|    Sep 20 Thu, 2018 2:34 am
FLASH NEWS

അസഹിഷ്ണുതയ്‌ക്കെതിരേ കലാ-സാംസ്‌കാരിക ബദല്‍ സൃഷ്ടിക്കും: മന്ത്രി എ കെ ബാലന്‍

Published : 18th January 2017 | Posted By: fsq

 

ആലപ്പുഴ: സാംസ്‌കാരിക രംഗത്ത്് ഉയര്‍ന്നുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ കലാ-സാംസ്‌കാരിക ബദല്‍ സൃഷ്ടിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ജാതീയതയ്ക്കും വര്‍ഗീയതയ്ക്കും അതീതമായി സാംസ്‌കാരിക രംഗത്ത്് സര്‍ഗാത്മകതയുടെ പുതിയൊരവബോധം സൃഷ്ടിക്കും. സാംസ്‌കാരിക വകുപ്പിന്റെയും പല്ലന കുമാരനാശാന്‍ സ്മാരക സമിതിയുടെയും ആഭിമുഖ്യത്തില്‍ രണ്ടു ദിവസമായി പല്ലന കുമാര കോടിയില്‍ നടന്നുവന്ന കുമാരനാശാന്റെ  ചരമദിനാചരണപരിപാടികളുടെ  സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ജാതി ചിന്തകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പിശാചുക്കള്‍  കൂടിവരുന്നത് നമ്മള്‍ തിരിച്ചറിയണം. രോഹിത് വെമുലയെപ്പോലുള്ളവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സാമൂഹിക സാഹചര്യം ഇന്നും നിലനില്‍ക്കുന്നു.  ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ പോലുള്ള കൃതികള്‍ ജാതിക്കും മതവിദ്വേഷത്തിനും അനാചാരങ്ങള്‍ക്കും എതിരെയുള്ള കുമാരനാശാന്റെ ശക്തമായ കാവ്യാനുഭവങ്ങളാണ്. ദയയും കരുണയും പോലുള്ള വികാരങ്ങള്‍ നിഴലുകളായി അദ്ദേഹത്തിന്റ കാവ്യങ്ങളില്‍ നിറഞ്ഞു നിന്നു. സാമൂഹിക ജീവിതത്തിലും സാഹിത്യ ലോകത്തും മാറ്റത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിച്ച കവിയായിരുന്നു കുമാരനാശാന്‍. നിര്‍മാല്യം പോലുള്ള ഒരു സിനിമ  ഇന്നത്തെ സാഹചര്യത്തില്‍ ഉണ്ടാകുമോ എന്നുപോലും സംശയിക്കപ്പെടണം. ആസ്വാദക സമൂഹം പണ്ട് ഇതിനെയെല്ലാം ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇന്ന് സമൂഹത്തിന്റെ മൃദുല വികാരങ്ങളെ ചൂഷണം ചെയ്ത് രാഷ്ട്രീയ മുതലെടുപ്പിന് ചിലര്‍ ശ്രമിക്കുന്നു. ഓരോ ജില്ലയിലും 40 കോടി രൂപ ചെലവില്‍ ഓരോ നവോദ്ധാന നായകരുടെ പേരില്‍ സാംസ്‌കാരിക സമുച്ചയങ്ങള്‍ പടുത്തുയര്‍ത്താന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. കേരളത്തിന് അഭിമാനിക്കത്തക്ക ഒരു ഫിലിം സിറ്റി, ചലച്ചിത്രോല്‍സവത്തിന്റെ ഭാഗമായി 150 കോടി രൂപയുടെ തിയറ്റര്‍ കോംപ്ലക്‌സ് എന്നിവ സിനിമയുടെ വളര്‍ച്ചയ്ക്കായി ആരംഭിക്കും. ചെയര്‍മാന്‍ എന്‍ ഉപേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ടി കെ ദേവകുമാര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരില്‍, എ കെ രാജന്‍, എസ് വിനോദ്കുമാര്‍, തോട്ടപ്പള്ളി രവീന്ദ്രനാഥ്, കെ എം പങ്കജാക്ഷന്‍, സെക്രട്ടറി ഇടശ്ശേരി രവി, എം ആര്‍ രവീന്ദ്രന്‍, പി മുരളീധരക്കുറുപ്പ് പ്രസംഗിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss