|    Mar 23 Thu, 2017 11:54 pm
FLASH NEWS

അസമില്‍ ആക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു

Published : 6th August 2016 | Posted By: SMR

കൊക്രജാര്‍ (അസം): അസമിലെ കൊക്രജാര്‍ ജില്ലയില്‍ തിരക്കേറിയ ചന്തയിലുണ്ടായ വെടിവയ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 20ലേറെ പേര്‍ക്കു പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. നിരോധിക്കപ്പെട്ട ബോഡോലാന്‍ഡ് ദേശീയ ജനാധിപത്യ മുന്നണി (എന്‍ഡിഎഫ്ബി-എസ്) പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്നു സംശയിക്കുന്നതായി പോലിസ് വ്യക്തമാക്കി. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
കൊക്രജാര്‍ നഗരത്തില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള ബിലാജന്‍ തിനിയാലി ചന്തയില്‍ ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണു സംഭവം. സൈനികവേഷത്തില്‍ വാനിലെത്തിയ സായുധസംഘം ജനങ്ങള്‍ക്കുനേരെ ഗ്രനേഡ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനു ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. സമീപമുണ്ടായിരുന്ന സുരക്ഷാസേന ഉടനെത്തി അക്രമികളെ നേരിട്ടു. 12 പേര്‍ സംഭവസ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണു മരിച്ചത്.
കൊല്ലപ്പെട്ടവരില്‍ മസ്ഹര്‍ അലി, സലാം അലി, ദന്ത ബാസുമതാരി, മൊണിറാം ബാസുമതാരി, പരമേശ്വര്‍ ബാസുമതാരി, തപന്‍ ചക്രവര്‍ത്തി എന്നിവരെ തിരിച്ചറിഞ്ഞു. 20 മിനിറ്റോളം നീണ്ട വെടിവയ്പിനൊടുവില്‍ അക്രമികളില്‍ ഒരാളെ സുരക്ഷാസേന വധിച്ചു. എകെ 56, 47 റൈഫിളുകളും ഗ്രനേഡുകളും കണ്ടെടുത്തു.
നാലുപേരാണ് അക്രമിസംഘത്തിലുള്ളതെന്ന് ഡിജിപി മുകേഷ് സഹായ് അറിയിച്ചു.  മൂന്നുപേര്‍ ഒരു കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്നുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
മുഖ്യമന്ത്രി സര്‍വാനന്ദ സോനോവാള്‍ അക്രമത്തെ അപലപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപവീതം സഹായധനം നല്‍കും. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപ വീതവും നിസ്സാര പരിക്കേറ്റവര്‍ക്ക് 20,000 രൂപ വീതവും നല്‍കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങും സംഭവത്തില്‍ അനുശോചിച്ചു.

(Visited 18 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക