേറിട്ട പ്രതിഷേധ സ്വരമുയര്‍ത്തുന്നു.
പ്രശസ്ത ചിത്രകാരന്മാരായ കെ പ്രഭാകരന്‍, പി വി കൃഷ്ണന്‍, സുനില്‍ അശോകപുരം, കെ സുധീഷ്, മദനന്‍, ദേവപ്രകാശ്, ഇ സുധാകരന്‍, സന്തോഷ് നിലമ്പൂര്‍, ദാമു കൊച്ചാട്ട്, സി ശാന്ത, ജോണ്‍ മാത്യു, ജി എസ് സ്മിത, ഗായത്രി, ഐ പി സക്കീര്‍ ഹുസൈന്‍, അയ്യപ്പന്‍ തുടങ്ങിവരും ഫാഷിസത്തിനെതിരേയുള്ള ആര്‍ട്ടിസ്റ്റ് കൂട്ടായ്മയില്‍ ചിത്രസാന്നിധ്യമായുണ്ട്. പ്രദര്‍ശനം അഞ്ചിന് സമാപിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 95 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക