|    Nov 13 Tue, 2018 6:24 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അസം: സമാധാന അന്തരീക്ഷം തകര്‍ക്കരുതെന്ന് രാജ്‌നാഥ്‌സിങ് ; തൃണമൂല്‍ സംഘത്തെ തടഞ്ഞതില്‍ പ്രതിഷേധം

Published : 4th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അസമിലെ ദേശീയ പൗരത്വ പട്ടിക വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ നടത്തിയ പ്രതിഷേധം ശക്തമായതിനിടെ വിഷയത്തില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. എന്‍ആര്‍സി അന്തിമ പട്ടിക തയ്യാറാക്കുമ്പോള്‍ ഒരു തരത്തിലുള്ള വിവേചനവും ഉണ്ടാവില്ലെന്നും മന്ത്രി രാജ്യസഭയ്ക്ക് ഉറപ്പുനല്‍കി. നടപടികള്‍ സുതാര്യമായിരിക്കും. സുപ്രിംകോടതിയുടെ നിര്‍ദേശാനുസരണമാണ് സര്‍ക്കാര്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കുന്നത്.
നടപടികള്‍ എല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ രാജ്‌നാഥ് സിങ് പറഞ്ഞു.
ഇന്ത്യന്‍ പൗരനായ ഒരാളെയും പട്ടികയില്‍നിന്നൊഴിവാക്കില്ല. പട്ടികയ്ക്കു പുറത്തായവര്‍ക്കുമേല്‍ ഒരുതരത്തിലുള്ള ബലപ്രയോഗ നടപടിയും ഉണ്ടാവില്ല. അന്തിമ പട്ടിക തയ്യാറാക്കുമ്പോള്‍ അതില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഫോറിനേഴ്‌സ് ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കാനുള്ള അവസരം ഉണ്ടായിരിക്കും. ഇപ്പോള്‍ നടക്കുന്നത് ആശങ്ക പരത്താനും സാമുദായിക ഐക്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ള വിമര്‍ശനങ്ങളുമാണ്. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും എന്‍ആര്‍സി അന്തിമ പട്ടിക തയ്യാറാക്കുമ്പോള്‍ അപേക്ഷിക്കാന്‍ അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭ ഇന്നലെ ചേര്‍ന്നയുടന്‍ തന്നെ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ ഉള്‍പ്പെട്ട സംഘത്തെ അസമിലെ സില്‍ചാര്‍ വിമാനത്താവളത്തില്‍ പോലിസ് തടഞ്ഞുവച്ചതിനെതിരേ ശക്തമായ പ്രതിഷേധമാണുയര്‍ന്നത്. ചോദ്യോത്തര വേളയില്‍ ഉടനീളം തൃണമൂല്‍ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി നിന്ന് മുദ്രാവാക്യം വിളിച്ചു. ടിഡിപി എംപിമാരും ഇവര്‍ക്കൊപ്പം കൂടി. പ്രതിഷേധം രൂക്ഷമായതോടെ ചോദ്യോത്തരവേള അവസാനിക്കാറായപ്പോള്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ 10 മിനിറ്റ് നേരത്തേക്കു സഭ പിരിച്ചുവിട്ടു.
സഭ വീണ്ടും ചേര്‍ന്നപ്പോള്‍ ശൂന്യവേളയില്‍ തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി എംപിമാരെ വിമാനത്താവളത്തില്‍ പോലിസ് തടഞ്ഞുവച്ച വിഷയം ഉന്നയിച്ചു. ആറ് എംപിമാരും രണ്ട് മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട സംഘത്തെ പോലിസ് വിമാനത്താവളത്തില്‍ തടയുകയും അവരില്‍ ചിലര്‍ക്ക് മര്‍ദനമേറ്റെന്നും അദ്ദേഹം പറഞ്ഞു. വനിതാ എംപിമാര്‍ക്ക് നേരെയും കൈയേറ്റമുണ്ടായെന്നും ബാനര്‍ജി പറഞ്ഞു. പാര്‍ലമെന്റ് അംഗങ്ങളുടെ അവകാശ ലംഘനമാണിതെന്നും ഇത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും തൃണമൂല്‍ എംപി കുറ്റപ്പെടുത്തി. പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചു വലിയ ശക്തിയാവുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഭയപ്പെടുകയാണോ എന്നും ബാനര്‍ജി ചോദിച്ചു.അതിനിടെ, തൃണമൂല്‍ സംഘത്തെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ച വിഷയത്തില്‍ രാജ്‌നാഥ് സിങ് റിപോര്‍ട്ട് തേടിയിട്ടുണ്ടെന്നും അക്കാര്യം ലോക്‌സഭയില്‍ അവതരിപ്പിക്കുമെന്നും പാര്‍ലമെന്ററികാര്യ മന്ത്രി അനന്ദ് കുമാര്‍ പറഞ്ഞു. മാധ്യമങ്ങളില്‍ നിന്നും ഇന്റലിജന്‍സില്‍ നിന്നും ലഭിച്ച റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അസമില്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചതെന്ന് രാജ്‌നാഥ് വിശദീകരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss