|    Dec 15 Sat, 2018 6:41 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

അസദ് ഒരു യുദ്ധക്കുറ്റവാളി

Published : 11th June 2018 | Posted By: kasim kzm

മഹ്ദി ഹസന്‍
ബശ്ശാറുല്‍ അസദിന്റെ ന്യായീകരണ തൊഴിലാളികള്‍ അറിയുന്നതിന്. നിങ്ങളെ ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കുക. എനിക്കറിയാം, നിങ്ങള്‍ വളരെ തിരക്കിലാണ്. ഏപ്രില്‍ 7നു വിമത നിയന്ത്രണത്തിലുള്ള ദൂമയില്‍ രാസായുധപ്രയോഗം നടത്തി 70ഓളം ആളുകളെ നിങ്ങളുടെ വീരനായകന്‍ കൊന്നിട്ടില്ലെന്നു സ്വയവും ചുറ്റുമുള്ളവരെയും വിശ്വസിപ്പിക്കുന്ന തിരക്കിലാണ് നിങ്ങള്‍. ഒരുപക്ഷേ, രാസായുധപ്രയോഗം അന്വേഷിച്ച ഡോക്ടര്‍ പറഞ്ഞ പോലെയാകാം കാര്യങ്ങള്‍; അത് അതിജീവിച്ച നൂറുകണക്കിന് ആളുകളും അതിനു ദൃക്‌സാക്ഷികളായ ആളുകളുമെല്ലാം അഭിനയിക്കുകയായിരിക്കാം.
ഒരുപക്ഷേ, അസദ് വിമത നിയന്ത്രണത്തിലുള്ള ഖാന്‍ ശെയ്ഖൂനില്‍ കഴിഞ്ഞ വര്‍ഷം 100 ആളുകള്‍ കൊല്ലപ്പെട്ട സംഭവത്തിലും സരിന്‍ എന്ന രാസവസ്തു ഉപയോഗിച്ചുകാണില്ല! രാസായുധ നിരോധന സമിതിയും ഐക്യരാഷ്ട്രസഭയും ചേര്‍ന്നുള്ള വസ്തുതാന്വേഷണത്തില്‍ രാസായുധപ്രയോഗം നടത്തിയതിന്റെ അനിഷേധ്യമായ തെളിവുകള്‍ കണ്ടെത്തിയെങ്കിലും, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ തലവന്‍ ഹാന്‍സ് ബ്ലിക്‌സും അസദ് കുറ്റക്കാരനാണെന്ന് ആരോപിച്ചിരുന്നെങ്കിലും അവര്‍ക്കെല്ലാം തെറ്റിയിരിക്കാം! അതല്ലെങ്കില്‍ അവര്‍ നിങ്ങള്‍ വാദിക്കുന്നപോലെ സിഐഎക്കു വേണ്ടി പ്രതിഫലം വാങ്ങി പ്രവര്‍ത്തിച്ചവരാകാം.
സിറിയയില്‍ നടക്കുന്ന സംഭവങ്ങള്‍ ആരു ശ്രദ്ധിക്കുന്നു! മെയ് ആദ്യത്തിലും കഴിഞ്ഞ വര്‍ഷവും സിറിയയില്‍ രാസായുധം പ്രയോഗിച്ചിരിക്കാം. അതിന്റെ പേരില്‍ തികച്ചും നിയമവിരുദ്ധമായിട്ടാണ് അസദ് ഭരണകേന്ദ്രങ്ങളില്‍ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ബോംബ് ആക്രമണം നടത്തിയത്. പക്ഷേ, ഇതുകൊെണ്ടാന്നും തന്നെ സിറിയന്‍ പ്രസിഡന്റ് ഒരു ഭീകരനാണെന്ന സത്യം മാറില്ല. അയാള്‍ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെയും മനുഷ്യത്വത്തിനെതിരേയുള്ള കുറ്റകൃത്യങ്ങളുടെയും യുദ്ധക്കുറ്റങ്ങളുടെയും നീണ്ട നിര തന്നെയുണ്ട്.
അമേരിക്കയെ വീണ്ടും മഹത്തരമാക്കണമെന്നു വാദിക്കുന്ന വലതുപക്ഷമോ യുദ്ധത്തിനെതിരെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷമോ ദമസ്‌കസിലുള്ള ഈ കുറ്റവാളി ബാരല്‍ ബോംബ് ഉപയോഗിക്കുന്നതില്‍ മൗനം പാലിക്കുന്നതെന്താണ് എന്നെനിക്കു മനസ്സിലാവുന്നില്ല. അവര്‍ക്കൊന്നും ഇതില്‍ നാണക്കേട് തോന്നുന്നില്ലേ?
അസദ് ദൂമയില്‍ രാസായുധം പ്രയോഗിച്ചോ ഇല്ലയോ എന്നത് അയാള്‍ക്കെതിരേ മൊത്തത്തിലുള്ള കേസുകളില്‍ ഒട്ടും പ്രാധാന്യം അര്‍ഹിക്കുന്നില്ല. അസദ് മറ്റുള്ള യുദ്ധക്കുറ്റവാളികളേക്കാള്‍ ഒട്ടും പിന്നിലല്ല. ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പ്രകാരം ക്ലോറിന്റെയോ സരിന്റെയോ സഹായമില്ലാതെത്തന്നെ അയാള്‍ തുടര്‍ച്ചയായുള്ള ബോംബ്‌വര്‍ഷത്തിലുടെ വീടുകള്‍, മെഡിക്കല്‍ സൗകര്യങ്ങള്‍, സ്‌കൂളുകള്‍, ജലവൈദ്യുതി സൗകര്യങ്ങള്‍, വിളകള്‍, ബേക്കറികള്‍ എന്നിവയെല്ലാം നശിപ്പിക്കുകയാണ്. 2012 മുതല്‍ നിരായുധരായ സിവിലിയന്‍മാര്‍ക്കു നേരെ 68,000 ബാരല്‍ ബോംബുകളാണ് അയാള്‍ വര്‍ഷിച്ചത്. കൂടാതെ ക്ലസ്റ്റര്‍ ബോബുകളും ഷെല്ലുകളും.
ദക്ഷിണ സിറിയയില്‍ മാര്‍ച്ച് 2011ല്‍ സിറിയന്‍ പ്രക്ഷോഭത്തിന്റെ ആരംഭത്തില്‍, പറയപ്പെടുന്ന ജിഹാദി സംഘങ്ങള്‍ സിറിയയിലെത്തുന്നതിനു മുമ്പുതന്നെ, സമാധാനപരമായി സമരം ചെയ്ത നാട്ടുകാര്‍ക്കു നേരെ നിറയൊഴിക്കാന്‍ അസദ് ഉത്തരവിട്ടു.  2015 ഒക്ടോബറില്‍ ജര്‍മനിയില്‍ ജീവിക്കുന്ന സിറിയന്‍ അഭയാര്‍ഥികള്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വേ പ്രകാരം പത്തില്‍ ഏഴു പേര്‍ തങ്ങളുടെ രാജ്യത്ത് നടക്കുന്ന അക്രമങ്ങള്‍ക്കു കാരണക്കാരന്‍ അസദാണെന്നാണ് കരുതുന്നത്. മൂന്നില്‍ ഒരാള്‍ മാത്രമാണ് ഇസ്‌ലാമിക് സ്‌റ്റേറ്റിനെ കുറ്റം പറഞ്ഞത്.
അസദ് പതിനായിരക്കണക്കിനു സിറിയക്കാരെ ജയിലറകളില്‍ പീഡിപ്പിക്കുന്നു. അവരില്‍ പലരും കൊല്ലപ്പെടുന്നു. അല്ലെങ്കില്‍ കാണാതാവുന്നു. സിറിയയില്‍ നടക്കുന്ന വലിയ തോതിലുള്ള കൊലകളും അറസ്റ്റുകളും സൂചിപ്പിക്കുന്നത് ഇത്തരത്തിലുള്ള മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തം സിറിയന്‍ ഭരണകൂടത്തിനാണ് എന്നാണ്. 2016 ഫെബ്രുവരിയില്‍ ഐക്യരാഷ്ട്ര സഭയുടെ അന്വേഷണ കമ്മീഷന്‍ ചെയര്‍മാന്‍ സെര്‍ജിയോ പിനെയ്‌റോ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
2015-16 കാലത്ത് ദമസ്‌കസില്‍ നിന്ന് ഒരു മണിക്കൂര്‍ ദൂരത്തുള്ള മദായ പട്ടണത്തിലെ ജനങ്ങളെ അക്ഷരാര്‍ഥത്തില്‍ തന്നെ അസദ് പട്ടിണിക്കിടുകയായിരുന്നു. മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള ഡോക്ടര്‍മാരുടെ സംഘടന പറയുന്നതനുസരിച്ച് പട്ടണത്തില്‍ പോഷകക്കുറവും പട്ടിണിയും മൂലം അനേകം ആളുകള്‍ മരിച്ചു. മറ്റുള്ളവര്‍ അതിജീവിച്ചത് പുല്ലും അരിയും ചേര്‍ത്തുണ്ടാക്കിയ സുപ്പ് കുടിച്ചു മാത്രമാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ഇതിനെത്തുടര്‍ന്നാണ് 2016 ജനുവരിയില്‍ മദായയിലെയും മറ്റ് അഭയാര്‍ഥി ക്യാംപുകളിലെയും അവസ്ഥ ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലായ ബാന്‍ കി മൂണ്‍ പട്ടിണി ആയുധമാക്കുന്നത് ഒരു യുദ്ധക്കുറ്റമാണെന്നു പ്രസ്താവിച്ചത്.
2012ലും 13ലും 14ലും അസദ് തന്റെ കൊട്ടാരത്തിനു കുറച്ചകലെയുള്ള യര്‍മൂക്ക് അഭയാര്‍ഥി ക്യാംപിലെ രാജ്യമില്ലാത്ത ഫലസ്തീനി അഭയാര്‍ഥികളെ ഉപരോധിച്ചു. ക്യാംപിനു ബോംബെറിഞ്ഞു. പൂച്ചകളെയും പട്ടികളെയും സിറിയന്‍ സൈന്യം കൊന്നിട്ട മൃതദേഹങ്ങളെയും ഭക്ഷണമാക്കാന്‍ നിര്‍ബന്ധിതരായ കുടുംബങ്ങളുടെ വേദനിപ്പിക്കുന്ന, പേടിപ്പെടുത്തുന്ന കഥകള്‍ 2014 മാര്‍ച്ചില്‍ പുറത്തുവിട്ട ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ റിപോര്‍ട്ടിലുണ്ട്.
2011ല്‍ അറബ് വസന്തം പൂക്കുന്നതിനു മുമ്പാണ്, 2003ല്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം 2003ല്‍ അസദിന്റെ കുപ്രസിദ്ധമായ മുഖാബറ (ഇന്റലിജന്‍സ്) വിഭാഗത്തിലെ അംഗങ്ങള്‍ കനേഡിയന്‍ എന്‍ജിനീയറായ മാഹിര്‍ അറാറിനെ രഹസ്യ തടവറയിലിട്ട് അതിക്രൂരമായി പീഡിപ്പിച്ചു. അമേരിക്കക്കെതിരാണെന്നു കരുതുന്നവരെ പിടികൂടി സിറിയ, ജോര്‍ദാന്‍, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ നടത്തുന്ന പീഡനകേന്ദ്രങ്ങളിലേക്ക് അയക്കുന്നത് ബുഷ് ഭരണകാലത്ത് പതിവായിരുന്നു. രഹസ്യം ചോര്‍ത്തുകയായിരുന്നു ലക്ഷ്യം.
ഇപ്പോള്‍ സിഐഎ മേധാവിയായി നിര്‍ദേശിക്കപ്പെട്ട ഗീന ഹാസ്‌പെല്‍ അത്തരം പീഡനകേന്ദ്രങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നു. യഥാര്‍ഥ ചോദ്യം ചെയ്യലിനു ജോര്‍ദാനിലേക്കും വെറും പീഡനത്തിനു സിറിയയിലേക്കും അയക്കുക എന്നാണ് മുന്‍ സിഐഎ ഏജന്റ് റോബര്‍ട്ട് ബയര്‍ ഒരിക്കല്‍ പറഞ്ഞത്. ജിഹാദികളെ സിറിയയില്‍ നിന്ന് ഇറാഖിലേക്ക് അയച്ചതും അയാളാണ്. വിവിധ അറബ് രാജ്യങ്ങളില്‍ നിന്നുള്ള സായുധര്‍ ഇറാഖിലേക്ക് നുഴഞ്ഞുകയറുന്നത് സിറിയന്‍ അതിര്‍ത്തിയിലൂടെയാണെന്ന് 2009ല്‍ ഇറാഖ് പ്രധാനമന്ത്രി നൂരി അല്‍ മാലികി ആരോപിച്ചിരുന്നു. ജിഹാദികളെ സിറിയയില്‍ നിന്ന് ഇറാഖിലേക്ക് എത്തിക്കുന്നതില്‍ സിറിയന്‍ സുരക്ഷാസേനയ്ക്കുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകളുമായി ഞാന്‍ രണ്ടു തവണ സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ കണ്ടിരുന്നുവെന്ന് 2015ല്‍ ഇറാഖിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ മുവഫ്ഫിഖ് അല്‍ റുബാഇ വെളിപ്പെടുത്തിയിരുന്നു.
ഇതെല്ലാം വ്യാജവാര്‍ത്തകളാണെന്നായിരിക്കാം ന്യായീകരണ തൊഴിലാളികള്‍ പറയാന്‍ പോകുന്നത്? ഇതൊക്കെ വിമത ചായ്‌വുള്ള പ്രചാരണത്തിന്റെ ഭാഗമാണെന്നും അവര്‍ പറയും. അസദിന്റെ നയങ്ങളാണ് പതിനായിരക്കണക്കിനു സിവിലിയന്‍മാരുടെ മരണത്തിനും ദശലക്ഷക്കണക്കിന് അഭയാര്‍ഥികളുടെ പലായനത്തിനും  കാരണമായത്. ഇനി അതോ അവര്‍ അനുഭവിക്കുന്ന പീഡനങ്ങളൊന്നും തന്നെ യാഥാര്‍ഥ്യമല്ലെന്നോ? യര്‍മൂക്ക് ക്യാംപിലെ ഫലസ്തീനി അഭയാര്‍ഥികള്‍ സ്വയം പട്ടിണി കിടന്നതാണോ? മഹര്‍ അറാര്‍ സ്വയം ശാരീരിക പീഡനം നടത്തിയതാണോ? ഗിയാസ് അല്‍ മത്താര്‍ ആത്മഹത്യ ചെയ്തതാണോ? കടന്നുകയറ്റത്തെ ന്യായീകരിക്കുന്ന അമേരിക്കന്‍ വിദേശ നയങ്ങളെയും സൗദി പ്രോല്‍സാഹിത സലഫി തീവ്രവാദത്തെയും ഇറാന്റെ അവസരവാദങ്ങളെയും എതിര്‍ക്കാന്‍ വേണ്ടി അസദ് ചെയ്യുന്ന കൃത്യമായ രേഖകളുള്ള യുദ്ധക്കുറ്റകൃത്യങ്ങളെ തള്ളിക്കളയാനാണ് പലരും ശ്രമിക്കുന്നത്. എല്ലാ മനുഷ്യരെയും അല്‍ഖാഇദ എന്ന് ആരോപിച്ചുകൊണ്ടും ബോംബേറിലും വെടിയേറ്റും കൊല്ലപ്പെടുന്ന എല്ലാ മനുഷ്യരെയും ഭീകരരെന്നു മുദ്രകുത്തിക്കൊണ്ടും ഇറാനെയും റഷ്യയെയും രക്ഷപ്പെടുത്തുന്ന അവര്‍ അമേരിക്കക്കും സൗദി അറേബ്യക്കും നേരെ വിരല്‍ ചൂണ്ടുന്നു. അത് വിഡ്ഢികളുടെ ‘സാമ്രാജ്യത്വ വിരുദ്ധത’യാണ്.
പക്ഷേ, കാര്യം ഇതാണ്. സിറിയയിലെ വിമതരുടെയും പാശ്ചാത്യരുടെയും അക്രമങ്ങളെ വിമര്‍ശിക്കാന്‍ കുറ്റവാളിയായ അസദിനെയും അയാളെ പിന്തുണക്കുന്നവരെയും പ്രശംസിക്കേണ്ടതില്ല. അസദ് സ്വന്തം ജനങ്ങളോട് ചെയ്യുന്ന പറഞ്ഞുതീര്‍ക്കാനാവാത്ത യുദ്ധക്കുറ്റങ്ങളും സിറിയന്‍ സൈന്യത്തിന്റെ ഹീനവും അക്രമാസക്തവുമായ ചെയ്തികളുമാണ് യഥാര്‍ഥ പ്രശ്‌നം. ലളിതമായും വ്യക്തമായും പറഞ്ഞാല്‍, ബശ്ശാറുല്‍ അസദ് സാമ്രാജ്യത്വവിരുദ്ധനോ ജിഹാദിനെതിരേയുള്ള മതേതര പ്രതിരോധം തീര്‍ക്കുന്നവനോ അല്ല; ഒരു കൂട്ടക്കൊലയാളി മാത്രമാണ്.
സത്യത്തില്‍ ഏറെ മുമ്പുതന്നെ ഈ സിറിയന്‍ സ്വേച്ഛാധിപതി രക്തക്കറ പുരണ്ട ആധുനിക കൂട്ടക്കൊലയാളികളായ ഹിറ്റ്‌ലര്‍, സ്റ്റാലിന്‍, മാവോ, പോള്‍പോട്ട്, ഹെന്റി കിസിന്‍ജര്‍, ജോര്‍ജ് ഡബ്ല്യൂ ബുഷ് എന്നിവരുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇന്നു ജീവിച്ചിരിക്കുന്നവരില്‍ ഇത്രയേറെ രക്തം കൈകളില്‍ പുരണ്ട ഒരാളെയും നമുക്ക് കാണാനാവില്ല. അതുകൊണ്ടുതന്നെ ന്യായീകരണക്കാര്‍ ഗൂഢാലോചനാ സിദ്ധാന്തങ്ങളില്‍ കുടുങ്ങി അയാള്‍ക്കു വേണ്ടി ഇടപെടരുത്. അയാളുടെ കുറ്റകൃത്യങ്ങളെയും അതിക്രമങ്ങളെയും ചെറുതാക്കരുത്.                                              ി

(മഹ്ദി ഹസന്‍ അല്‍ജസീറ
ഇംഗ്ലീഷ് വിഭാഗം തലവനാണ്.)

പരിഭാഷ: ജാസ്മിന്‍ പി കെ

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss