|    Apr 22 Sun, 2018 12:37 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

അസഹിഷ്ണുതയെ തോല്‍പിക്കുക

Published : 26th January 2016 | Posted By: SMR

എം മുഹമ്മദലി ജിന്ന

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ. മറ്റു രാജ്യങ്ങളുടേതുമായി തുലനം ചെയ്യുമ്പോള്‍ താരതമ്യേന മികച്ചതാണ് നമ്മുടെ നിയമവ്യവസ്ഥ. നാനാത്വത്തില്‍ ഏകത്വം എന്ന സങ്കല്‍പം അതുല്യവും രാഷ്ട്രത്തിന്റെ അടിസ്ഥാനവുമാണ്. രാജ്യം 67ാമത് റിപബ്ലിക്ദിനം ആഘോഷിക്കുമ്പോള്‍ ഇത്തരം ചിന്തകളാണ് മനസ്സില്‍ വരുന്നത്. വൈവിധ്യമാര്‍ന്ന സംസ്‌കാരവും നാഗരികതയും സംഗമിക്കുന്ന വര്‍ണാഭമായ റിപബ്ലിക്ദിന പരേഡ് നാം ഉയര്‍ത്തിപ്പിടിക്കുന്ന നാനാത്വത്തില്‍ ഏകത്വത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. സഹിഷ്ണുതയുടെ അമ്പരപ്പിക്കുന്ന ഉദാഹരണമാണ് ഇന്ത്യ. പക്ഷേ, നമ്മുടെ രാജ്യം ഇന്നു നിക്ഷിപ്ത താല്‍പര്യങ്ങള്‍ പേറുന്ന ചില ഗ്രൂപ്പുകള്‍ പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയ്ക്ക് സാക്ഷിയാവുന്നു. ഭരണാധികാരികള്‍ തന്നെ അത്തരം പ്രവണതകള്‍ക്ക് പിന്തുണയേകുന്നതാണ് കണ്ടുവരുന്നത്. രാഷ്ട്രപതി അടുത്തകാലത്ത് പലപ്പോഴായി സഹിഷ്ണുതയുടെ അനിവാര്യതയെക്കുറിച്ച് ഊന്നിപ്പറഞ്ഞു. നാനാത്വത്തില്‍ ഏകത്വം ഇന്ത്യയുടെ അടിസ്ഥാന സങ്കല്‍പ്പമാണെന്നും നാം അതില്‍ ഉറച്ചുനില്‍ക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു. രാഷ്ട്രപതിയുടെ വാക്കുകളെ നാം അനുധാവനം ചെയ്യുന്നുവെങ്കില്‍ മാത്രമേ നമ്മുടെ രാഷ്ട്രത്തെ ദുഷ്ടശക്തികളില്‍നിന്ന് രക്ഷിക്കാന്‍ നമുക്കാവുകയുള്ളൂ.
സമീപനാളുകളിലായി നമ്മുടെ രാജ്യത്തുണ്ടായ ചില സംഭവങ്ങള്‍ നാമൊന്നു പരിശോധിച്ചു നോക്കുക. കന്നഡ സാഹിത്യത്തിലെ പ്രമുഖ പണ്ഡിതനും ഹംപി സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറും സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ എം എം കല്‍ബുര്‍ഗി ഹിന്ദുത്വവാദികളുടെ തോക്കിനിരയായി. മധുരം വിതരണം ചെയ്തുകൊണ്ടാണ് ബംഗളൂരുവിലെ ശ്രീരാമസേനാ നേതാവ് ഈ അരുംകൊല ആഘോഷിച്ചത്. അടുത്ത ലക്ഷ്യം വര്‍ണാശ്രമത്തെ വിമര്‍ശിക്കുന്ന കന്നഡ എഴുത്തുകാരനായ പ്രഫസര്‍ കെ എസ് ഭഗവാനായിരിക്കുമെന്ന് ബജ്‌രംഗ്ദള്‍ ഭാരവാഹി പരസ്യമായി ട്വീറ്റ് ചെയ്യുന്നു. കല്‍ബുര്‍ഗി ചെയ്ത ഒരേയൊരു അപരാധം ആദ്യകാലത്ത് ലിംഗായത്ത് വിഭാഗത്തില്‍ ജാതിക്കോ വിഗ്രഹാരാധനയ്‌ക്കോ വിവേചനങ്ങള്‍ക്കോ യാതൊരു സ്ഥാനവും ഉണ്ടായിരുന്നില്ലെന്നു തെളിയിച്ചതാണ്.
സാമൂഹികപ്രവര്‍ത്തകനായ ഡോ. നരേന്ദ്ര ദബോല്‍ക്കര്‍ കൊല്ലപ്പെട്ടത് യുക്തിചിന്ത പ്രചരിപ്പിച്ചതിന്റെ പേരിലാണ്. ശിവജിയെ ഹിന്ദുത്വ പ്രതീകമാക്കാനുള്ള ആര്‍എസ്എസ്-ശിവസേനാ സംയുക്ത നീക്കങ്ങള്‍ക്കെതിരേ പ്രചാരണം നടത്തിയതിന് പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പന്‍സാരെയ്ക്ക് തന്റെ ജീവന്‍ തന്നെ ബലിനല്‍കേണ്ടിവന്നു. ശിവജി ഒരു ഹിന്ദുപക്ഷപാതിയായിരുന്നില്ലെന്നും ഇസ്‌ലാംമതത്തിനെതിരായിരുന്നില്ലെന്നും തെളിവുകള്‍ സഹിതം പന്‍സാരെ ചൂണ്ടിക്കാട്ടി. ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെയുടെ പ്രതിമകള്‍ നിര്‍മിക്കുന്നതിനെതിരേയും പന്‍സാരെ സംസാരിച്ചിരുന്നു.
സ്വന്തം വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചു എന്ന വ്യാജ പ്രചാരണം നടത്തിയാണ് യുപിയിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ ഹിന്ദുത്വസംഘം അടിച്ചുകൊന്നത്. അദ്ദേഹത്തിന്റെ പുത്രന്‍ ദാനിഷിനെ സംഘം അതിക്രൂരമായി ആക്രമിച്ചതിന്റെ ഫലമായി രണ്ടുതവണ ശസ്ത്രക്രിയക്ക് വിധേയനാവേണ്ടിവന്നു. അഖ്‌ലാഖിന്റെ മറ്റൊരു പുത്രന്‍ ഇന്ത്യന്‍ വ്യോമസേനയില്‍ സേവനമനുഷ്ഠിക്കുന്ന രാജ്യസ്‌നേഹിയായ ഒരു സൈനികനാണ്. ഒരു സൈനികന്റെ കുടുംബത്തോട് ഇപ്രകാരമാണ് രാജ്യസ്‌നേഹികള്‍ ‘ആദരവ്’ കാട്ടിയത്.
ഈ സംഭവങ്ങളത്രയും വളരെ ആസൂത്രിതമാണ്. വിശ്വഹിന്ദു പരിഷത്ത് നേതാവും പാര്‍ലമെന്റംഗവുമായ സ്വാധ്വി പ്രാചി പറഞ്ഞത്, മാട്ടിറച്ചി കഴിക്കുന്ന എല്ലാവര്‍ക്കും അഖ്‌ലാഖിന്റെ ഗതി തന്നെ വരുമെന്നാണ്. ഗോസംരക്ഷണ നിയമപ്രകാരം അഖ്‌ലാഖിന്റെ കുടുംബാംഗങ്ങള്‍ക്കെതിരേ കേസെടുക്കണമെന്നാണ് പ്രദേശത്തെ ബിജെപി നേതാക്കള്‍ ആവശ്യപ്പെടുന്നത്. അഖ്‌ലാഖ് കൊലചെയ്യപ്പെട്ട അതേ ബിച്ചാഡ ഗ്രാമത്തില്‍ വച്ച് ബിജെപിയുടെ നിയമസഭാംഗമായ സംഗീത് സോം പരസ്യമായി പ്രഖ്യാപിച്ചത് അഖ്‌ലാഖിന്റെ കൊലയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവരെ വിട്ടയച്ചില്ലെങ്കില്‍ കലാപം സംഘടിപ്പിക്കുമെന്നാണ്. മാട്ടിറച്ചി തിന്നുന്നവര്‍ പാകിസ്താനിലേക്കു പോവണമെന്നായിരുന്നു മറ്റു ചിലരുടെ ആക്രോശം.
ദാദ്രി സംഭവം ഒറ്റപ്പെട്ട ഒന്നല്ല. ദാദ്രി സംഭവത്തിന് ഏതാനും ദിവസം മുമ്പാണ് പാകിസ്താന്‍ തീവ്രവാദിയെന്നാരോപിച്ച് കാണ്‍പൂരില്‍ ഒരു മുസ്‌ലിം യുവാവ് കൊലചെയ്യപ്പെട്ടത്. പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ച് കഴിഞ്ഞ ആഗസ്തില്‍ ദാദ്രിയില്‍ മൂന്നു മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ടു. 2014 ആഗസ്തില്‍ ഡല്‍ഹിയില്‍ നജബ്ഗറില്‍ ചത്ത പശുവിന്റെ തുകല്‍ നീക്കംചെയ്തതിന്റെ പേരില്‍ ഒരു ദലിത് യുവാവ് കൊലചെയ്യപ്പെട്ടു. സമാനമായ കാരണം ചൂണ്ടി 2002ല്‍ ഹരിയാനയില്‍ അഞ്ചു ദലിതുകള്‍ കൊലചെയ്യപ്പെട്ടത് നമുക്കു മറക്കാവതല്ല. ദലിതരുടെ ജീവനേക്കാള്‍ പവിത്രമാണോ പശുവെന്ന ചോദ്യത്തിന് വിശ്വഹിന്ദു പരിഷത്ത് നേതാവ് ഗിരിരാജ് കിഷോര്‍ മറുപടി പറഞ്ഞത്, വേദങ്ങള്‍ ഗോക്കളെ അമൂല്യമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നായിരുന്നു.
ഈ അസഹിഷ്ണുതയ്‌ക്കെതിരേ എഴുത്തുകാരും ബുദ്ധിജീവികളും അണിനിരക്കുകയും സാഹിത്യകാരന്മാര്‍ അവര്‍ക്കു ലഭിച്ച അവാര്‍ഡുകളും പുരസ്‌കാരങ്ങളും തിരിച്ചേല്‍പിക്കുകയും ചെയ്തത് ശ്രദ്ധേയമായ ഇടപെടലായിരുന്നു. നമ്മുടെ രാഷ്ട്രത്തിന്റെ ജനാധിപത്യം-മതനിരപേക്ഷ മൂല്യങ്ങള്‍ മരിച്ചുകഴിഞ്ഞിട്ടില്ലെന്നതാണിത് സൂചിപ്പിക്കുന്നത്. പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പിച്ചും പദവികള്‍ രാജിവച്ചും ഫാഷിസത്തിനെതിരേ പുതിയൊരു മാതൃക സൃഷ്ടിക്കുകയായിരുന്നു എഴുത്തുകാര്‍. 40 കേന്ദ്ര സാഹിത്യ അവാര്‍ഡുകളും നാലു ദേശീയ അംഗീകാരങ്ങളും ഒരു പത്മഭൂഷണ്‍ പുരസ്‌കാരവുമടക്കം 60 അവാര്‍ഡുകളാണ് രാജ്യത്ത് ഇത്തരത്തില്‍ തിരികെ ഏല്‍പിച്ചത്. അവാര്‍ഡ് വാപസിയിലൂടെ ഏറ്റവുമധികം അവാര്‍ഡ് ലഭിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു മാത്രമാണ്. ലോകശ്രദ്ധ പിടിച്ചുപറ്റിയ നിശ്ശബ്ദ വിപ്ലവമായിരുന്നു അവാര്‍ഡ് തിരിച്ചുനല്‍കല്‍. അതോടെ മോദി വാ തുറക്കാന്‍ നിര്‍ബന്ധിതമായി. ഈ പുതിയ പ്രതികരണരീതിയുടെ വിജയമാണത്.
അസഹിഷ്ണുതയ്‌ക്കെതിരേ ധീരമായി പൊരുതി ജീവന്‍ ബലിനല്‍കിയ രക്തസാക്ഷികള്‍ അങ്ങേയറ്റം ആദരം അര്‍ഹിക്കുന്നു. ഈ രാഷ്ട്രത്തിന്റെ മൗലികമൂല്യങ്ങളുടെ സംരക്ഷകരാവണമെങ്കില്‍ നമ്മളും ഈ വിപ്ലവത്തിന്റെ ഭാഗമായേ പറ്റൂ.
നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണം ജനങ്ങള്‍ക്ക് പ്രതീക്ഷകളല്ല, നിരാശയും ഭയവുമാണ് സമ്മാനിച്ചത്. അച്ഛേ ദിന്‍ വാഗ്ദാനം ചെയ്ത് ആരംഭിച്ച ഭരണം അതിവേഗം ആര്‍എസ്എസിന്റെയും കോര്‍പറേറ്റുകളുടെയും നിയന്ത്രണത്തിലായി. ഭൂമിയേറ്റെടുക്കല്‍ നിയമംപോലുള്ള വിവാദ ബില്ലുകള്‍ കൊണ്ടുവരാനുള്ള ശ്രമം കര്‍ഷകരെയല്ല കോര്‍പറേറ്റുകളെ സഹായിക്കാനായിരുന്നു. തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന പല നിയമങ്ങളും കൊണ്ടുവന്നതും ഇതേ ലക്ഷ്യത്തോടെയാണ്. നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുയരുകയും യാത്രാനിരക്കുകള്‍ കുത്തനെ ഉയരുകയും ചെയ്തു. മരുന്നുവില നിയന്ത്രണാധികാരം സര്‍ക്കാരില്‍നിന്ന് എടുത്തുമാറ്റി ഔഷധക്കമ്പനികള്‍ക്കു നല്‍കിയതിലൂടെ സാധാരണക്കാര്‍ക്ക് കൂടുതല്‍ ദുരിതം സമ്മാനിക്കുകയായിരുന്നു. ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണിയില്‍ വില കുറയുമ്പോഴും ഇന്ത്യയില്‍ ഇന്ധനവില കൂടുന്ന വിരോധാഭാസവും മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളുടെ ഫലമാണ്.
വിദ്വേഷപ്രസംഗങ്ങളും വര്‍ഗീയ ധ്രുവീകരണ നീക്കങ്ങളും ആശങ്കയുണര്‍ത്തുന്നതാണ്. രോഹിത് വെമുലയുടെ ആത്മഹത്യ കേന്ദ്രസര്‍ക്കാരും സംഘപരിവാരസംഘങ്ങളും തുടരുന്ന ഇന്ത്യന്‍ അപ്പാര്‍ത്തെയ്ഡിന്റെ ഏറ്റവും ക്രൂരമായ മുഖമാണ് വെളിപ്പെടുത്തുന്നത്. വിദ്യാഭ്യാസത്തിന്റെ മതനിരപേക്ഷ സ്വഭാവം തകര്‍ത്ത് കാവിവല്‍ക്കരണം ദ്രുതഗതിയിലാക്കി. ചരിത്രത്തെ വികലമാക്കിയ അന്ധവിശ്വാസങ്ങളെ ശാസ്ത്രസത്യങ്ങളാക്കി അവതരിപ്പിച്ചും അസംബന്ധങ്ങള്‍ നിരന്തരം ആവര്‍ത്തിച്ചും ആസൂത്രണ കമ്മീഷനെ പിരിച്ചുവിട്ടും വിവാദങ്ങളുടെ സഹയാത്രികരായ സംഘപരിവാര പ്രഭൃതികളെ പ്രധാന പദവികളില്‍ നിയമിച്ചും ഭരണതലത്തില്‍ ആര്‍എസ്എസ് സ്വാധീനം ഉറപ്പിച്ചു. വീണ്ടും ഒരു റിപബ്ലിക് ദിനം കൂടി ആഘോഷിക്കുമ്പോള്‍ നമ്മുടെ മഹത്തായ രാജ്യം സാക്ഷ്യംവഹിക്കുന്നത് ഏറ്റവും അശുഭകരവും അസഹനീയവുമായ രാഷ്ട്രീയ-സാമൂഹിക ചുറ്റുപാടുകള്‍ക്കാണ്. അസഹിഷ്ണുതയെ ചെറുത്തു തോല്‍പിച്ച് റിപബ്ലിക്കിനെ രക്ഷിക്കുകയാണ് രാജ്യത്തിന്റെ പൗരന്മാര്‍ എന്ന നിലയില്‍ നമ്മുടെ പ്രധാന കടമ.
ഏവര്‍ക്കും ഹൃദയംഗമമായ റിപബ്ലിക്ദിന ആശംസകള്‍.

(പോപുലര്‍ ഫ്രണ്ട് ദേശീയ ജനറല്‍സെക്രട്ടറിയാണ് ലേഖകന്‍.)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss