|    Aug 17 Fri, 2018 8:47 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അസം: രാജ്യസഭ ഇന്നലെയും തടസ്സപ്പെട്ടു

Published : 2nd August 2018 | Posted By: kasim kzm

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: അസം പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തില്‍ രാജ്യസഭ ഇന്നലെയും തടസ്സപ്പെട്ടു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞദിവസം നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭ ഉച്ചയോടെ തന്നെ പിരിഞ്ഞു. അമിത്ഷായുടെ പരാമര്‍ശം സഭാ രേഖകളില്‍ നിന്നു നീക്കംചെയ്യണെമന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു. അനാവശ്യമായ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാമെന്നും കഴിഞ്ഞദിവസം സഭയില്‍ നടന്ന പ്രതിഷേധങ്ങളില്‍ അതൃപ്തി അറിയിച്ച രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യനായിഡു പറഞ്ഞു. എംപിമാര്‍ അനുചിതമായാണ് പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായ്ക്ക് ഇന്നലെ പ്രസംഗം പൂര്‍ത്തീകരിക്കാന്‍ സമയം ലഭിച്ചിട്ടില്ലെന്നും ഇന്ന് വീണ്ടും അവസരം നല്‍കുന്നുവെന്നും രാജ്യസഭാധ്യക്ഷന്‍ പറഞ്ഞു. ഇതോടെ സഭ വീണ്ടും പ്രക്ഷുബ്ധമായി. തുടര്‍ന്ന് സഭ 12 മണിവരെ നിര്‍ത്തിവച്ചു. പിന്നീട് സഭ ചേര്‍ന്ന് രണ്ട് ചോദ്യങ്ങള്‍ പരിഗണിച്ചപ്പോഴേക്കും എന്‍ആര്‍സി ചര്‍ച്ചയ്‌ക്കെടുക്കണമെന്നാവശ്യപ്പെട്ടുള്ള ബഹളത്തില്‍ മുങ്ങി വീണ്ടും സഭ തടസ്സപ്പെട്ടു. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സംസാരിക്കാന്‍ എഴുന്നേറ്റതോടെ പ്രതിപക്ഷകക്ഷികള്‍ കൂടുതല്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കോണ്‍ഗ്രസ് എംപി അദീര്‍ രഞ്ജന്‍ ചൗധരി ഇന്നലെ എന്‍ആര്‍സി വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.
വാണിജ്യ കോടതികളുടെയും ഹൈക്കോടതിയിലെ വാണിജ്യ തര്‍ക്ക വിഭാഗത്തിന്റെയും ഭേദഗതി ബില്ല് ലോക്‌സഭ പാസാക്കി. ശബ്ദവോട്ടോടെയാണ് ബില്ല് പാസാക്കിയത്. 2017ല്‍ 34 ജഡ്ജിമാരെ നിയമിച്ചെന്ന് ബില്ല് സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. എന്നാല്‍ ഈ ബില്ല് ഗുരുതരമായ ഭവിഷ്യത്തുകള്‍ ഉണ്ടാക്കുമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ പറഞ്ഞു. വാണിജ്യസംബന്ധമായ തര്‍ക്കങ്ങള്‍ക്ക് ഇതര സ്വഭാവത്തിലുള്ള സിവില്‍, ക്രിമിനല്‍ കേസുകളേക്കാള്‍ പരിഗണന നല്‍കുന്നത് സ്വഭാവിക നീതിയുടെ ലംഘനമാന്നെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss