|    Mar 25 Sat, 2017 11:48 am
FLASH NEWS

അസഹിഷ്ണുതയ്‌ക്കെതിരേ കോണ്‍ഗ്രസ് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്

Published : 4th November 2015 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്തെ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയി ല്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് നിവേദനം നല്‍കി. ഇന്നലെ പാര്‍ലമെ ന്റ് മുതല്‍ രാഷ്ട്രപതി ഭവന്‍ വരെ കോണ്‍ഗ്രസ് നടത്തിയ ഏകതാ മാര്‍ച്ചിനു ശേഷമാണ് സംഘം രാഷ്ട്രപതിക്ക് നിവേദനം നല്‍കിയത്.
രാഹുല്‍ ഗാന്ധി, ഗുലാം നബി ആസാദ്, മല്ലികാര്‍ജുന്‍ ഖാ ര്‍ഗെ എന്നിവരും സോണിയയോടൊപ്പം രാഷ്ട്രപതിയെ കണ്ടു. മാര്‍ച്ചിനോടനുബന്ധിച്ച് ശക്തമായ പോലിസ് കാവലായിരുന്നു രാഷ്ട്രപതി ഭവനു സമീപം ഒരുക്കിയിരുന്നത്. മാര്‍ച്ചില്‍ പങ്കെടുത്ത പലരെയും പോലിസ് രാഷ്ട്രപതിഭവന്‍ പരിസരത്തു പ്രവേശിപ്പിച്ചില്ല.
രാജ്യത്ത് സാമൂഹികവും സാമുദായികവുമായ പ്രശ്‌നങ്ങളുണ്ടാക്കാന്‍ വൃത്തികെട്ട പദ്ധതികള്‍ നടപ്പാക്കുകയാണെന്ന് കോണ്‍ഗ്രസ് രാഷ്ട്രപതിക്കു ന ല്‍കിയ നിവേദനത്തില്‍ പറയുന്നു. ഇത്തരം കാംപയിനുകള്‍ സമൂഹത്തെ വിഭജിക്കാനും സാമൂഹിക സഹവര്‍ത്തിത്വത്തിനു മുറിവേല്‍പ്പിക്കാനും ഉദ്ദേശിച്ച് മനപ്പൂര്‍വം നടപ്പാക്കുകയാണെന്നും നിവേദനം ആരോപിച്ചു.
രാജ്യത്തെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രപതി നടത്തിയ പ്രസംഗങ്ങളെ നിവേദനത്തില്‍ പ്രശംസിച്ചു. മുന്‍വിധിയുടെയും മതഭ്രാന്തിന്റെയും അസഹിഷ്ണുതയുടെയും ശക്തികള്‍ക്കെതിരായ രാഷ്ട്രപതിയുടെ ഓര്‍മപ്പെടുത്തല്‍ ശക്തവും വ്യക്തവുമായ’ഭാഷയിലായിരുന്നുവെന്ന് നിവേദനത്തില്‍ പറയുന്നു.
രാജ്യത്ത് ഈയിടെയായി നടന്ന അനിഷ്ട സംഭവങ്ങളില്‍ പ്രധാനമന്ത്രിക്കും ഇതര കേന്ദ്ര മന്ത്രിമാര്‍ക്കുമുള്ള പങ്കിനെയും കോണ്‍ഗ്രസ് വിമര്‍ശിച്ചു. അസഹിഷ്ണുതയില്‍ നിന്നുണ്ടാവുന്ന ഇത്തരം സംഭവങ്ങള്‍ക്കെതിരേ രാഷ്ട്രപതി പോലും നിലപാടു വ്യക്തമാക്കിയെന്നിരിക്കെ, പ്രധാനമന്ത്രി തുടരുന്ന മൗനം അത്തരം സംഭവങ്ങളോടുള്ള പ്രധാനമന്ത്രിയുടെ പരോക്ഷ പിന്തുണയാണു കാണിക്കുന്നതെന്ന് സോണിയ പറഞ്ഞു.
സമൂഹത്തില്‍ വെറുപ്പും വിഭജനവും ഉണ്ടാക്കുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് മോദി മന്ത്രിസഭയില്‍ പലരും സ്വീകരിക്കുന്നതെന്ന് പറഞ്ഞ നിവേദനം, രാജ്യത്തെ ഭരണവര്‍ഗത്തി ല്‍ ഒരു വിഭാഗം മനപ്പൂര്‍വം വളര്‍ത്തിക്കൊണ്ടു വരുന്ന ഭയത്തിന്റെയും അസഹിഷ്ണുതയുടെയും ചുറ്റുപാടില്‍ കോണ്‍ഗ്രസ്സിന് ആശങ്കയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
ന്യൂനപക്ഷങ്ങളും ദലിതുമടക്കമുള്ള വിഭാഗങ്ങള്‍, എഴുത്തുകാര്‍, അന്ധവിശ്വാസവിരുദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെതിരേ രാജ്യത്ത് അക്രമണങ്ങള്‍ വര്‍ധിക്കുകയും അതിനെ നേരിടാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് കാര്യക്ഷമമായ നടപടികള്‍ ഇല്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ എഴുത്തുകാര്‍, കലാകാരന്മാര്‍, സിനിമാ പ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍, സാമ്പത്തികകാര്യ വിദഗ്ധര്‍, ചരിത്രകാരന്മാര്‍ തുടങ്ങി സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ളവര്‍ കഴിഞ്ഞ ദിവസങ്ങളിലായി രംഗത്തുവന്നിരുന്നു.
രാജ്യത്ത് വര്‍ധിച്ചുവരുന്ന വലതുപക്ഷ ഹിന്ദുത്വ അക്രമങ്ങളില്‍ പ്രതിഷേധിക്കുകയും സഹിഷ്ണുതയുടെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുകയുമായിരുന്നു ഇവര്‍ നടത്തിയ വ്യത്യസ്ത തരം പ്രതിഷേധങ്ങളുടെ പൊതുവായ സന്ദേശം.

(Visited 60 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക