|    Nov 24 Fri, 2017 8:27 pm
FLASH NEWS

അസം സ്വദേശി കൊല്ലപ്പെട്ട സംഭവം : സുഹൃത്തിനെ അറസ്റ്റ് ചെയ്തു

Published : 10th August 2017 | Posted By: fsq

 

മാള: മാള പാളയംപറമ്പില്‍ ഓട്ടുകമ്പനി തൊഴിലാളിയായ അസം സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ ബംഗാള്‍ സ്വദേശിയായ സുഹൃത്തിനെ മാള പൊലിസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ ആലിപ്പൂര്‍വാര്‍ ജില്ലയില്‍ ബാലിറോം ഉറോ ണ്‍(39) എന്നയാളെയാണ് മാള പൊലിസ് അറസ്റ്റ് ചെയ്തത്. അസം സ്വദേശി ജാഹിറുള്‍ ഇസ്്‌ലാമി(26)നെയാണ് ഇയാള്‍ കഴിഞ്ഞ ദിവസം കരിങ്കല്ല് കൊണ്ട് തലക്ക് ഇടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബാലിറോം ഉറോണിനെ വടക്കാഞ്ചേരിയില്‍ നിന്നാണ് പൊലിസ് പിടികൂടിയത്. കൊലപാതകത്തിന് മുന്‍പായി മല്‍പിടുത്തം നടന്നിരുന്നതായി തെളിഞ്ഞിരുന്നു. തിങ്കളാഴ്ച രാത്രി പണി കഴിഞ്ഞ് വരുമ്പോഴാണ് ഇരുവരും തമ്മില്‍ മല്‍പ്പിടുത്തമുണ്ടായതും കൊലപാതകം നടന്നതും. പഴൂക്കരയിലെ ഒരു ഓട്ട് കമ്പനിയിലെ പണിക്കാരനാണ് ബാലിറോം ഉറോണ്‍. ഇയാളുടെ ഭാര്യയെ കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ ഒപ്പം താമസിപ്പിക്കുന്നതാണ് കൊലപാതകം നടത്താന്‍ കാരണമെന്നാണ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ ഇടക്കിടെ വാക്ക് തര്‍ക്കങ്ങളുണ്ടാകാറുണ്ടെന്ന് പറയുന്നു. ഓട്ടുകമ്പനിയിലെ പണിക്ക് പുറമേ സമീപത്തെ ഒരു ഹോട്ടലിലും ജാഹിറുള്‍ ഇസ്്‌ലാം പണിയെടുക്കുന്നുണ്ടായിരുന്നു. ദിവസവും 10.30 ഓടെയാണ് തോട്ടിന്‍ കരയിലൂടെ ഇയാള്‍ താമസ സ്ഥലത്തേക്ക് പോയിരുന്നത്. തിങ്കളാഴ്ച വൈകീട്ട്  ബാലിറോം ഉറോണ്‍ ജാഹിറുള്‍ ഇസ്്‌ലാമിനോട് കേരളത്തിലുള്ള നിങ്ങള്‍ മൂന്ന് സഹോദരന്‍മാരില്‍ ഒരാളെ കൊല്ലുമെന്ന് ബാലിറോം ഉറോണ്‍ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് രാത്രി 11 മണിയോടെ ഇരുവരും തമ്മില്‍ മല്‍പ്പിടുത്തമുണ്ടായത്. മല്‍പ്പിടുത്തത്തിനിടയില്‍ ജാഹിറുള്‍ ഇസ്്‌ലാമിന് ബോധക്ഷയമുണ്ടായി. ഈ സമയത്ത് സമീപത്ത് കിടന്ന കരിങ്കല്ലെടുത്ത് തലക്കിടിക്കുകയായിരുന്നെന്ന് മാള പോലിസ് പറഞ്ഞു. മാള സി ഐ റോയ്, എസ് ഐമാരായ ഇതിഹാസ് താഹ, മുഹമ്മദ് റാഫി, എ എസ് ഐമാരായ നീല്‍ ഹെക്ടര്‍ ഫെര്‍ണ്ണാണ്ടസ്, ലാല്‍സന്‍, സീനിയര്‍ സി പി ഒമാരായ സി ആര്‍ പ്രദീപ്, സി എ ജോബ്, ഐ ആര്‍ ലിജു, അന്‍വറുദ്ധീന്‍, മിഥുന്‍ ആര്‍ കൃഷ്ണ, സതീഷ്, പി കെ മനോജ്കുമാര്‍ തുടങ്ങിയവരുടെ തീവ്ര അന്വേഷണത്തിനിടയിലാണ് ചൊവ്വാഴ്ച രാത്രി 10 മണിയോടെ വടക്കാഞ്ചേരിയില്‍ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തത്.ഇന്നലെ രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. വിശദമായ ചോദ്യം ചെയ്തതിന് ശേഷം ചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതിയെ ഹാജരാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക