|    Oct 15 Mon, 2018 11:20 pm
FLASH NEWS
Home   >  Editpage  >  Editorial  >  

അസമില്‍ വിതച്ചത് കൊയ്യുന്നു

Published : 8th August 2016 | Posted By: SMR

അസമിലെ കൊക്രജാര്‍ ജില്ലയിലെ തിരക്കേറിയ ചന്തയില്‍ ആയുധധാരികള്‍ നടത്തിയ വെടിവയ്പില്‍ 14 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വാര്‍ത്ത രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. നിരോധിത സംഘടനയായ ബോഡോലാന്‍ഡ് ദേശീയ ജനാധിപത്യ മുന്നണി(എന്‍ഡിഎഫ്ബി) യില്‍പ്പെട്ടവരാണ് അക്രമത്തിനു പിന്നിലെന്നാണ് പോലിസ് പറയുന്നത്. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ കൂട്ടക്കൊലയെ അപലപിച്ചു രംഗത്തുവന്നിട്ടുണ്ടെങ്കിലും സംഭവം യാദൃച്ഛികമാണെന്നു പറയാനാവില്ല. രാജ്യത്തിന്റെ അഖണ്ഡതയുമായും സുരക്ഷയുമായും ബന്ധപ്പെട്ട വിഷയങ്ങളില്‍പ്പോലും താല്‍ക്കാലിക രാഷ്ട്രീയലാഭങ്ങള്‍ മാത്രം നോക്കി നിലപാടുകള്‍ എടുക്കുകയും അതിനായി ഏതു വിഷപ്പാമ്പിനെയും പാലൂട്ടി വളര്‍ത്തുകയും ചെയ്യുന്ന കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും കാപട്യങ്ങള്‍ക്കേറ്റ ഇരുട്ടടിയാണ് ഒരര്‍ഥത്തില്‍ ഈ ആക്രമണം. ബോഡോകളോടും അവരിലെ സായുധസംഘങ്ങളോടും വിവിധ ഘട്ടങ്ങളില്‍ ഈ രണ്ടു രാഷ്ട്രീയപ്പാര്‍ട്ടികളും സ്വീകരിച്ച മൃദുസമീപനം ഇത്തരം സായുധസംഘങ്ങള്‍ക്ക് വലിയ പ്രോല്‍സാഹനമായിരുന്നു.
ലോവര്‍ അസമിലെ കൊക്രജാര്‍, ബക്‌സു, ചിറാംഗ്, ഉദല്‍ഗുരി എന്നീ നാലു ജില്ലകള്‍ ഉള്‍പ്പെടുന്ന മേഖലയുടെ ഭരണനിര്‍വഹണം നടത്തുന്നത് ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ കൗണ്‍സില്‍(ബിടിസി) എന്നറിയപ്പെടുന്ന സമിതിയാണ്. 2003ല്‍ അന്നത്തെ എന്‍ഡിഎ സര്‍ക്കാരും സംസ്ഥാന ഭരണകൂടവും ചേര്‍ന്ന് ബോഡോ ലിബറേഷന്‍ ടൈഗര്‍ ഫോഴസുമായി(ബിഎല്‍ടിഎഫ്) ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ കൗണ്‍സില്‍ നിലവില്‍ വന്നത്. 46 അംഗ കൗണ്‍സിലിലെ 30 സ്ഥാനങ്ങളും ബോഡോകള്‍ക്ക് സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. മേഖലയിലെ ജനസംഖ്യയില്‍ 27 ശതമാനം മാത്രമാണ് ബോഡോകള്‍. ബംഗാളി സംസാരിക്കുന്നവര്‍ ജനസംഖ്യയുടെ 30 ശതമാനം വരും.
ഗോത്രവിഭാഗങ്ങളും ആദിവാസികളും ചേര്‍ന്നാല്‍ ജനസംഖ്യയുടെ 73 ശതമാനവും ബോഡോകള്‍ അല്ലാത്ത ജനവിഭാഗങ്ങളാണെന്നിരിക്കെയാണ് നീതീകരിക്കാനാവാത്ത മേധാവിത്വം കൗണ്‍സിലില്‍ ബോഡോകള്‍ക്ക് വകവച്ചുനല്‍കിയത്. മാത്രമല്ല, കലാപകാരികള്‍ ആയുധങ്ങള്‍ അടിയറവയ്ക്കണമെന്ന കരാര്‍വ്യവസ്ഥയും പാലിക്കപ്പെടുകയുണ്ടായില്ല. നിരോധിത സംഘടനയായ എന്‍ഡിഎഫ്ബി അടക്കമുള്ളവയുടെ കൈയില്‍ ഏറ്റവും ആധുനികമായ ആയുധശേഖരങ്ങളുണ്ട്. അവ ഉപയോഗിച്ച് ബോഡോകളല്ലാത്തവരെ അവര്‍ ആക്രമിക്കുന്നു. പിന്നീട് അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് ഭരണകൂടം രാഷ്ട്രീയനേട്ടത്തിനായി ബോഡോകളടക്കമുള്ള ഗോത്രങ്ങളെ അവരുടെ ജനസംഖ്യ പരിഗണിക്കാതെ പ്രീണിപ്പിക്കുകയായിരുന്നു. അത്തരം നയത്തിന്റെ സ്വാഭാവിക പരിണതിയാണ് കൊക്രജാറില്‍ ഇപ്പോള്‍ അരങ്ങേറിയത്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ ബിജെപിയാണ് അതേ കാര്‍ഡ് കൂടുതല്‍ മിടുക്കോടെ കളിച്ചത്. ആക്രമണത്തിന്റെ മുന മുസ്‌ലിംകള്‍ക്കെതിരേ തിരിച്ചുവിടുന്നതിലായിരുന്നു അവരുടെ ശ്രദ്ധ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss