|    Jul 21 Sat, 2018 8:45 pm
FLASH NEWS

അസഹിഷ്ണുതയ്‌ക്കെതിരേ യുവജനം ശബ്ദമുയര്‍ത്തണം: മുഖ്യമന്ത്രി

Published : 12th September 2017 | Posted By: fsq

 

തളിപ്പറമ്പ്: രാജ്യത്ത് ഉയര്‍ന്നുവരുന്ന അസഹിഷ്ണുത മൂലം പല കലാലയങ്ങളിലും നടക്കാന്‍ പാടില്ലാത്ത പലതും നടക്കുകയും നടക്കേണ്ടത് പലതും നടക്കാതിരിക്കുകയും ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ സയ്യിദ് കോളജ് സുവര്‍ണ ജുബിലി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ പ്രസരിപ്പുള്ള യുവതയാണ് കലാലയങ്ങളില്‍ എത്തുന്നത്. പക്ഷേ അടുത്ത കാലത്തായി ചിലയിടങ്ങളില്‍ അങ്ങേയറ്റം സങ്കുചിതവും വിഭാഗീയതയുമുള്ള കലാലായാന്തരീക്ഷം സൃഷ്ടിക്കാന്‍ ചിലര്‍ പരിശ്രമിക്കുന്നുണ്ട്. ഇത്തരം നീക്കങ്ങള്‍ക്കെതിരേ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണം. മതപരവും ജാതീയവുമായ വേര്‍തിരിവിനെതിരായ സമീപനംമെടുക്കാന്‍ പറ്റുന്ന സമൂഹത്തെ വാര്‍ത്തെടുക്കണം. സത്യം വിളിച്ചുപറയുന്നവര്‍ ജീവിച്ചിരിക്കുന്നത് അത്രകണ്ട് അഭികാമ്യമല്ല എന്നാണ് പലരും ചിന്തിക്കുന്നത്. ഇവര്‍ നാടിനെ എങ്ങോട്ടാണ് കൊണ്ടുപോവുന്നതെന്ന് മനസ്സിലാവുന്നില്ല. മൃത്യുഞ്ജയ ഹോമം നടത്തണമെന്നാണ് സത്യം വിളിച്ചുപറയുന്നവരോട് ഇത്തരക്കാര്‍ പറയുന്നത്. ഇത്തരമൊരു അവസ്ഥയെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ പ്രതിജ്ഞയെടുക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ജെയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിച്ചു. പി കെ കുഞ്ഞാലിക്കുട്ടി എംപി മുഖ്യാതിഥിയായി. പി കെ ശ്രീമതി എംപി, കെ കെ രാഗേഷ് എംപി, കെ അബ്ദുല്‍ ഖാദര്‍, കെ വി മുഹമ്മദ് കുഞ്ഞി, ഡോ. ബാബു സെബാസ്റ്റിയന്‍, മഹ്മൂദ് അള്ളാംകുളം, ടി പി അഷ്‌റഫ്, മുഹമ്മദ് ഇഖ്ബാല്‍, സി വി ജയചന്ദ്രന്‍, റഫീഖ് ഡാന്‍സി, ഡോ. എ ഇ ഷെഫി, കെ മുഹമ്മദ് ഇഖ്ബാല്‍, മാനേജര്‍ അഡ്വ. പി മഹ്മൂദ്, പ്രിന്‍സിപ്പല്‍ ഡോ. പി ടി അബ്ദുല്‍ അസീസ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss