|    Dec 13 Thu, 2018 1:13 am
FLASH NEWS
Home   >  Todays Paper  >  page 12  >  

അസം : റിപോര്‍ട്ട് പോലിസിന്റെ അവകാശവാദത്തെ ചോദ്യം ചെയ്യുന്നത്‌ ; നടന്നത് വ്യാജ ഏറ്റുമുട്ടല്‍ – ഐജി

Published : 25th May 2017 | Posted By: fsq

 

ന്യൂഡല്‍ഹി: അസം അതിര്‍ത്തിയില്‍ സൈന്യവും പോലിസും വ്യാജ ഏറ്റുമുട്ടല്‍ നാടകങ്ങള്‍ സംഘടിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി തെളിവുസഹിതം സൈനിക മേധാവിക്ക് പോലിസ് ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ കത്ത്. ഷില്ലോങ് സിആര്‍പിഎഫിലെ ഐജി രജനീഷ് റായി ആണ് ബോഡോ കലാപകാരികളെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ സൈന്യത്തിന്റെയും പോലിസിന്റെയും നടപടികളെക്കുറിച്ച് 13 പേജ് വരുന്ന റിപോര്‍ട്ട് തയ്യാറാക്കി സൈനിക മേധാവിക്ക് കത്തയച്ചത്. അംഗുരി പോലിസ് സ്റ്റേഷനു കീഴിലുള്ള സിംലഗുരിയില്‍ നിരോധിത സംഘടനയായ എന്‍ഡിഎഫ്(ബി) അംഗങ്ങളാണെന്നു സംശയിക്കുന്ന ലുകാസ് നര്‍സാരി എന്ന എന്‍ ലാങ്ഫ, ഡേവിഡ് അയലറി എന്ന ദായൂദ് എന്നിവരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്ന പോലിസിന്റെ അവകാശവാദത്തെ ചോദ്യം ചെയ്യുന്നതാണ് റിപോ ര്‍ട്ട്. രജനീഷ് റായിയുടെ കത്തി ല്‍ ഇത് വ്യാജ ഏറ്റുമുട്ടലാണെന്നു ചൂണ്ടിക്കാട്ടുന്നു. സിആര്‍പിഎഫ്, സശസ്ത്ര സീമാബ ല്‍, അസം പോലിസ്, സംസ്ഥാന ചീഫ് സെക്രട്ടറി എന്നിവര്‍ക്കും കത്തിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്. മേഖലയിലെ ഒരു വീട്ടില്‍ നിന്നു പിടികൂടിയ ഇവരെ സിംലഗുരിയില്‍ വച്ച് പോലിസ് തന്നെ കൊലപ്പെടുത്തിയ ശേഷം അത് ഏറ്റുമുട്ടലായി അവതരിപ്പിക്കുകയായിരുന്നുവെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. രണ്ടു പേരെയും വെടിവച്ചുകൊന്ന ശേഷം മൃതദേഹത്തി ല്‍ ചൈനീസ് നിര്‍മിത തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ വയ്ക്കുകയായിരുന്നു. അതേസമയം, പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന സൈനികര്‍ക്കു നേരെ മൂന്നുനാലു പേരടങ്ങുന്ന സായുധസംഘം വെടിവച്ചെന്നും തിരിച്ചുള്ള വെടിവയ്പിലാണ് രണ്ടു പേരും കൊല്ലപ്പെട്ടതെന്നുമാണ് ഏറ്റുമുട്ടലിനെക്കുറിച്ചുള്ള ഔദ്യോഗിക ഭാഷ്യം. ‘ഏറ്റുമുട്ടല്‍’ നടക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പാണ് സിആര്‍പിഎഫിലെ കോബ്ര യൂനിറ്റ് സിംലഗുരിയിലെത്തിയത്. എന്‍ഡിഎഫ്(ബി) പ്രവര്‍ത്തകര്‍ക്കെതിരേയുള്ള ഏറ്റുമുട്ടലിനു യോജിച്ച സ്ഥലം കണ്ടെത്താനാണ് ഇവര്‍ എത്തിയതെന്നാണ് കത്തില്‍ ഐജി ചൂണ്ടിക്കാട്ടുന്നത്. 210 കോബ്രയുടെ ടീം നമ്പര്‍ 15 ഏറ്റുമുട്ടല്‍ നടത്തിയെന്നാണ് അവകാശവാദം. എന്നാല്‍, ടീമിലെ ചിലരോട് ഇക്കാര്യത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ ആരാഞ്ഞപ്പോള്‍, തങ്ങള്‍ അതില്‍ പങ്കെടുത്തില്ലെന്നാണ് മറുപടി ലഭിച്ചത്. കൊല്ലപ്പെട്ടവരെ തലേദിവസം അവരുടെ വീടുകളില്‍ നിന്നു പിടികൂടിയതാണെന്ന് അവരുടെ ഫോട്ടോ കണ്ട് ഗ്രാമീണര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, അവരുടെ മൊഴികള്‍ ഐജി കത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സാക്ഷികളുടെ സ്വകാര്യത സംരക്ഷിക്കണമെന്നും സ്വതന്ത്ര അന്വേഷണസംഘത്തിനു മുമ്പില്‍ അവരെ ഹാജരാക്കാന്‍ തയ്യാറാണെന്നും രജനീഷ് റായി വ്യക്തമാക്കി. ഇതു വ്യാജ ഏറ്റുമുട്ടലാണെന്നു തെളിയിക്കാന്‍ തന്റെ പക്കല്‍ സാക്ഷികളുണ്ടെന്നും അദ്ദേഹം റിപോര്‍ട്ടില്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss