|    Jan 23 Mon, 2017 8:23 pm
FLASH NEWS

അസഹിഷ്ണുതയ്‌ക്കെതിരായ നിലപാട്: മാധ്യമങ്ങള്‍ നിര്‍ണായക പങ്കുവഹിക്കണം- കാരാട്ട്

Published : 6th October 2016 | Posted By: SMR

കൊച്ചി: ഭരണകൂടം തന്നെ സര്‍ക്കാരുകളിലൂടെ അസഹിഷ്ണുത പ്രോല്‍സാഹിപ്പിക്കുന്ന സാഹചര്യത്തില്‍ അസഹിഷ്ണുതയ്‌ക്കെതിരായ നിലപാട് ശക്തിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്കു നിര്‍ണായക പങ്കുവഹിക്കാനുണ്ടെന്ന് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറിയും പിബി അംഗവുമായ പ്രകാശ് കാരാട്ട്. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി അസഹിഷ്ണുതയെ ചെറുക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അസഹിഷ്ണുത സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും തന്നെ ഇല്ലാതാക്കുമെന്നതിനാല്‍ അസഹിഷ്ണുതയ്‌ക്കെതിരായ നിലപാടുകള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ മൗലികവാദശക്തികളില്‍നിന്ന് അസഹിഷ്ണുതയുള്ള നിലപാടുകള്‍ ഉണ്ടാവുകയും ഭരണകൂടം തന്നെ അസഹിഷ്ണുതയുള്ള നിലപാടുകളെ പിന്തുണയ്ക്കുകയും ചെയ്യുമ്പോള്‍ വ്യത്യസ്ത നിലപാടുകളും ആശയങ്ങളും പുലര്‍ത്തുന്നവര്‍ക്കെതിരേ തിരിയുന്നതിനുള്ള പ്രവണത സമൂഹത്തില്‍ ശക്തമാവും. ഒപ്പം ഭിന്ന നിലപാടുകളെ അംഗീകരിക്കാനാവില്ലെന്നും തങ്ങള്‍ പറയുന്നത് അനുസരിക്കണമെന്നുമുള്ള ആവശ്യവും ശക്തിപ്രാപിക്കും. ഇത്തരം നീക്കങ്ങള്‍ക്ക് ഭരണകൂടത്തിന്റെ പിന്തുണകൂടിയാവുമ്പോള്‍ സവിശേഷ സാഹചര്യമാണ് ഉടലെടുക്കുന്നതെന്നും പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു.
അസഹിഷ്ണുതയെ നേരിടുന്ന കാര്യത്തില്‍ മാധ്യമങ്ങളി ല്‍ നിന്ന് ഗുണപരമായ നിലപാടും നിഷേധാത്മക നിലപാടും ഉണ്ടാവുന്നുണ്ട്. മതേതര നിലപാടുകള്‍ ശക്തമായ കേരളം പോലുള്ള സ്ഥലങ്ങളില്‍ അസഹിഷ്ണുതയ്‌ക്കെതിരായ നിലപാടുകള്‍ പ്രചരിപ്പിക്കുന്നതിനും അസഹിഷ്ണുത ശക്തിപ്പെടുത്തുന്ന സമീപനങ്ങളെ തുറന്നുകാണിക്കുന്നതിനും മാധ്യമങ്ങ ള്‍ ശക്തമായി തന്നെ രംഗത്തുണ്ട്. ആരാണ് ദേശീയവാദി, ആരാണ് രാജ്യദ്രോഹി എന്നു തീരുമാനിക്കുന്നത് രാജ്യത്തെ ചില ടെലിവിഷന്‍ ചാനലുകളാണെന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന, സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ നിലനില്‍ക്കുന്നവര്‍ക്കെതിരേ 125 എ വകുപ്പുപ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന സംഭവങ്ങളെ സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുള്ള അസഹിഷ്ണുതയായി തന്നെ കാണേണ്ടതുണ്ട്. മാധ്യമങ്ങള്‍ക്കെതിരായും ഈ നിയമം പ്രയോഗിക്കുന്ന സാഹചര്യം പലപ്പോഴും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ക്രിമിനല്‍ അപകീര്‍ത്തിക്കേസുകള്‍ ചുമത്തുന്ന സ്ഥിതിയാണുള്ളതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. സ്വാതന്ത്ര്യത്തിനും ചില നിയന്ത്രണങ്ങള്‍ വേണ്ടിവരുന്ന അവസ്ഥയാണെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയിലെ പോരാട്ടങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള വേദി മാധ്യമമേഖലയാണ്. മാധ്യമങ്ങളെ തന്നെ അകറ്റിനിര്‍ത്തിയാല്‍ എങ്ങനെ ജനാധിപത്യ വ്യവസ്ഥകളില്‍ മാധ്യമങ്ങള്‍ക്ക് ഇടപെടാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
എന്നാണോ ഭാരതം കപട മതേതരത്വം മുഖമുദ്രയാക്കിയത്, അന്നു മുതല്‍ അസഹിഷ്ണുതയുടെ വിത്തുകള്‍ മുളയ്ക്കാന്‍ തുടങ്ങിയെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫ. കെ ജയപ്രസാദ് പറഞ്ഞു. ഇടതുപക്ഷ ബൗദ്ധിക രാഷ്ട്രീയം അപകടകരമാണ്. രാജ്യത്തെ ഇടതുപക്ഷ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പുനര്‍വിചിന്തനത്തിന് വിധേയമാവണമെന്നും ജയപ്രസാദ് പറഞ്ഞു.
എസ് രമാകാന്തന്‍ മോഡറേറ്ററായിരുന്നു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുല്‍ഗഫൂര്‍, വൈസ് പ്രസിഡന്റ് ആര്‍ ഗോപകുമാര്‍, സംസ്ഥാന സമിതിയംഗം ഡി ദിലീപ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക